തിരുവനന്തപുരം: കാരണവർ വധക്കേസിലെ പ്രതി ഷെറിൻ അടക്കം 5 തടവുകാരുടെ മോചനത്തിനുള്ള മന്ത്രിസഭയുടെ ശുപാർശ തള്ളിയിട്ടില്ലെന്നും വിവരങ്ങളുടെ സംക്ഷിപ്ത വിവരണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും രാജ്ഭവൻ. വിവരങ്ങൾ പ്രൊഫോർമയായി നൽകാനാണ് സർക്കാരിനോട് നിർദ്ദേശിച്ചത്.
കുറ്റകൃത്യമെന്ത്,ശിക്ഷ,അനുവദിച്ച പരോൾ,ജയിൽ ഉപദേശക സമിതിയുടെയും പൊലീസ്-ജയിൽ അധികൃതരുടെയും റിപ്പോർട്ടിലെ ശുപാർശ, ഇരയുടെ ബന്ധുക്കളുടെ അഭിപ്രായം,വീണ്ടും കുറ്റകൃത്യം നടത്താനുള്ള സാദ്ധ്യത എന്നിങ്ങനെ വിവരങ്ങളടങ്ങിയതാവണം പ്രൊഫോർമ. ഇത് തയ്യാറാക്കാനായി 5 ശുപാർശാ ഫയലുകളും സർക്കാരിന് നൽകി.
മന്ത്രിസഭയുടെ ശുപാർശ പ്രകാരമാവണം ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് പേരറിവാളൻ കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്. എന്നാൽ പല തടവുകാരുടെയും മോചനത്തെ എതിർത്ത പൊലീസ്,ജയിൽ റിപ്പോർട്ടുകൾ മറികടന്നാണ് ജയിൽ ഉപദേശക സമിതി അനുകൂല ശുപാർശ നൽകിയത്. ഇക്കാര്യങ്ങളിൽ സൂക്ഷ്മപരിശോധന നടത്താനാണ് വിവരങ്ങൾ സംക്ഷിപ്തമായി നൽകാൻ ഗവർണർ ആവശ്യപ്പെട്ടത്. സർക്കാർ ഇത് നൽകിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |