#സാമൂഹ്യനീതിവകുപ്പിന്റെ ആദ്യ ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ കൊച്ചിയിൽ
തിരുവനന്തപുരം: അതു വരെ അണിഞ്ഞുനടന്ന വേഷങ്ങൾക്കപ്പുറം ഇതല്ല താനെന്ന് പ്രഖ്യാപിക്കുന്നതോടെ ഒറ്റപ്പെടുന്ന ട്രാൻസ്‌ജെൻഡറുകൾ ഇനി കണ്ണീരോടെ അലയേണ്ടതില്ല. അവർക്ക് കരുത്തേകാൻ സാമൂഹ്യനീതി വകുപ്പിന്റെ തണലിടം ഒരുങ്ങിക്കഴിഞ്ഞു. ആദ്യത്തെ ക്രൈസിസ് ഇന്റർവെൻഷൻ കൊച്ചി കാക്കനാട് യാഥാർത്ഥ്യമായി.
ലൈംഗികാതിക്രമങ്ങൾ, ഗാർഹിക പീഡനം, വിവേചനം, ശാരീരിക അതിക്രമങ്ങൾ, മാനസിക പീഡനം എന്നിവ നേരിടുന്ന ട്രാൻസ്ജെൻഡറുകൾക്ക് സെന്ററിന്റെ സഹായം തേടാം. ഇവർക്ക് കൗൺസലിംഗിലൂടെ മാനസിക പിന്തുണ, വൈദ്യസഹായം, നിയമ സഹായം എന്നിവ നൽകും. താത്കാലികമായി താമസ സൗകര്യവും ഒരുക്കും.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സാമൂഹ്യ പിന്തുണ കുറവായ സാഹചര്യത്തിലാണ് വകുപ്പിന്റെ പുതിയ ഉദ്യമം. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹ്യ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി വെല്ലുവിളികളെ നേരിടാൻ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും ഇവിടെയുണ്ട്. സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിച്ചു.പൊലീസ്, കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി, ആരോഗ്യ വകുപ്പ്, തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സെന്ററിന്റെ പ്രവർത്തനം. ട്രാൻസ്ജെൻഡറുകാർക്കാണ് സെന്ററിന്റെ പ്രവർത്തന മേൽനോട്ടവും. സഹായം ആവശ്യമുള്ള ഘട്ടത്തിൽ സംസ്ഥാനത്ത് എവിടെ നിന്നും ട്രാൻസ്ജെൻഡറുകൾക്ക് സെന്ററിലെത്താം.
'ട്രാൻസ്ജെൻഡറുകൾക്ക് പ്രതിസന്ധികളിൽ കൈത്താങ്ങാവാൻ ആരംഭിച്ച സെന്റർ ഇന്ത്യയിൽ ആദ്യത്തേതാണ്. ഏത് പ്രതിസന്ധിഘട്ടത്തിലും ട്രാൻസ്ജെൻഡറുകൾക്ക് സെന്ററിന്റെ സേവനം ഉറപ്പാക്കും."
-ഡോ.അരുൺ എസ്.നായർ
ഡയറക്‌ടർ, സാമൂഹ്യനീതി വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |