കൊച്ചി: 350 കോടിയോളം രൂപ നീക്കിയിരിപ്പുള്ള എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിൽ സംസ്ഥാന സർക്കാരിന്റെ ഓഡിറ്റിംഗ് ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് സർവകലാശാലാ സിൻഡിക്കേറ്റിലെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി . ഇത്രയും തുക കൈവശമുള്ള സ്ഥാപനത്തിൽ ഓഡിറ്റിംഗ് അവസാനിപ്പിക്കാൻ നടത്തിയ ശ്രമത്തിനു പിന്നിൽ ദുരൂഹത സംശയിക്കുന്നു.
ഇത്രയും തുക നീക്കിയിരിപ്പുള്ള മറ്റൊരു സർവകലാശാലയും കേരളത്തിലില്ല. ഈ ശുപാർശ അനുവദിക്കാനാവില്ലെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് സർവകലാശാലയെ അറിയിച്ചു.
മുൻ എം.പി. ഡോ. പി.കെ.ബിജു അംഗമായ
കമ്മിറ്റിയുടെ ശുപാർശ സർവകലാശാല അധികൃതർ ഓഡിറ്റ് വകുപ്പിന് അയച്ചിരുന്നു. അവർ അത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനും (സി.എ.ജി) കൈമാറിയിരുന്നു.
കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ഓഡിറ്റിംഗ് സംസ്ഥാന ഓഡിറ്റ് വകുപ്പിൽ നിക്ഷിപ്തമാണെന്നും ഓഡിറ്ററെ സർക്കാരാണ് നിയമിക്കുന്നതെന്നും ധനകാര്യ അണ്ടർ സെക്രട്ടറി എൽസി ജോർജ് കഴിഞ്ഞ ദിവസം സർവകലാശാല രജിസ്ട്രാർക്ക് അയച്ച കത്തിൽ പറയുന്നു.
അഫിലിയേഷനും പരീക്ഷാ
നടത്തിപ്പും മാത്രം
1. അഫിലിയേഷൻ നൽകലും പരീക്ഷാ നടത്തിപ്പും ഒഴികെ കാര്യമായ ഒരു പ്രവർത്തനവും സാങ്കേതിക സർവകലാശാലയിലില്ല. മറ്റു സർവകലാശാലകളിൽ വിപുലമായ ക്യാമ്പസുകളും പഠന വിഭാഗങ്ങളുമുണ്ട്. ഇവിടെ പേരിനുവേണ്ടി അറുപതു പേർക്ക് പ്രവേശനം നൽകുന്ന എം.ടെക് കോഴ്സ് മാത്രം.
2. അറുപതോളം സ്ഥിരം ജീവനക്കാരുടെയും അത്രതന്നെ കരാർ ജീവനക്കാരുടെയും ശമ്പളവും മാസം 90 ലക്ഷത്തോളം രൂപയുടെ സോഫ്റ്റ് വെയർ മെയിന്റനൻസ് ചെലവും മാത്രമാണ് പ്രധാനമായും ഉള്ളത്.
3. വൈസ് ചാൻസലർ, പ്രോ വി.സി, രജിസ്ട്രാർ, കൺട്രോളർ ഒഫ് എക്സാമിനേഷൻ, റിസർച്ച് ഡീൻ തുടങ്ങിയ പദവികളിൽ എല്ലാവരും താത്കാലികക്കാരാണ്. തിരുവനന്തപുരത്തെ കോളേജ് ഒഫ് എൻജിനിയറിംഗ് വളപ്പിലെ ആസ്ഥാനം പോലും താത്കാലികമാണ്. സ്വന്തം കെട്ടിടമോ മറ്റ് സംവിധാനങ്ങളോ ഇല്ല.
``വൻസാമ്പത്തിക വെട്ടിപ്പിന് വഴിയൊരുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓഡിറ്റിംഗ് ഒഴിവാക്കാനുള്ള ശ്രമം. 15 ലക്ഷം വരെ ടി.എ വാങ്ങുന്ന സിൻഡിക്കേറ്റ് അംഗങ്ങൾ സാങ്കേതിക സർവകലാശാലയിലുണ്ട്. ഇനിയും ഇത്തരം നീക്കമുണ്ടാകും.''
-ആർ. എസ്. ശശികുമാർ
സേവ് യൂണിവേഴ്സിറ്റി ഫോറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |