ഇന്ത്യയുടെ നാഡിഞരമ്പാണ് ഗ്രാമങ്ങൾ. ഒറ്റപ്പെട്ടതും അല്ലാത്തതുമായ നിരവധി ഗ്രാമങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അതിൽ ജനവാസമുള്ളതുമുണ്ട് ഇല്ലാത്തതുമുണ്ട്. ഇതൊന്നുമല്ലാത്ത വിധത്തിൽ വേറിട്ട് നിൽക്കുന്ന ഒരു ഗ്രാമത്തെകുറിച്ചാണ് പറയുന്നത്. ഇവിടേക്ക് റോഡ് മാർഗം പോകാൻ കഴിയില്ല. അസമിലെ നൽബാരി ജില്ലയിലെ ഘോഗ്രപാര സർക്കിളിൽ, നമ്പർ 2 ബർധനാരയിലാണ് ഈ ഒറ്റപ്പെട്ട ഗ്രാമം സ്ഥിതിചെയ്യുന്നത്. നൽബാരിയിലെ മെഡിക്കൽ കോളേജിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് ബർധനാര, പക്ഷേ നഗരവുമായി ബന്ധിപ്പിക്കുന്ന റോഡുകളില്ലാത്തതിനാൽ അവിടെയെത്തുക ദുഷ്കരമാണ് .
ഇന്ത്യയിലെ ഏറ്റവും ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ ഒന്നാണ് ബർധനാര, ഇവിടെ ഒരൊറ്റ കുടുംബം മാത്രമെ താമസിക്കുന്നുള്ളൂ. വിചിത്രമെന്നു തോന്നാമെങ്കിലും ഇതാണ് അസമിലെ ഈ ഗ്രാമത്തിന്റെ യാഥാർത്ഥ്യം. ഗ്രാമത്തിൽ താമസിക്കുന്ന ഒരേയൊരു കുടുംബം ബിമൽ ദേകയുടേതാണ്. ചെളി, തട്ട്, മുള, മരം, ടാർപോളിൻ എന്നിവ കൊണ്ട് നിർമ്മിച്ച ഒരു 'കച്ച' വീട്ടിലാണ് കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷമായി, അദ്ദേഹവും ഭാര്യ അനിമയും അവരുടെ മൂന്ന് കുട്ടികളായ നരേൻ, ദിപാലി, സ്യൂട്ടി എന്നിവർ താമസിക്കുന്നത്. ദേകയുടെ ഇളയമകൻ സ്യൂട്ടി സ്കൂളിൽ പഠിക്കുന്നു, ദിപാലിയും നരേനും ബിരുദം നേടിയവരാണ്. വൈദ്യുതി ഇല്ലാത്തതിനാൽ കുട്ടികൾ മണ്ണെണ്ണ വിളക്കുകൾ ഉപയോഗിച്ചാണ് പഠിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ വളരെ അഭിവൃദ്ധി പ്രാപിച്ച ഒരു ഗ്രാമമായിരുന്നു ബർധനാര. എന്നാൽ 2011 ലെ സെൻസസ് പ്രകാരം 16 പേർ മാത്രമേ ബർധനാരയിൽ ശേഷിച്ചിരുന്നുള്ളൂ. നിലവിൽ ബിമൽ ദേകയുടേ കുടുംബം മാത്രമേയുള്ളൂ.
പലപ്പോഴും കാലാവസ്ഥ വളരെ കഠിനമാകും, മഴ പെയ്യുമ്പോൾ, കുടുംബത്തിന്റെ ഏക ഗതാഗത മാർഗം ബോട്ടാണ്. കാരണം മഴ പെയ്യുമ്പോൾ ഗ്രാമത്തിലെ എല്ലാ വഴികളും വെള്ളത്തിനടിയിലാകും. 162 ഹെക്ടർ വിസ്തൃതിയുള്ള ഈ ഗ്രാമം ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് നല്ല സ്ഥിതിയിലായിരുന്നു. അന്നൊക്കെ ഈ പ്രദേശത്തിന്റെ അവസ്ഥ അത്ര ദയനീയമായിരുന്നില്ല എന്നാണ് അയൽഗ്രാമങ്ങളിലുള്ളവർ അഭിപ്രായപ്പെട്ടത്. 'ഗ്രാമ്യ വികാസ് മഞ്ച' എന്ന എൻജിഒ ഗ്രാമത്തിൽ ഒരു കാർഷിക ഫാം സ്ഥാപിച്ചിട്ടുണ്ട്. ഇത് കുടുംബത്തിന് ആവശ്യമായ പിന്തുണയും പുറത്ത് നിന്നുള്ള ഇടപെടലും നൽകുന്നു. റോഡ് നിർമ്മാണത്തിന്റെ പ്രായോഗികത വിലയിരുത്തുന്നതിനായി എഞ്ചിനീയർമാർ നിരവധി തവണ ഗ്രാമം സന്ദർശിച്ചിരുന്നുവെങ്കിലും ഇതുവരെ ഒരു പുരോഗതിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. അവശ്യവസ്തുക്കൾ ലഭിക്കുന്നതിന് കുടുംബം ഇപ്പോഴും വലയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |