കോന്നി : ജില്ലയുടെ കിഴക്കൻ മലയോരങ്ങളിൽ തേക്കിനും മഹാഗണിക്കും പിന്നാലെ പണം തരുന്ന മരമെന്ന വിശേഷണത്തോടെ നട്ടുവളർത്തുകയാണ് മലവേപ്പ്. കോന്നി, മലയാലപ്പുഴ, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ പഞ്ചായത്തുകളിലെ പല കൃഷിയിടങ്ങളിലും മലവേപ്പ് വളരുന്നുണ്ട്.
പെട്ടെന്ന് വളർന്ന് മുറിച്ചുവിൽക്കാനുള്ള പാകമെത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ കുറഞ്ഞ കാലയളവിൽ കർഷകന് മികച്ചവരുമാനം കിട്ടുന്നു. മലവേപ്പ്, കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നൊക്കെ ഈ മരം അറിയപ്പെടുന്നു. മിലിയ ഡുബിയ എന്നതാണ് ശാസ്ത്രനാമം. തേക്ക്, മഹാഗണി പോലുള്ള മരങ്ങൾ വളർന്ന് പാകമെത്താൻ വർഷങ്ങളെടുക്കുമ്പോൾ നാലോ അഞ്ചോ വർഷംകൊണ്ട് മുറിച്ചെടുക്കാവുന്ന വലുപ്പത്തിലെത്തുമെന്നതാണ് മലവേപ്പിന്റെ ആകർഷണീയത. മുൻപ് പല കർഷകരും അൽപ്പീസ മരങ്ങൾ ഈ രീതിയിൽ വളർത്തിയിരുന്നു. റബറിന്റെ വിലയിടിവും കാട്ടുപന്നികൾ വിളകൾ നശിപ്പിക്കുന്നതും മലവേപ്പ് കൃഷിയിലേക്ക് തിരിയാൻ കർഷകരെ പ്രേരിപ്പിക്കുന്നു.
വേപ്പിന്റെ കുടുംബത്തിൽപ്പെട്ട ഈ മരം പശ്ചിമഘട്ടത്തിലും മറ്റു ചെറിയ വനപ്രദേശങ്ങളിലും ധാരാളമായി കാണുന്നു. ചിതൽ പോലുള്ള ഉപദ്രവങ്ങൾ ഇതിനെ ബാധിക്കുന്നില്ല. ഏതു തരം മണ്ണിലും വളരുമെന്നതാണ് മറ്റൊരു പ്രത്യേകത. ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ പ്ലാന്റേഷൻ രൂപത്തിൽ മലവേപ്പിന്റെ കൃഷി വ്യാപകമാണ്. ഏഴു വർഷം കൊണ്ട് 40 അടിയിലേറെ ഉയരവും നാല് അടിയിലധികം വണ്ണവും വയ്ക്കും. നട്ടുകഴിഞ്ഞ് ആറുവർഷം കൊണ്ട് വിളവെടുത്തു തുടങ്ങാനാകും. വിത്തുകൾ പാകിയാണ് തൈകൾ മുളപ്പിക്കുന്നത്. പ്ലൈവുഡിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
റബറിന്റെ വിലയിടിവാണ് മലവേപ്പ് കൃഷിയിലേക്ക് തിരിയാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. കമലഹാസൻ (മലവേപ്പ് കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |