അവിശ്വസത്തെ അനുകൂലിച്ചത് 8 എൽ.ഡി.എഫ്, 3 കോൺഗ്രസ് അംഗങ്ങൾ
വിപ്പ് ലംഘിച്ച കോൺഗ്രസ് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി ഡി.സി.സി.
ഡി.സി.സി സെക്രട്ടറി പി.മാധവന് കാരണം കാണിക്കൽ നോട്ടീസ്
മേയ് 30ന് മുമ്പ് പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
മുതലമട: ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ 8 എൽ.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. മൂന്നുവർഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണ് പാസായത്. അവിശ്വാസത്തിൽ പങ്കെടുക്കരുതെന്ന ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ചാണ് കോൺഗ്രസിന്റെ മൂന്ന് അംഗങ്ങൾ വോട്ട് ചെയ്തത്. ഇവരുൾപ്പെടെ 11 പേർ അവിശ്വാസത്തിനു അനുകൂലമായി വോട്ട് ചെയ്തു. ആകെ ഒമ്പത് അംഗങ്ങൾ വിട്ടു നിന്നു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജാസ്മിൻഷേക്ക്, അംഗങ്ങളായ സി.വിനേഷ്, വി.രതീഷ് കുമാർ എന്നിവരാണ് അവിശ്വാസത്തെ അനുകൂലിച്ച കോൺഗ്രസ് അംഗങ്ങൾ. ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ അറിയിച്ചു. കൂടാതെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് വിപ്പ് ലംഘിച്ചവരെ പിന്തുണച്ചതിന്റെ പേരിൽ ഡി.സി.സി ജനറൽ സെക്രട്ടറിയായ പി.മാധവന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും എ.തങ്കപ്പൻ അറിയിച്ചു. ആറ് കോൺഗ്രസ് അംഗങ്ങളിൽ മൂന്നുപേരും ബി.ജെ.പി അംഗങ്ങളും പാർട്ടി വിപ്പ് അനുസരിച്ച് അവിശ്വാസപ്രമേയത്തിൽ നിന്ന് വിട്ടു നിന്നു. മൂന്നു സ്വതന്ത്രന്മാരും അവിശ്വാസത്തിൽ പങ്കെടുത്തില്ല. ആർ.അലൈരാജാണ് അവിശ്വാസ പ്രമേയം എൽ.ഡി.എഫ് അംഗം അവതരിപ്പിച്ചത്. കൊല്ലങ്കോട് ബ്ലോക്ക് സെക്രട്ടറി ഷെറീഫുദ്ദീൻ വരണാധികാരിയായി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫിന്റെ ഒരംഗത്തിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് സ്വതന്ത്രരായ മത്സരിച്ച പി.കല്പനാദേവിയും എം.താജുദീനും 2023ൽ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ ആയിരുന്നു എൽ.ഡി.എഫിന് ഭരണം നഷ്ടമായത്. തുടർന്ന് കോൺഗ്രസ് പിന്തുണയോടെ ഇരുവരും പ്രസിഡന്റും വൈസ് പ്രസിഡന്റും ആയി. എന്നാൽ ഭരണസമിതി എടുക്കുന്ന പല തീരുമാനങ്ങളും കോൺഗ്രസ് അംഗങ്ങൾ തന്നെ എതിർത്തിരുന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു ഈ അവിശ്വസ പ്രമേയമെന്നാണ് സൂചന. അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്ന് ഈ മാസം 30നകം പുതിയ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മൂന്ന് അംഗങ്ങളിൽ ഒരാൾ വൈസ് പ്രസിഡന്റ് ആവുമെന്നും പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് തിരിച്ച് പിടിക്കുമെന്നും അഭ്യൂഹമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |