*ഏറെയും അനധികൃതം
മേപ്പാടി: വയനാട്ടിൽ അനധികൃത ടൂറിസം കേന്ദ്രങ്ങളും റിസോർട്ട് ഹോംസ്റ്റേകളും സജ്ജീവമാകുന്നു. ചെറുതും വലുതുമായി 600 ഓളം റിസോർട്ട് ഹോംസ്റ്റേകളാണ് മേപ്പാടി പഞ്ചായത്തിൽ മാത്രം പ്രവർത്തിക്കുന്നത്. ഇതിൽ കൂടുതലും വെള്ളരിമല വില്ലേജ് പരിധിയിൽ. റെഡ് സോണിൽ ഉൾപ്പെട്ട പരിസ്ഥിതി ദുർബല പ്രദേശത്ത് പോലും യാതൊരുവിധ നിയന്ത്രണവുമില്ലാതെയാണ് ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നൂറിൽ താഴെ സ്ഥാപനങ്ങൾ മാത്രമാണ് ലൈസൻസോടെ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന റിസോർട്ട് ഹോംസ്റ്റേകളും നിരവധിയുണ്ട്. പഞ്ചായത്ത് ലൈസൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ലൈസൻസ് ലഭിക്കാറില്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പൊലീസും പഞ്ചായത്തും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. 900 കണ്ടിയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ രണ്ടെണ്ണത്തിന് മാത്രമാണ് പഞ്ചായത്ത് ലൈസൻസ് ഉള്ളത്. 2019ൽ പുത്തുമല ഉരുൾപൊട്ടൽ ഉണ്ടായതോടെ കള്ളാടി 900 കണ്ടി മേഖല റെഡ്‌സോണിൽ ഉൾപ്പെട്ടിരുന്നു. അതോടെ ഈ മേഖലയിൽ പഞ്ചായത്ത് ലൈസൻസ് അനുവദിച്ചിരുന്നില്ല. എന്നാൽ നിലവിൽ അമ്പതോളം റിസോർട്ട് ഹോംസ്റ്റേകളാണ് 900 കണ്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. റെഡ്‌സോണിൽ ഉൾപ്പെട്ട പ്രദേശമല്ല എന്നരേഖയാണ് ലൈസൻസിനായി അപേക്ഷിക്കുമ്പോൾ ആദ്യം സമർപ്പിക്കേണ്ടത്. പിന്നീട് പൊലീസ് ക്ലിയറൻസ്, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് എന്നിവയും ഹാജരാക്കണം. ഇവ ഭൂരിഭാഗം സ്ഥാപനങ്ങൾക്കും കിട്ടാറില്ല. അതിനാൽ പഞ്ചായത്ത് ലൈസൻസ് അനുവദിക്കുകയുമില്ല. ലൈസൻസ് അനുവദിച്ചില്ലെങ്കിലും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറാകാറില്ല. പരാതികൾ ലഭിക്കാത്തതിനാൽ നടപടി സ്വീകരിക്കാൻ ആവില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്.
സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി,ചെമ്പ്രമല, കാന്തൻപാറ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ മേപ്പാടിയുടെ അടുത്ത പ്രദേശങ്ങളിലാണ്. അതിനാൽ വിനോദ സഞ്ചാരികൾ കൂടുതലായും ആശ്രയിക്കുന്നത് ഈ പ്രദേശത്തെ റിസോർട്ടുകളെയും ഹോംസ്റ്റേകളെയുമാണ്. കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് പുറമെ കെട്ടി ഉണ്ടാക്കിയ ഷെഡുകളും ടെൻഡുകളുമാണ് വിനോദ സഞ്ചാരികൾക്ക് നൽകുന്നത്. വീട് ഹോംസ്റ്റേയാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നിരവധിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |