പത്തനംതിട്ട : വന്യമൃഗശല്യം രൂക്ഷമായതിനാൽ കൃഷി ഭൂമിയിൽ നിന്ന് കയറുകയാണ് ഊരിന്റെ മക്കൾ. ആദിവാസി ഉന്നതികളിൽ കൃഷി ഉപജീവനമാക്കുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. പകരം ആട്, കോഴി, പശു, പോത്ത് വളർത്തൽ എന്നിവയാണ് ഉന്നതികളിലെ ഇപ്പോഴത്തെ പ്രധാന വരുമാന മാർഗം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള സംഘകൃഷി ഗ്രൂപ്പുകളായിരുന്നു ഉന്നതികളിലെ പ്രധാന കൃഷിക്കാർ. നാല് പേരടങ്ങിയ ചെറിയ സംഘങ്ങളാണിത്.
ഉന്നതികളേറെയും വനത്തിന് സമീപമായതിനാൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്. വന്യമൃഗങ്ങൾ ജീവനും സ്വത്തിനും ഭീഷണിയായതോടെ ഊരുവാസികൾ ചുവടുമാറ്റം നടത്തുകയായിരുന്നു.
ജില്ലയിൽ ആകെ 40 ആദിവാസി ഉന്നതികളാണുള്ളത്. ഇവിടെ 46 സംഘകൃഷി ഗ്രൂപ്പുകളുണ്ട്. ഇതിൽ 11 സംഘങ്ങൾ മാത്രമാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. കപ്പയും ഏത്തവാഴയുമാണ് പ്രധാന കൃഷി. അയൽക്കൂട്ടങ്ങൾ വഴിയാണ് ഉന്നതികൾക്കാവശ്യമായ സഹായം കുടുംബശ്രീ ചെയ്യുന്നത്.
കോഴിയും കാലിയും വളർത്തൽ
കാർഷിക മേഖല നഷ്ടമായതോടെ ആദിവാസി ഉന്നതികളുടെ പ്രധാന വരുമാന മാർഗം കോഴി - കന്നുകാലിക വളർത്തലായി മാറി.
കുടുംബശ്രീ ജില്ലാമിഷൻ വഴി കൂടും കോഴിക്കുഞ്ഞുങ്ങളേയും നൽകുന്നുണ്ട്. കന്നുകാലികളെ വാങ്ങാനായി മറ്റും മുപ്പതിനായിരം രൂപ തിരികെ നൽകേണ്ടാത്ത വായ്പയും നൽകുന്നുണ്ട്. 36 ഉന്നതികൾ കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്നു. അട്ടത്തോട്, നാറാണമൂഴി, കൈതത്തോട്, ആവണിപ്പാറ എന്നിവിടങ്ങളിലാണ് കൂടുതലായി ആദിവാസി ഉന്നതികളുള്ളത്. വന്യമൃഗശല്യം കാരണം വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോകുന്നവരും കുറഞ്ഞു.
ജില്ലയിൽ ആകെ 46 സംഘകൃഷി ഗ്രൂപ്പുകൾ,
കൃഷി ചെയ്യുന്നത് 25 ഹെക്ടറിൽ 11 സംഘ കൃഷി ഗ്രൂപ്പുകൾ മാത്രം.
ആദിവാസി ഉന്നതികളിൽ 62 അയൽക്കൂട്ടങ്ങൾ പ്രവർത്തിയ്ക്കുന്നു.
ആദിവാസി ഉന്നതികൾക്കാവശ്യമായ കൃഷി വിത്തുകളും കോഴി, കോഴിക്കൂട്, കന്നുകാലികൾ എന്നിവയേയും കുടുംബശ്രീ നൽകുന്നു. തിരികെ അടയ്ക്കാത്ത വായ്പാ സൗകര്യവുമുണ്ട്.
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |