ആറ്റിങ്ങൽ: ജലഗതാഗത വിനോദസഞ്ചാര മേഖലയിൽ അനന്ത സാദ്ധ്യതകളുള്ള കഠിനംകുളം കായലോരം ടൂറിസം പദ്ധതി പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. കഠിനംകുളം മുതൽ വക്കം അകത്തുമുറി വരെയുള്ള ഉൾനാടൻ ജലഗതാഗത പദ്ധതിയാണ് രൂപകല്പന ചെയ്തത്. ആസൂത്രണത്തിലെ പിഴവും യാത്രാപ്രശ്‌നങ്ങൾ മുൻകൂട്ടിക്കാണാതിരുന്നതും പദ്ധതിയെ പാതിവഴിയിലാക്കി. ചിറയിൻകീഴ്, വർക്കല താലൂക്കുകളുടെ വിനോദസഞ്ചാര രംഗത്തേറെ പ്രതീക്ഷകളുയർത്തിയ ജലഗതാഗത പദ്ധതിയായിരുന്നു ഇത്. വിദേശസഞ്ചാരികളെക്കാൾ ആഭ്യന്തരസഞ്ചാരികളെ ലക്ഷ്യമാക്കി പദ്ധതി നടപ്പിലാക്കാൻ തുടങ്ങി. കൊല്ലമ്പുഴയിൽ ബോട്ട് ജട്ടിയും യാത്രക്കാർക്ക് വിശ്രമിക്കാൻ കെട്ടിടവും ഒരുക്കി. മറ്റ് കാര്യമായ നിർമ്മാണപ്രവർത്തനങ്ങൾ നടന്നിട്ടില്ല. പദ്ധതി നടപ്പായാൽ പ്രാദേശികമായി വികസനസാദ്ധ്യതകളേറെയാണ്. കഠിനംകുളം,മുതലപ്പൊഴി,പുളിമൂട്ടിൽക്കടവ്,അഞ്ചുതെങ്ങ് കോട്ട,കൊല്ലമ്പുഴ കടവ്, കോയിക്കൽ കൊട്ടാരം,പൊന്നുംതുരുത്ത്,അകത്തുമുറി പാലം എന്നിവിടങ്ങളിലെ വികസനവും അനേകം തൊഴിൽ സാദ്ധ്യതകളും തുറക്കുമായിരുന്നു.
പാളിച്ചകൾ ഏറെ
കഠിനംകുളം കായലിൽ നിന്നുള്ള യാത്രാബോട്ടുകൾക്ക് അഞ്ചുതെങ്ങ്-മീരാൻകടവ് പാലംകടന്ന് പോകാനാകില്ല. ചെറിയ ബോട്ടുകൾക്ക് മാത്രമേ ഈ പാലക്ക് തടസമാകുന്നത്. ഇത് മുൻകൂട്ടിക്കാണാൻ അധികൃതർക്കായില്ല. എന്നാൽ അടുത്തിടെ മീരാൻകടവിലെ പഴയപാലം പൊളിച്ചുനീക്കി. പുളിമൂട്ടിൽകടവ് കേന്ദ്രീകരിച്ച് കഠിനംകുളത്തേക്ക് ചെറിയബോട്ടുകളുടെ സർവീസ് ഇടയ്ക്ക് ആരംഭിച്ചെങ്കിലും അതും നിലച്ചു.
സഞ്ചാരം ഇങ്ങനെ
കഠിനംകുളത്തു നിന്നാരംഭിക്കുന്ന ബോട്ട് യാത്ര മുതലപ്പൊഴിയുടെ സൗന്ദര്യം നുകർന്ന് വാമനപുരം നദിയിലേക്കും പിന്നീട്
പുളിമൂട്ടിൽക്കടവ് വഴി കൊല്ലമ്പുഴ കടവിലേക്ക്. അഞ്ചുതെങ്ങ് കായലിലൂടെ അഞ്ചുതെങ്ങ് കോട്ടയും അകത്തുമുറി പൊന്നുംതുരുത്തെന്ന വിസ്മയ ദ്വീപും ചുറ്റി അകത്തുമുറിയിലെത്തും. അവിടെനിന്ന് ഇതേറൂട്ടിൽ തിരിച്ചും ഇതാണ് പദ്ധതി.
സാദ്ധ്യതകൾ ഏറെ
കൊല്ലമ്പുഴയിൽ പാർക്കും വിനോദസഞ്ചാരവകുപ്പ് നിർമ്മിച്ചിരുന്നു. പാർക്ക് നവീകരിച്ച് നഗരസഭയ്ക്ക് നൽകി. ആറ്റിങ്ങൽ കൊട്ടാരവും ക്ഷേത്രങ്ങളും കൊല്ലമ്പുഴ കടവും ഉൾപ്പെടുത്തി ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കടവിനോടു ചേർന്ന് ആറ്റിങ്ങൽ കലാപസ്മാരകവും സ്ഥാപിക്കാനാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |