ആലപ്പുഴ: പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന മുൻമന്ത്രി ജി.സുധാകരന്റെ പ്രസ്താവനയെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ആലപ്പുഴ സൗത്ത് പൊലീസിന് നിർദ്ദേശം നൽകിയെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. നടപടി ക്രമങ്ങളുടെ ഭാഗമായാണ് സുധാകരന്റെ മൊഴിയെടുത്തതെന്നും, വിശദമായ അന്വേഷണം പൊലീസ് നടത്തുമെന്നുംലാ കളക്ടർ വ്യക്തമാക്കി. 36 വർഷം മുമ്പ് നടന്ന സംഭവത്തിൽ തെളിവായി രേഖകളൊന്നും ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ സൗത്ത് പൊലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി. ഉപദേശം ലഭിക്കുന്ന മുറയ്ക്കാവും നടപടികളുമായി മുന്നോട്ട് നീങ്ങുകയെന്ന് സി.ഐ കെ.ശ്രീജിത്ത് പറഞ്ഞു.
സി.പി.എമ്മിന്റെ ജീർണത സുധാകരൻതുറന്നുകാട്ടി
വൈകിയ വേളയിലെങ്കിലും സി.പി.എമ്മിന്റെ ജനാധിപത്യ - നിയമവിരുദ്ധ പ്രവർത്തനം തുറന്നു കാട്ടിയ ജി. സുധാകരനെ അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയുടെ ഭാഗമായുള്ള തുറന്നു പറച്ചിലാണ് സുധാകരൻ നടത്തിയത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടും സ്വാഗതാർഹമാണ്. എതിരാളികളെ ആക്രമിക്കുകയും കൊല്ലുകയും മാത്രമല്ല, ജനാധിപത്യത്തെയും സി.പി.എം അട്ടിമറിച്ചിട്ടുണ്ടെന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കണ്ണൂരിലുൾപ്പെടെ സി.പി.എം വ്യാപകമായി ബൂത്തുകൾ പിടിച്ചെടുക്കുകയും കള്ളവോട്ടിടുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ കോൺഗ്രസും യു.ഡി.എഫും പലതവണ ചൂണ്ടിക്കാട്ടിയതാണെന്നും സതീശൻ പറഞ്ഞു.
ജനവിധി അട്ടിമറിക്ക് തെളിവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
മുൻമന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തൽ കാലാകാലങ്ങളായി ജനവിധി അട്ടിമറിക്കുന്നതിന് ഇടതുമുന്നണി നടത്തുന്ന ശ്രമങ്ങൾക്ക് തെളിവാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഭരണ സ്വാധീനം ഉപയോഗിച്ച് എൻ.ജി.ഒ.യൂണിയൻ പോലുള്ള മാർക്സിസ്റ്റ് സർവീസ് സംഘടനകൾ വോട്ട് രേഖപ്പെടുത്താൻ പോലും ജീവനക്കാരെ അനുവദിക്കാതെ കൈക്കലാക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള ശ്രമം എല്ലാ തിരഞ്ഞെടുപ്പുകളിലും ഇവർ നടത്തിവരുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്.കോവിഡ് കാലത്ത് 2021 ലെ തിരഞ്ഞെടുപ്പിൽ അനേകായിരം പേർക്ക് ഇത്തരത്തിൽ ബാലറ്റുകൾ ഉപയോഗിച്ചിരുന്നു.
അസാധാരണമാം വിധം തുടർഭരണം സംജാതമായത് എങ്ങനെയെന്ന സംശയങ്ങൾക്ക് ഉത്തരമായി.ഇക്കാര്യത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കൺവീനർ എം.എസ്. ഇർഷാദ് ആവശ്യപ്പെട്ടു.കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതിയും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |