തിരുവനന്തപുരം: പാക് പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ കടൽമാർഗമുള്ള ഭീഷണികൾ നേരിടുക, ശത്രുവിനെ ഞൊടിയിടയിൽ തുരത്തുക, അതിശക്തമായി തിരിച്ചടിക്കുക എന്നിവ ലക്ഷ്യമിട്ട് രാജ്യത്തെ മൂന്ന് സേനകളെയും ഏകോപിപ്പിച്ചുള്ള മാരിടൈം തിയേറ്റർ കമാൻഡിന് തിരുവനന്തപുരത്തെ പരിഗണിക്കുന്നു. നാവികസേനയ്ക്കായിരിക്കും നേതൃത്വം. ദക്ഷിണ മേഖലയിലും പഴുതടച്ച സുരക്ഷയൊരുക്കുകയാണ് ലക്ഷ്യം. ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് പ്രതിരോധ മന്ത്രാലയം.
വിഴിഞ്ഞം തുറമുഖം, വി.എസ്.എസ്.സി അടക്കം ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ, രാജ്യത്തിന്റെ തന്ത്രപ്രധാന അതിർത്തി മേഖല, രാജ്യാന്തര കപ്പൽച്ചാലിന് 10 നോട്ടിക്കൽ മൈൽ അടുത്ത് എന്നിവയടക്കം പരിഗണിച്ചാണിത്. പാകിസ്ഥാനെതിരെ മൂന്നുസേനകളും ചേർന്നുള്ള തിരിച്ചടി ഫലപ്രദമായിരുന്നു. സമാനദൗത്യമാകും തിയേറ്റർ കമാൻഡും നടത്തുക. മൂന്ന് സേനകളും ഒരു കമാൻഡിനു കീഴിലാകുമ്പോൾ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാവും. മൂന്ന് സേനകളുടെയും യുദ്ധസന്നാഹങ്ങൾ അടക്കമുണ്ടാവും.
പാർലമെന്റിന്റെ പ്രതിരോധകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും സംയുക്ത സൈനിക മേധാവിയും തീരസംരക്ഷണ സേനാമേധാവിയും അടുത്തിടെ തലസ്ഥാനത്ത് എത്തിയിരുന്നു. കേരളത്തിന്റെ തന്ത്രപ്രധാനമായ സമുദ്രമേഖലയിൽ ജാഗ്രത വേണമെന്നും വ്യോമസേനയും നാവികസേനയും തമ്മിലുള്ള സമന്വയം ഉറപ്പാക്കണമെന്നും സംയുക്ത സൈനികമേധാവി ജനറൽ അനിൽചൗഹാൻ ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ പറഞ്ഞിരുന്നു.
പാകിസ്ഥാന്റെ ഭീഷണി നേരിടാൻ രാജസ്ഥാനിലെ ജയ്പൂരിലാവും എയർഫോഴ്സ് നേതൃത്വത്തിലുള്ള തിയേറ്റർ കമാൻഡ്. ചൈനയുടെ ഭീഷണി നേരിടാൻ കരസേനയുടെ നേതൃത്വത്തിലുള്ള കമാൻഡ് ഉത്തർപ്രദേശിലെ ലക്നൗവിലായിരിക്കുമെന്നാണ് സൂചന. മൂന്നു സേനകളിലെയും ഉന്നതഉദ്യോഗസ്ഥർക്കായിരിക്കും കമാൻഡുകളുടെ മേൽനോട്ടം.
യുദ്ധക്കപ്പലുകൾ യുദ്ധവിമാനങ്ങൾ
1.മൂന്നുസേനകളും ഒരുകമാൻഡിന് കീഴിലാവുമ്പോൾ സന്നാഹങ്ങൾ ഏകോപിതമായിരിക്കും. പോരാട്ടത്തിന്റെ കരുത്തും മൂർച്ചയും കൂടും. പ്രതിരോധവും കരുത്തുറ്റതാവും 2.ദക്ഷിണമേഖലയിലെ ആകാശ, കടൽ സുരക്ഷയേറും. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സന്നാഹങ്ങളും സജ്ജമാക്കും. ത്രീസ്റ്റാർ റാങ്കുള്ള വൈസ്അഡ്മിറലായിരിക്കും മേധാവി
തലസ്ഥാനത്തെ നിലവിലെ സൈനിക കേന്ദ്രങ്ങൾ
ദക്ഷിണവ്യോമസേന ആസ്ഥാനം
പാങ്ങോട്ട് കരസേന സ്റ്റേഷൻ
വിഴിഞ്ഞത്ത് കോസ്റ്റ്ഗാർഡ്
മുട്ടത്തറയിൽ ബി.എസ്.എഫ്
സി.ഐ.എസ്.എഫ് യൂണിറ്റ്
പള്ളിപ്പുറത്ത് സി.ആർ.പി.എഫ്
നാവികസേന ഉപകേന്ദ്രവും വരും
തലസ്ഥാനത്ത് നാവികസേനയുടെ ഉപകേന്ദ്രത്തിന് ജൂണിൽ കേന്ദ്രം അനുമതിനൽകിയിരുന്നു. വിമാനത്താവളത്തിനടുത്ത് നാലേക്കർ സ്ഥലത്താണിത്. വിഴിഞ്ഞം തുറമുഖത്ത് നാവികസേനയ്ക്ക് പ്രത്യേക വാർഫും പരിഗണനയിലാണ്. ആഭ്യന്തര വിമാനത്താവളത്തിനടുത്ത് കോസ്റ്റ്‌ഗാർഡിന്റെ എയർഎൻക്ലേവും വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |