ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തി കടന്നുള്ള ഭീകരതയെ നേരിടുന്നതിന് സജ്ജമായി ഇന്ത്യ. സൈന്യത്തിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനായി വമ്പൻ കരാറുകളാണ് വരുന്നത്. അടിയന്തര ആയുധ സംഭരണ സംവിധാനത്തിലാണ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനൊരുങ്ങുന്നത്. സൈന്യത്തിനായി 2000 കോടിയുടെ ആയുധ സംഭരണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. കമ്പനികളുമായി ചർച്ച നടത്തി 1,981 കോടി രൂപയ്‌ക്കാണ് ആയുധങ്ങൾ വാങ്ങുക.
ഭീകരവാദ ഭീഷണികൾ നേരിടുന്നതിനും ഡ്രോണുകളെ പ്രതിരോധിക്കാനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വർദ്ധിപ്പിക്കാനുള്ള പ്രതിരോധ ഇടപാടാണ് നടക്കാൻ പോകുന്നത്. ഇതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഡ്രോണുകൾ ഉൾപ്പെടെ വാങ്ങുന്നതിന് മൊത്തം 13 കരാറുകളാണ് നടപ്പിലാക്കുക.
ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആന്റ് ഇന്റർഡിക്ഷൻ സിസ്റ്റം, ലോ ലെവൽ ലൈറ്റ് വെയിറ്റ് റഡാർ, വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റവും അതിന്റെ ലോഞ്ചറുകളും മിസൈലുകളും, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകൾ, ലോയ്‌റ്ററിംഗ് മ്യൂണിഷനുകൾ, ചെറിയ ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, വെടിയുണ്ടയെ പ്രതിരോധിക്കുന്ന ഹെൽമറ്റുകൾ, കവചിത വാഹനങ്ങൾ, തോക്കുകളിൽ ഘടിപ്പിക്കാവുന്ന രാത്രിയിൽ കാഴ്‌ച നൽകുന്ന നൈറ്റ് സൈറ്റ് സംവിധാനങ്ങൾ എന്നിവയാണ് അടിയന്തരമായി വാങ്ങുന്നത്.
സേനയെ ആയുധവൽക്കരിക്കുക, കൂടുതൽ കരുത്തുറ്റതാക്കുക, വരുംകാല ഭീഷണികളെ നേരിടാൻ പര്യാപ്‌തരാക്കുക തുടങ്ങിയ ഉദ്ദേശങ്ങളാണ് ആയുധ സംഭരണത്തിന് പിന്നിലുള്ളത്. സൈന്യത്തിന്റെ പ്രവർത്തനത്തിന് ആവശ്യമെങ്കിൽ കാലതാമസം കൂടാതെ ആയുധം സംഭരിക്കാനുള്ള സംവിധാനമാണ് എമർജൻസി പ്രൊക്യുർമെന്റ് മെക്കാനിസം. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ നേരിട്ട് ആയുധങ്ങൾ സംഭരിക്കാൻ ഇത് സൈന്യത്തെ അനുവദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |