കൊല്ലം: ഗേൾസ് ചൈൽഡ് ഹോമും ബഡ്സ് സ്കൂളും നിർമ്മിക്കാൻ സി.കേശവന്റെ കുടുംബം കുറഞ്ഞ വിലയ്ക്ക് നൽകിയ ഭൂമി ചണ്ടി ഡിപ്പോയാക്കി മയ്യനാട് പഞ്ചായത്ത്. ഭൂമി നൽകിയ സി.കേശവന്റെ കുടുംബാംഗങ്ങൾക്ക് സ്ഥലത്ത് താമസിക്കാൻ കഴിയാത്ത തരത്തിൽ സ്ഥലത്ത് നിരന്തരം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുകയാണ്.
പഞ്ചായത്തിന്റെ സംരക്ഷണയിലുള്ള 20 പെൺകുട്ടികളെ പുനരധിവസിപ്പിക്കുന്നതിന് മൂന്ന് വർഷം മുമ്പാണ് മയ്യനാട് തോപ്പിൽമുക്കിലുള്ള സി.കേശവന്റെ കൊച്ചുമകൾ 25 സെന്റ് വസ്തു ചെറിയ തുകയ്ക്ക് പഞ്ചായത്തിന് കൈമാറിയത്. എന്നാൽ നാളിതുവരെയും ഷെൽട്ടർ ഹോം ആരംഭിക്കാനുള്ള യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് മാസമായാണ് പഞ്ചായത്ത് ഈ ഭൂമിയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ സംഭരിച്ച് തുടങ്ങിയത്. ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യം വേർതിരിച്ച് വാടക കെട്ടിടത്തിൽ സംഭരിച്ചാണ് തരംതിരിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ വാടക കാലാവധി കഴിഞ്ഞതോടെയാണ് തോപ്പിൽ മുക്കിലെ ഭൂമിയിൽ സംഭരിക്കാൻ തുടങ്ങിയത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് റോഡ് വക്കിൽ സൂക്ഷിച്ചിരുന്ന മാലിന്യം ഓരോ ദിവസവും ഈ സ്ഥലത്ത് കൊണ്ടുവന്ന് തള്ളുകയാണ്.
മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലം ഇവിടെ തെരുവുനായ ശല്യം വളരെ രൂക്ഷമാണ്. മഴക്കാലത്ത് വെള്ളം കയറുന്ന ഈ പ്രദേശത്ത് മാലിന്യം കൂട്ടിയിട്ടാൽ പകർച്ചവ്യാധികൾ ഉൾപ്പടെ പടർന്ന് പിടിക്കും. വൻ അഗ്നിബാധയ്ക്കും സാദ്ധ്യതയുണ്ട്.
പറഞ്ഞ പദ്ധതിക്ക് പണമില്ലത്രേ
ഗേൾസ് ചൈൽഡ് ഹോമും ബഡ്സ് സ്കൂളും നിർമ്മിക്കാൻ ഫണ്ടില്ലെന്നാണ് ഇപ്പോൾ പഞ്ചായത്ത് അധികൃതർ പറയുന്നത്. കെട്ടിട നിർമ്മാണത്തിനുള്ള പദ്ധതി സർക്കാർ സഹായത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
പാവപ്പെട്ട അനേകം പെൺകുട്ടികൾക്ക് ഷെൽട്ടർ ഹോം പണിയുന്നതിനാണ് സ്ഥലം നൽകിയത്. അതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇപ്പോൾ ഇവിടം പഞ്ചായത്തിന് മാലിന്യം കൊണ്ടിടാനുള്ള സ്ഥലമായിട്ടാണ് ഉപയോഗിക്കുന്നത്.
മിനി (സി.കേശവന്റെ ചെറുമകൾ)
ഗേൾസ് ചൈൽഡ് ഹോം നിർമ്മാണത്തിനുള്ള പ്ലാൻ സമർപ്പിച്ചിട്ടുണ്ട് . പഞ്ചായത്തിൽ ആവശ്യമായ ഫണ്ട് ഇല്ലാത്തത് കൊണ്ടാണ് നിർമ്മാണം വൈകുന്നത്. എം.സി.എഫ് സൗകര്യം ഇല്ലാത്തത് കൊണ്ട് താത്കാലികമായിട്ടാണ് അവിടെ മാലിന്യം തരംതിരിക്കുന്നതിന് ഉപയോഗിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഉടൻ തന്നെ അവിടുന്ന് എല്ലാം മാറ്രും.
ജെ.ഷാഹിദ, മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |