തൃശൂർ: ഹൈക്കോടതിയുടെ അനുമതിയോടെ പുതിയ മാനദണ്ഡപ്രകാരം കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപദേശക സമിതികൾ പുനഃ സംഘടിപ്പിക്കുന്നു. പുതിയ നിയമപ്രകാരം ഉപദേശക സമിതികളുടെ എണ്ണത്തിൽ കൂടുതലായാൽ നറുക്കെടുക്കും. കഴിഞ്ഞ കുറെ കാലങ്ങളായി ക്ഷേത്രോപദേശ സമിതികളിൽ സമവായമുണ്ടായില്ലെങ്കിൽ രാഷ്ട്രീയ നോമിനികളായിരുന്നു ഉപേദശക സമിതികൾ. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മേയ് 31 നകം നടപടികൾ പൂർത്തിയാക്കണം. എന്നാൽ നിലവിൽ അപേക്ഷ നൽകുന്ന നടപടികളാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ജൂൺ രണ്ടാം വാരത്തോടെ മാത്രമായിരിക്കും പുതിയ സമിതികൾ നിലവിൽ വരുന്നത്. പുതിയ സമിതി ഉത്തരവ് പ്രകാരം ദേവസ്വം ഓഫീസറായിരിക്കും ട്രഷറർ. പല ഉപദേശക സമിതികളുടെയും കലാവധി അവസാനിച്ചിരുന്നു. ഇതേ തുടർന്ന് ഉത്സവ നടത്തിപ്പിനായി താത്ക്കാലിക കമ്മിറ്റികളാണ് രൂപീകരിച്ചിരുന്നത്.
പരമാവധി 15 പേർ
നിലവിൽ 19 മുതൽ 21 പേരായിരുന്നു ഉപദേശക സമിതിയെങ്കിൽ പുതിയ ഉത്തരവ് പ്രകാരം ഓഡിറ്റർ ഉൾപ്പടെ 15 പേരായിരിക്കും അംഗങ്ങൾ. എന്നാൽ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളായ ചോറ്റാനിക്കര, തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്രം, വടക്കുംനാഥൻ, തൃപ്രയാർ ശ്രീരാമക്ഷേത്രം, കൊടുങ്ങല്ലൂർ കുരുംബ ക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം എന്നിവിടങ്ങളിൽ അംഗങ്ങളുടെ എണ്ണം 21 ആണ്. എക്‌സ് ഓഫീഷ്യേ അംഗങ്ങളായ ഓഡിറ്റർക്കും ട്രഷറർക്കും വോട്ടാവകാശം ഇല്ല. തിരഞ്ഞെടുക്കുന്ന അംഗങ്ങളിൽ നിന്നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,സെക്രട്ടറി, ജോ.സെക്രട്ടറി, ഓഡിറ്റർ എന്നിവരെ തിരഞ്ഞെടുക്കേണ്ടത്.
സമവായത്തിന് മുൻഗണന വേണം
ജനറൽ ബോഡി യോഗത്തിൽ സമവായത്തിന് മുൻഗണന നൽകണമെന്ന് ദേവസ്വം ബോർഡ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. തെരഞ്ഞെടുക്കപ്പെടേണ്ട മുഴുവൻ അംഗങ്ങളെയും തെരഞ്ഞെടുത്തില്ലെങ്കിൽ കുറവു വരുന്ന ഒഴിവിലേക്ക് നിർദ്ദേശിക്കപ്പെട്ട മറ്റു പേരുകൾ ക്ഷേത്രാങ്കണത്തിൽ വച്ച് നറുക്കെടുപ്പ് നടത്തി തിരഞ്ഞെടുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ട്രഷറർ സ്ഥാനം :
ഉദ്യോഗസ്ഥരിൽ എതിർപ്പ്
ക്ഷേത്രോപദേശ സമിതികളുടെ ട്രഷറർ സ്ഥാനം ദേവസ്വം ഓഫീസർമാരിൽ ഏൽപ്പിക്കുന്നത് ദൈന്യം ദിന പ്രവർത്തനങ്ങൾക്ക് തടസം നേരിടുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഒരോ പ്രധാന ക്ഷേത്രങ്ങൾക്ക് കീഴിലും വരുന്ന കീഴേടങ്ങളിൽ ട്രഷറർ സ്ഥാനം ഏറ്റെടുക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്. സമിതികളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ആരോപണമുണ്ട്. സമിതികൾക്ക് ഒപ്പം സംഭാവന പിരിക്കുന്നതിനും മറ്റും പോകാൻ ദേവസ്വം ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. സമിതി ചെലവിടുന്ന പണത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടലുകൾക്കും സാദ്ധ്യതയുണ്ടെന്ന് ഭക്തജനങ്ങളും പറയുന്നു. ഹൈക്കോടതി നിർദ്ദേശമനുസരിച്ചാണ് ദേവസ്വം ഓഫീസറെ ട്രഷററായി നിയമിക്കുന്നത്.
ക്ഷേത്രോപദേശക സമിതികൾ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. പരമാവധി വേഗത്തിൽ ഇത് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
(കെ.രവീന്ദ്രൻ, പ്രസിഡന്റ് , കൊച്ചിൻ ദേവസ്വം ബോർഡ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |