ക്രൂരമെന്നോ മൃഗീയമെന്നോ നിഷ്ഠുരമെന്നോ എന്തു പേരിട്ടു വിളിച്ചാലും മതിയാകാത്തത്ര പൈശാചിക കൃത്യമാണ്, നെടുമ്പാശേരിക്കടുത്ത് റോഡിലെ തർക്കത്തിനിടെ കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ രണ്ട് ഉദ്യോഗസ്ഥർ ഒരു യുവാവിനെ കഴിഞ്ഞദിവസം കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം. ഓവർടേക്കിംഗിനിടെ കാറുകൾ തമ്മിൽ ഉരസിയതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ പ്രകോപനത്തിനും, നെടുമ്പാശേരിയിൽത്തന്നെ ഒരു ഫ്ളൈറ്റ് കേറ്ററിംഗ് കമ്പനിയിൽ ജീവനക്കാരനായ ഐവിൻ ജിജോയെ കാറിടിച്ചു വീഴ്ത്തി, വലിച്ചിഴച്ച് അതിക്രൂരമായി കൊലപ്പെടുത്തുന്നതിലും കലാശിക്കുകയായിരുന്നു. കാരുണ്യത്തിന്റെയോ സഹജീവിസ്നേഹത്തിന്റെയോ കാര്യം പോകട്ടെ- പൊതുസ്ഥലത്തെ സാമാന്യമര്യാദയുടെ ഭാഗമായ സംയമനത്തിന്റെ കണികപോലും പ്രകടിപ്പിക്കാത്ത ഒരു തലമുറയുടേതാണ് പുതിയ കാലമെന്നത് നമ്മെ അമ്പരപ്പിക്കുക മാത്രമല്ല, ഭയപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.
ബുധനാഴ്ച രാത്രി കാറോടിച്ച് ഡ്യൂട്ടിക്കു പോവുകയായിരുന്ന ഐവിൻ ജിജോ നായത്തോടിനടുത്തു വച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ, അനുവദിക്കാതിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ കാർ ഉരസിയതാണ് പ്രശ്നങ്ങളുടെ തുടക്കം. കാർ മുന്നിലേക്ക് നീക്കിനിറുത്തി ഇത് ചോദ്യംചെയ്ത ഐവിൻ, സി.ഐ.എസ്.എഫുകാർ പെട്ടെന്ന് മുന്നോട്ടെടുത്ത കാറിന്റെ ബോണറ്റിലേക്ക് വീണു. അവിടെ പിടിച്ചുതൂങ്ങിക്കിടന്ന ഐവിനുമായി ഒന്നര കിലോമീറ്ററോളം ദൂരമാണ് പ്രതികൾ കാറോടിച്ചത്. സഡൻ ബ്രേക്കിട്ടപ്പോൾ കാറിനടിയിലേക്കു വീണ ഐവിനെയും വലിച്ചിഴച്ച് പിന്നെയും പതിനഞ്ചു മീറ്ററോളം നീങ്ങിയ വാഹനം നിറുത്തിയത് ചക്രം ഉരുളാതായപ്പോഴായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. പൊലീസ് പിടിയിലായ ഇരുവരെയും സസ്പെൻഡ് ചെയ്ത് സി.ഐ.എസ്.എഫ് ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അച്ചടക്കവും പൊതുമര്യാദകളും മാന്യമായ പെരുമാറ്റവുമൊക്കെ പരിശീലനത്തിന്റെ ഭാഗമായിത്തന്നെ സ്വായത്തമായിരിക്കുമെന്ന് നമ്മൾ കരുതുന്ന, ഒരു സുരക്ഷാസേനയുടെ ഭാഗമായ രണ്ടു യുവാക്കളാണ് ഈ കേസിലെ പ്രതികളെന്നതാണ് ഏറ്റവും വിചിത്രം. യുവാക്കൾ തമ്മിലുള്ള തർക്കവും വാക്കേറ്റവും കാർ ഉപയോഗിച്ചുള്ള ആക്രമണവുമെല്ലാം അഞ്ചോ ആറോ നിമിഷത്തിനുള്ളിലായിരുന്നു. പൊതുവെ, പൊതുനിരത്തുകളിൽ വാഹനം ഓടിക്കുന്നവർ തമ്മിലുള്ള കലഹവും കയ്യേറ്റവും ആക്രമണവുമൊക്കെ വർദ്ധിച്ചുവരുന്നതായാണ് റോഡ് സേഫ്ടി കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരം തർക്കങ്ങൾക്ക് കാരണമായി കൗൺസിൽ തന്നെ പറയുന്നതാകട്ടെ, 'റേഡ് റേജ്" എന്ന് മന:ശാസ്ത്രജ്‍ഞർ വിളിക്കുന്ന, ഡ്രൈവിംഗ് വേളയിലെ അമിത മാനസിക സമ്മർദ്ദവും അതിൽ നിന്നുണ്ടാകുന്ന ക്രോധവും, പെട്ടെന്ന് പ്രകോപിതരാകുന്ന മനോനിലയും! 2021-ലെ കണക്കനുസരിച്ച്, റോഡ് അപകടങ്ങൾക്കു വഴിയൊരുക്കിയതിൽ ഡ്രൈവർമാരുടെ 'റോഡ് റേജ്" പ്രധാന ഘടകമായിരുന്ന കേസുകളുടെ എണ്ണം 2,15,000 ആണ്!
മോട്ടോർ വാഹന നിയമത്തിൽ റേഡ് റേജ് എന്ന മാനസികാവസ്ഥ, അപകടകരമായ ഡ്രൈവിംഗിനുള്ള ശിക്ഷാർഹമായ കാരണങ്ങളിലൊന്നാണ്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗമോ, അല്ലാതെ തന്നെയുള്ള മാനസിക പിരിമുറുക്കമോ ഒക്കെ അശ്രദ്ധമായ ഡ്രൈവിംഗിനും, നിസാര കാര്യങ്ങളിൽപ്പോലും പെട്ടെന്ന് പ്രകോപിതരാകാനും വഴിവച്ചേക്കാം. നെടുമ്പാശേരിയിലെ കിരാത സംഭവത്തിൽ യുവാക്കളായ ആ രണ്ട് ഉദ്യോഗസ്ഥർ അല്പം സംയമനം പാലിച്ചിരുന്നെങ്കിൽ ഐവിൻ ജിജോ എന്ന ഇരുപത്തിനാലുകാരൻ ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ചുമതല പോലെ സുപ്രാധാന ദൗത്യം ഡ്യൂട്ടിയുടെ ഭാഗമായ ചെറുപ്പക്കാർ ഈ വിധം പെരുമാറുവാൻ ഇടയായതിന്റെ കാരണങ്ങളിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. മാനസികമായി ജോലിക്ക് യോഗ്യരല്ലെങ്കിൽ അവരെ സേനയിൽ നിന്ന് പിരിച്ചുവിടുകയും വേണം. 'റോഡ് റേജ്" എന്ന മാനസിക നിലയുള്ളവരോടും ഒരു വാക്ക്: നിങ്ങളുടെ സംയമനത്തിന് ഒരു ജീവന്റെ വിലയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |