തിരുവനന്തപുരം: എൻ.ആർ.ഐ മെഡിക്കൽ സീറ്റിൽ പ്രവേശനം നേടുന്നവരിൽ നിന്ന് ഈടാക്കുന്ന അധിക ഫീസ് ഉപയോഗിച്ച് സ്വാശ്രയ കാേളജുകളിലെ പാവപ്പെട്ടവർക്ക് നൽകി വന്നിരുന്ന സ്കോളർഷിപ്പ് തുടരണമെങ്കിൽ നിയമനിർമ്മാണം അനിവാര്യമായി.സ്വാശ്രയ കോളേജുകൾ നേരിട്ട് തുക കൈകാര്യം ചെയ്താൽ മതിയെന്നാണ് സുപ്രീം കോടതി നിർദേശം. അതേസമയം,നിയമനിർമാണം വഴി ആനുകൂല്യവിതരണം സർക്കാരിന് ഏറ്റെടുക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് നീറ്റ് റാങ്കിൽ മുന്നിലെത്തിയാലും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടാൻ സർക്കാർ സ്കോളർഷിപ്പ് വഴിയൊരുക്കിയിരുന്നു. സ്വാശ്രയത്തിലെ 85%സീറ്റിലും 6.61ലക്ഷം മുതൽ 7.65ലക്ഷം വരെയാണ് ഫീസ്. 86,600വരെ സ്‌പെഷ്യൽ ഫീസുമുണ്ട്. ഇത്രയും വലിയ ഫീസ് താങ്ങാനാവാത്തവർക്ക് ആശ്രയം ഫീസിന്റെ 90%വരെ ലഭിക്കുന്ന സർക്കാരിന്റെ സ്കോളർഷിപ്പായിരുന്നു.
2020മുതൽ പ്രവേശനം നേടിയവർക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടില്ല. ഇവരെ ഫീസടയ്ക്കാൻ മാനേജ്മെന്റുകൾ നിർബന്ധിക്കുകയാണ്. എൻ.ആർ.ഐ വിദ്യാർത്ഥികളുടെ ഫീസിൽ നിന്ന് സ്കോളർഷിപ്പിലേക്കുള്ള 5ലക്ഷം ഈടാക്കുന്നത് കഴിഞ്ഞവർഷം മുതൽ എൻട്രൻസ്‌കമ്മിഷണർ അവസാനിപ്പിക്കുകയും ചെയ്തു.
2017-18മുതൽ അലോട്ട്മെന്റ് ലഭിച്ച ബി.പി.എൽ കുട്ടികളുടെ സ്കോളർഷിപ്പ് 2020ജൂലായിലാണ് ഹൈക്കോടതി സ്റ്രേചെയ്തത്. ഇതോടെ 2018-19മുതൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് കിട്ടാതായിരുന്നു. 2017-18ൽ പ്രവേശനം നേടിയ 88വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് മുടക്കമില്ലാതെ നൽകുന്നുണ്ട്.
കൂലിപ്പണിക്കാരുടെ
മക്കൾക്ക് വേണ്ടി
കൂലിവേലക്കാർ, പരമ്പരാഗത തൊഴിലാളികൾ, ലോട്ടറി വിൽപ്പനക്കാർ, കർഷകതൊഴിലാളികൾ, തയ്യൽ, ബീഡി, തെങ്ങുകയറ്റ തൊഴിലാളികൾ, ബാർബർ, ഇരുമ്പുപണിക്കാർ, വഴിയോര കച്ചവടക്കാർ, കശുഅണ്ടി, നെയ്ത്ത്, തോട്ടം തൊഴിലാളികൾ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവർക്കാണ് സ്കോളർഷിപ്പ് കിട്ടേണ്ടത്. പുറമ്പോക്കിൽ താമസിക്കുന്നവരുടെയും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരുടെയും മക്കൾക്കും ലഭിക്കും.
സ്കോളർഷിപ്പിനായി നിയമം കൊണ്ടുവരാതെ എക്സിക്യുട്ടീവ് ഉത്തരവിറക്കിയതാണ് ഹൈക്കോടതിയും ഇപ്പോൾ സുപ്രീം കോടതിയും റദ്ദാക്കിയത്. സ്കോളർഷിപ്പ് ലഭിക്കുന്നവർ പഠനത്തിനുശേഷം രണ്ടുവർഷം സർക്കാരിൽ പ്രവർത്തിക്കണം.
എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്ന് 5 ലക്ഷം അധികമീടാക്കി ബി.പി.എല്ലുകാർക്ക് സബ്സിഡി നൽകുന്നത് ക്രോസ്‌സബ്സിഡിയുടെ പരിധിയിൽപെടും. അതിനാലാണ് സ്കോളർഷിപ്പ് നിയമവിരുദ്ധമായത്.
35കോടി
ബി.പി.എൽ, പട്ടികവിഭാഗം, ഒ.ബിസി, ഒ.ഇ.സി സ്കോളർഷിപ്പിനത്തിൽ ഓരോ കോളേജിനും ലഭിക്കാനുണ്ടെന്ന് മാനേജ്മെന്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |