ദേശീയ അംഗീകാരങ്ങൾ നേടിയ ആട്ടം എന്ന ചിത്രത്തിനുശേഷം ആനന്ദ് ഏകർഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. മമ്മൂട്ടിയെ കാത്തിരിക്കുന്ന പ്രധാന പ്രോജക്ടുകളിൽ ഒന്നാണിത്. വീണ്ടും യുവ സംവിധായകനുമായിമമ്മൂട്ടി കൈകോർക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ആനന്ദ് ഏകർഷിയുടെ അരങ്ങേറ്റ ചിത്രമായ ആട്ടം കണ്ടിഷ്ടപ്പെട്ട മമ്മൂട്ടി അണിയറക്കാരെ നേരിട്ട് അഭിനന്ദിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. വിനയ് ഫോർട്ട് - കലാഭവൻ ഷാജോൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന് മൂന്ന് ദേശീയ അവാർഡുകൾ ലഭിക്കുകയും ചെയ്തു.
2023ൽ തിരുവനന്തപുരത്ത് സമാപിച്ച രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രങ്ങളിലൊന്നാണ് ആട്ടം. മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിനു ലഭിച്ച സമാനമായ സ്വീകരണമാണ് മേളയിൽ ആട്ടത്തിനു ലഭിച്ചത്. മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്‌പാക് പുരസ്കാരവും ചിത്രത്തിനു ലഭിച്ചിരുന്നു. സമകാലിക മലയാള സിനിമ വിഭാഗത്തിലായിരുന്നു ചിത്രം മേളയിൽ പ്രദർശിപ്പിച്ചത്. ഒരേസമയം പൊളിറ്റിക്കലും ത്രില്ലറുമായ ആട്ടം കെ.ജി ജോർജിന്റെ യവനികയ്ക്കുശേഷം നാടകത്തിനുള്ള അന്തർനാടകങ്ങളെ ഇത്ര മനോഹരമായി അവതരിപ്പിച്ച മറ്റൊരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തൽ ഏറ്റുവാങ്ങുകയും ചെയ്തു. ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായും ആട്ടം തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മമ്മൂട്ടി - മോഹൻലാൽ ചിത്രം ഷെഡ്യൂൾ ബ്രേക്കായി. ഈ മാസം അവസാനം തുടർ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |