
ദൈനംദിന ജീവിതത്തിൽ ഓരോരുത്തരും പൊതുഗതാഗതത്തെ വളരെയധികം ആശ്രയിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് റെയിൽവേ ഗതാഗതം. ഇന്ത്യയിൽ 7,461ൽ അധികം റെയിൽവേ സ്റ്റേഷനുകളും വിവിധ നഗരങ്ങളിലായി 500ൽ അധികം മെട്രോ സ്റ്റേഷനുകളും ഉണ്ട്. ഇവിടങ്ങളിലേക്ക് യാത്രക്കായി എത്തുന്നവർ പല തരത്തിലുളള സൈൻ ബോർഡുകളും കാണാറുണ്ട്. പക്ഷെ അവയൊക്കെ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് പലരും മനസിലാക്കുന്നില്ല.
അത്തരത്തിൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലും മെട്രോ സ്റ്റേഷനുകളിലും എത്തുന്നവർ കാണുന്ന സ്ഥിരം കാഴ്ചയാണ് മഞ്ഞ ടൈലുകൾ. പ്ലാറ്റ്ഫോമുകളിലെ ചില പ്രത്യേക ഭാഗത്ത് വിവിധ തരത്തിലുളള മഞ്ഞ ടൈലുകൾ പാകിയിരിക്കുന്നത് കാണാൻ സാധിക്കും. എന്തിനാണ് ഇത്തരത്തിൽ ചെയ്തിരിക്കുന്നതെന്ന് നിങ്ങൾ ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിലർ ചിന്തിക്കുന്നത് പ്ലാറ്റ്ഫോം കൂടുതൽ ആകർഷകമാക്കാൻ വേണ്ടിയായിരിക്കുമെന്നാണ്. ഇതിന്റെ പ്രാധാന്യം എന്താണെന്ന് മനസിലാക്കാം.
യഥാർത്ഥത്തിൽ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് പ്ലാറ്റ്‌ഫോമുകളിൽ മഞ്ഞ ടൈലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത് കാഴ്ചാ വൈകല്യമുളളവർക്ക് യാത്ര ചെയ്യാൻ കൂടുതൽ ആത്മവിശ്വാസവും സ്വാതന്ത്ര്യവും നൽകുന്നുണ്ട്. മഞ്ഞ ടൈലുകൾ ഒരു ലൈഫ്‌ലൈനായിട്ടാണ് ഉപയോഗിക്കുന്നത്. ഇവയെ ടെൻജി ബ്ലോക്കുകൾ അല്ലെങ്കിൽ ബ്രെയിൻ ടൈലുകൾ എന്നും വിളിക്കാറുണ്ട്. കാഴ്ചയില്ലാത്തവർക്കും കാഴ്ചക്കുറവുളളവരുമായ കാൽനടയാത്രക്കാരെ സഹായിക്കുന്നതിനായി ആദ്യകാലങ്ങളിൽ ഈ ടൈലുകൾ പൊതുയിടങ്ങളിൽ സ്ഥാപിച്ചിരുന്നത്. 1967ൽ ജപ്പാൻകാരനായ സെയ്‌ച്ചി മിയാകെയാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ജപ്പാനിലെ ഒകയാമ സിറ്റിയിലാണ് ആദ്യമായി സ്പർശനത്തിലൂടെ മനസിലാക്കാൻ സഹായിക്കുന്ന ടൈലുകൾ പാകിയത്. ഇന്ന് ലോകമൊട്ടാകെയുളള രാജ്യങ്ങളിൽ ഈ സംവിധാനം നടപ്പിലാക്കി വരുന്നുണ്ട്.
റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ പ്രധാനമായും രണ്ട് തരത്തിലുളള മഞ്ഞ ടൈലുകളാണ് പാകിയിരിക്കുന്നത്. കുത്തുകൾ ഉയർന്നുനിൽക്കുന്ന മഞ്ഞ ടൈലുകളും നീണ്ട വരകളുളള മഞ്ഞ ടൈലുകളുമാണ് സ്ഥാപിക്കുന്നത്. കുത്തുകൾ ഉയർന്നുനിൽക്കുന്ന മഞ്ഞ ടൈലുകൾ ജാഗ്രതാ മേഖലകളെയാണ് സൂചിപ്പിക്കുന്നത്. ഇവ പ്രധാനമായും പ്ലാറ്റ്ഫോമിന്റെ അരികുകൾ,എസ്കലേറ്ററുകൾ, പടികൾ എന്നിവയ്ക്ക് സമീപമായാണ് സ്ഥാപിക്കുന്നത്. വടി ഉപയോഗിക്കുന്ന വ്യക്തികൾക്ക് ഈ ഉയർന്ന കുത്തുകൾ പെട്ടന്ന് മനസിലാക്കാൻ സാധിക്കും.
അതുപോലെ നീളമുളള വരകളുളള മഞ്ഞ ടൈലുകൾ കാഴ്ചാവൈകല്യമുളളയാളുകൾക്ക് നേരായ ദിശയിൽ നടക്കാൻ സഹായിക്കും. ഇവ പ്രധാനമായും എക്സിറ്റുകൾ, ടിക്കറ്റ് കൗണ്ടറുകൾ എന്നിവയിലേക്കാണ് നയിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരം ടൈലുകൾക്ക് മഞ്ഞ നിറമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭാഗികമായി കാഴ്ചയുളളവർക്ക് മഞ്ഞ നിറം കൂടുതലായി ദൃശ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |