വർക്കല: യാത്രയും എഴുത്തനുഭവങ്ങളും സമ്മേളിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ-ലിറ്റററി ഫെസ്റ്റിവെലായ 'യാന'ത്തിന്റെ ഒന്നാം പതിപ്പിന് വർക്കലയിൽ തുടക്കമായി. കേരള ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി വർക്കല പാപനാശം രംഗകലാ കേന്ദ്രത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
യാനം സ്ഥിരം ഫെസ്റ്റിവൽ ആക്കാൻ ടൂറിസം വകുപ്പ് ആലോചിക്കുന്നതായി മന്ത്രി റിയാസ് പറഞ്ഞു. വർക്കലയുടെ ടൂറിസം സാദ്ധ്യതകൾ ലോകത്തിനു പരിചയപ്പെടുത്താൻ യാനം സഹായിക്കും.ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളമെന്ന ഡെസ്റ്റിനേഷനെ വ്യത്യസ്തമായി അടയാളപ്പെടുത്തുവാൻ യാനം ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.
അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം 'ഇൻ സെർച്ച് ഓഫ് സ്റ്റോറീസ് ആൻഡ് ക്യാരക്ടേഴ്സ്' എന്ന ആദ്യ സെഷനിൽ ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, എഴുത്തുകാരി കെ.ആർ മീര, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ എന്നിവർ പങ്കെടുത്തു.പിന്നണി ഗായകന്‍ ഷഹബാസ് അമന്റെ സംഗീത പരിപാടിയും നടന്നു.'സെലിബ്രേറ്റിംഗ് വേർഡ്‌സ് ആൻഡ് വാണ്ടർലസ്റ്റ്' എന്നതാണ് ഫെസ്റ്റിവെലിന്റെ കേന്ദ്രപ്രമേയം.
ട്രാവൽ വ്ളോഗർമാർ, ട്രാവൽ ജേർണലിസ്റ്റുകൾ, ട്രാവൽ ഫോട്ടോഗ്രാഫർമാർ, ഡോക്യുമെന്ററി സംവിധായകർ, സാഹസിക സഞ്ചാരികൾ,പാചകരംഗത്തെ പ്രഗത്ഭർ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പാനൽചർച്ചകളും വിവിധ സ്ഥലങ്ങളെയും യാത്രകളെയും കുറിച്ചുള്ള സാഹിത്യ വായനകളും എഴുത്തുകാരുമായുള്ള സംഭാഷണങ്ങളും പാനൽ ചർച്ചകളും മേളയെ വ്യത്യസ്തമാക്കും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 50 ലേറെ പ്രഭാഷകർ പങ്കെടുക്കുന്നുണ്ട്.എഴുത്ത്, ഫോട്ടോഗ്രഫി എന്നീ വിഷയങ്ങളിൽപരിശീലന കളരികളും ഫെസ്റ്റിവെലിന്റെ ഭാഗമായി നടക്കും.ഫെസ്റ്റിവെൽ നാളെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |