ഒരു സീനിയർ അഡ്വക്കേറ്റ്, അദ്ദേഹത്തിന്റെ ജൂനിയറായ യുവ അഭിഭാഷകയെ മൃഗീയമായി മർദ്ദിച്ച്, മുഖത്ത് പരിക്കേല്പിച്ച സംഭവം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. അഭിഭാഷകൻ ഒരേ സമയം പല ദൗത്യങ്ങളും നിറവേറ്റുന്ന വ്യക്തിയാണ്. തന്റെ കക്ഷിയുടെ പ്രതിനിധി മാത്രമല്ല, നിയമവ്യവസ്ഥയുടെ പ്രവർത്തനശേഷിയുള്ള ഉദ്യോഗസ്ഥൻ, നീതിയുടെ കാവൽക്കാരൻ എന്നീ നിലകളിലും, ഒരു പൊതുപൗരനായും വ്യക്തമായ ഉത്തരവാദിത്വങ്ങൾ പുലർത്തേണ്ടയാളുമാണ്. അതിനാൽ അഭിഭാഷകത്വം എന്നത് ഒരിക്കലും ഒരു തൊഴിൽമാത്രമായി ചുരുക്കിക്കളയരുത്.
ഒരു അഭിഭാഷകന്റെ പെരുമാറ്റം (വ്യക്തിപരമായാലും പ്രൊഫഷണൽ ആയാലും) നിയമത്തിന്റെയും അർഹതയുടെയും മാനദണ്ഡങ്ങളോടൊപ്പം യുക്തിയോടും തികഞ്ഞ ന്യായബോധത്തോടും കൂടിയായിരിക്കണം. നിയമനടപടികൾ മറ്റുള്ളവരെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനം തന്നെയാണ്. അതുപോലെ ജഡ്ജിമാരോടും, മറ്റ് അഭിഭാഷകരോടും, പൊതു ഉദ്യോഗസ്ഥരോടും, സഹ അഭിഭാഷകരോടും ബഹുമാനം പുലർത്തുക അഭിഭാഷകന്റെ കടമയാണ്.
നിയമത്തിന്റെ സാക്ഷാത്കാരത്തിലും നിയമവാഴ്ചയിലുള്ള വിശ്വാസം നിലനിറുത്തുന്നതിലും ഒരു അഭിഭാഷകന്റെ സാമൂഹിക പങ്ക് അത്യന്തം സുപ്രധാനമാണ്. നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും നിയമപരിഷ്‌കരണത്തിനായി അറിവ് പ്രയോജനപ്പെടുത്താനും അഭിഭാഷകൻ സജ്ജനാകണം. അദ്ദേഹം മാത്രമാകണം ജനങ്ങളുടെ നിയമാവകാശങ്ങൾക്കായുള്ള ശബ്ദവും പ്രതിനിധിയും ആകുന്നത്. ഇവിടെയാണ് നമ്മുടെ മനസിൽ സങ്കടം നിറയ്ക്കുന്ന ഒരു യാഥാർത്ഥ്യം കടന്നുവരുന്നത്. അഭിഭാഷകത്വം ഇന്ന് ചുരുങ്ങിപ്പോകുന്നത് താത്കാലിക രാഷ്ട്രീയ, കക്ഷി സ്വാധീനത്തിന്റെയും അധികാര മോഹത്തിന്റെയും ചെറിയ ചതുരക്കള്ളിയിലേക്കാണ്.
ചില അഭിഭാഷകർക്ക് എതിരായുള്ള അച്ചടക്ക നടപടികൾ ബാർ കൗൺസിലുകളിൽ വീണ്ടും വീണ്ടും പ്രത്യക്ഷമാകുന്നു. പണ്ട് അഭിമാനത്തോടെ സമൂഹം നോക്കിനിന്ന പ്രൊഫഷൻ, ചിലരുടെ ദുഷ്പ്രവൃത്തികളുടെ പേരിൽ സംശയത്തിന്റെ നിഴലിലായിരിക്കുന്നു. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അടുത്തിടെ വഞ്ചിയൂരിൽ നടന്ന സംഭവം. യുവ അഭിഭാഷകയെ അവരുടെ സഹപ്രവർത്തകനായ സീനിയർ അഭിഭാഷകൻ മർദ്ദിച്ചുവെന്ന പരാതി, അഭിഭാഷക സമൂഹത്തെ തന്നെ ലജ്ജിപ്പിക്കുന്നതാണ്. അഭിഭാഷകവൃത്തിയിൽ ലിംഗവിവേചനവും അധികാര ദുരുപയോഗവും അതിലധികം അപകടകരമായ വിപത്തുകളാണ്. ഈ സംഭവങ്ങൾ പ്രൊഫഷന്റെ അന്തസിനും പൊതുസമൂഹത്തിലെ വിശ്വാസത്തിനും കനത്ത ദോഷം വരുത്തുന്നു. മഹാത്മാ ഗാന്ധി, ബ്രിട്ടീഷ് കോടതികളിൽ അഭിഭാഷകനായി പ്രവർത്തിച്ചിരുന്നെങ്കിലും തന്റെ ആത്മവിശ്വാസം, നീതി, സമൂഹനന്മ എന്നിവയെ മുൻനിറുത്തി ആ പദവിയിൽ നിന്നു വിട്ടുനിന്ന് സ്വാതന്ത്ര്യ സമരത്തിലേക്ക് ചുവടുവച്ചതും, അത് അദ്ദേഹത്തിന്റെ ദേശസ്‌നേഹത്തിന്റെ പ്രതീകമായി മാറിയതും ഇന്നും നമുക്ക് ഉത്തേജനമാണ്.
ഇന്ത്യൻ തെളിവ് നിയമം പൊതുവിൽ അടിത്തറയാക്കി Sir James Stephen എഴുതിയ Section 126 അനുസരിച്ച്, കക്ഷി- അഭിഭാഷകൻ ബന്ധം വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് ഈ ബന്ധത്തിന്റെ വിശുദ്ധി കാക്കുകയും, അഭിഭാഷകൻ സഭ്യനും നിയമപരമായി ഉയർന്ന നിലപാടുള്ളവനുമായി നിലനിൽക്കുകയും വേണം. അഭിഭാഷകൻ കോടതി ഓഫീസറാണ്. അദ്ദേഹമില്ലെങ്കിൽ കോടതികൾ സജീവമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുള്ളതിനാൽ, അഭിഭാഷകത്വം പരിരക്ഷിക്കപ്പെടേണ്ടത് ദേശീയ തലത്തിൽ ചിന്തയിലേക്കെത്തിക്കേണ്ട വിഷയമാണ്. അഭിഭാഷകത്വം ഒരു ജോലിയല്ല; ഒരു സമർപ്പണമാണ്. അതിന്റെ പെരുമാറ്റച്ചട്ടങ്ങളും നന്മയും നിലനിൽക്കുക തന്നെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |