തിരുവനന്തപുരം : കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ കോടതി നാളെ പരിഗണിക്കും സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ വേണം എന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാൽ പുതിയ ഫോർമുല തുടരാം. അപ്പീൽ തള്ളിയാൽ പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടികയടക്കം മാറ്റേണ്ട സാഹചര്യമുണ്ടാകും.
കീം പരീക്ഷ ഫലം റദ്ദാക്കിയതോടെ ഈയാഴ്ച തുടങ്ങാനിരുന്ന പ്രവേശന നടപടികൾ അനിശ്ചിതത്വത്തിലായി. ഇന്നത്തെ ഉത്തരവ് സ്റ്റേ ചെയ്താൽ പുതിയ വെയ്റ്രേജ് ഫോർമുലയിൽ വീണ്ടും നടപടികൾ തുടങ്ങാം. ഹർജി തള്ളിയാൽ പഴയ ഫോർമുലയിലേക്ക് സർക്കാരിന് മാറേണ്ടി വരും. റാങ്ക് ലിസ്റ്റ് ഉൾപ്പെടെ മാറിമറിയും.
സംസ്ഥാന സിലബസുകാരെ സഹായിക്കാൻ, വെയ്റ്റേജ് സ്കോർ നിർണയത്തിന് പുതിയ ഫോർമുല ഫലപ്രഖ്യാപനത്തിന് ഒരു മണിക്കൂർ മുമ്പാണ് കൊണ്ടുവന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി.കെ. സിംഗ് പരീക്ഷാഫലം റദ്ദാക്കിയത്. 2011 മുതൽ തുടരുന്ന പ്രോസ്പെക്ടസ് പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കണം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
പുതിയ മാർക്ക് നിർണയ രീതിക്കെതിരെ സി.ബി.എസ്.ഇ വിദ്യാർത്ഥി കൊച്ചിയിലെ ഹന ഫാത്തിമ അഹിനസ് അടക്കം നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. റാങ്ക്ലിസ്റ്റ് നിലനിറുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സിലബസ് വിദ്യാർത്ഥികളുടെ ഹർജികളും എത്തിയിരുന്നു. വൈകിയ വേളയിൽ നടപ്പാക്കിയ ഫോർമുല കാരണം റാങ്ക്ലിസ്റ്റിൽ പിന്നിലായെന്ന് സി.ബി.എസ്.ഇക്കാർ ഉദാഹരണസഹിതം വാദിച്ചു.
ജൂലായ് ഒന്നിനായിരുന്നു ഫലപ്രഖ്യാപനം. 14 കൊല്ലമായി തുടരുന്ന രീതി അവസാന നിമിഷം മാറ്റിയത് എന്ത് ബോധോദയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. സംസ്ഥാന സിലബസുകാർ പിന്നാക്കം പോയെന്ന് ബോദ്ധ്യപ്പെട്ടതാകാം കാരണം. നടപടി നീതീകരിക്കാനാകില്ല. കളി തുടങ്ങിക്കഴിഞ്ഞ് നിയമം മാറ്റാനാകില്ലെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |