കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തൽ അന്വേഷണം. സംഭവത്തിൽ രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം,
പുതിയ ബസ് സ്റ്റാൻഡ് കോംപ്ളക്സിലെ ടെക്സ്റ്റൈൽസിൽ നിന്ന് ആളിപ്പടർന്ന തീ കോഴിക്കോട് നഗരത്തെ അഞ്ചു മണിക്കൂറിലേറെ മുൾമുനയിലാക്കിയിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിനാണ് തീ പടർന്നത്. കരിപ്പൂർ എയർപോർട്ടിലെ സ്പെഷ്യൽ ഫയർ യൂണിറ്റുകളടക്കം എത്തിയാണ് തീ ഒരുവിധം നിയന്ത്രണ വിധേയമാക്കിയത്. സ്റ്റാൻഡിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബസുകൾ മാറ്റി. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ഒന്നാം നിലയിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസിലായിരുന്നു തീപിടിത്തം. ഗോഡൗണിൽ നിന്നുയർന്ന തീ നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടർന്നു. ടെക്സ്റ്റൈൽസ് പൂർണമായും കത്തിയമർന്നു. നഗരമാകെ കറുത്ത പുകയിലും ചൂടിലും അമർന്നു. ജില്ലയിലെ എട്ട് ഫയർഫോഴ്സ് യൂണിറ്റുകളും മലപ്പുറം ജില്ലയിലെയും കോഴിക്കോട് എയർപോർട്ടിലെ സ്പെഷ്യൽ ഫയർ യൂണിറ്റുകളടക്കം പരിശ്രമിച്ച് രാത്രി 10 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |