നിർമ്മാണ മേഖലയിൽ പുതിയ ശൈലി പരീക്ഷിക്കണമെന്നുള്ള നിർദ്ദേശം സ്വാഗതാർഹമാണ്. പാറ പൊട്ടിച്ചുണ്ടാക്കുന്ന കരിങ്കല്ലും മെറ്റലും ഫില്ലിംഗ് കട്ടയും മെറ്റൽ പൊടിയുമാണ് മേഖലയിലെ പ്രധാന നിർമ്മാണ വസ്തു. പാറയിൽ നിന്നും എടുക്കുന്ന ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കാനുള്ള സാദ്ധ്യത പരിഗണിക്കണം. 1000 സ്‌ക്വയർഫീറ്റ് വാർക്കൽ വീടിന് 10 ലോഡ് മെറ്റൽ പൊടി വേണ്ടിവരുന്നുണ്ട്. മെറ്റൽ പൊടിക്കുള്ള ബദൽ മാർഗം സ്വീകരിച്ചാൽ തന്നെ പാറ പൊട്ടിക്കൽ കുറേയധികം ഒഴിവാക്കാനാകും. കേരളത്തിലെ 44 നദികളിലുമായി ഇപ്പോൾ വൻചരൽ നിക്ഷേപമാണുള്ളത്. മണൽവാരൽ നിരോധനവും പ്രളയശേഷമുള്ള നീരൊഴുക്കും നദികളുടെ ആഴം കുറഞ്ഞതായി കാണുന്നു. കൂടാതെ നമ്മുടെ ഡാമുകളിൽ അടിഞ്ഞുകൂടിയ ലക്ഷക്കണക്കിന് മില്യൺ ടൺ ചരലും, നദികളിലെ ചരലും സർക്കാർ സംവിധാനം ഉപയോഗിച്ച് ശേഖരിക്കുകയും ആവശ്യക്കാർക്ക് വിതരണം ചെയ്യാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.
600 കിലോമീറ്റർ നീളമുള്ള നമ്മുടെ കടൽതീരത്ത് 250 മില്യൺ ടൺ ചരൽ നിക്ഷേപമുള്ളതായി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ സർവേയിൽ പറയുന്നു. തീരത്തുനിന്നും, 10 കിലോമീറ്റർ അകലെ ഗുണനിലവാരമുള്ള മണലാണ് കണ്ടെത്തിയിരിക്കുന്നത്. ബദൽമാർഗമെന്നനിലയിൽ, കടലിൽ നിന്നും മണൽ ഖനനം ചെയ്യണം. ഫ്രാൻസ്, നെതർലന്റ്, യു.കെ, അമേരിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ കടലിൽ നിന്നും ഖനനം ചെയ്തെടുക്കുന്ന മണലും നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു. ക്വാറികളുടെ പ്രവർത്തനത്തിന് ഇനി ശക്തമായ നിയന്ത്രണം വരുന്നതോടെ നിർമ്മാണ മേഖല തകരും. മണലിന്റെ കാര്യത്തിലെങ്കിലും ഈ കാര്യങ്ങൾ സജീവമായി പരിഗണിക്കണം.
പനച്ചിക്കൽ അശോകൻ,
കുത്തിയതോട്
ഫോൺ : 9387222846
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |