ഒത്തിരി സ്വപനങ്ങളോടെ സിനിമാ ലോകത്തേക്ക് വന്ന്, മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് ചാർമിള. ആരെയും ആകർഷിക്കുന്ന പുഞ്ചിരിയും സുന്ദരമായ കണ്ണുകളും ഉള്ള കുട്ടിത്തം മാറാത്ത ആ പാവാടക്കാരിക്ക് പക്ഷെ വിധി കരുതി വച്ചിരുന്നത് വേദനകളുടെ ദിനങ്ങളായിരുന്നു. ചാർമിളയുടെ സംഭവബഹുലമായ ജീവിത യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
'കാലം മാറിപ്പോച്ച് എന്ന തമിഴ് സിനിമയുടെ മലയാളം റീമേക്ക് പൊള്ളാച്ചിയിൽ നടക്കുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങാൻ നേരം നിർമാതാവിനോട് യാത്ര പറഞ്ഞിട്ട് പോകാൻ പ്രൊഡക്ഷൻ മാനേജർ പറഞ്ഞു. രണ്ട് അസിസ്റ്റന്റ് സ്ത്രീകളുമായി നിർമാതാവിന്റെ മുറിയിലേക്ക് ചെന്നു. സമയം 7.30. അവർ മുറിയിലേക്ക് ചെല്ലുമ്പോൾ, എട്ടുപേർ നിരവധി മദ്യക്കുപ്പികൾ കാലിയാക്കിക്കൊണ്ടിരിക്കുന്നു. മുറിയിലേക്ക് ചെന്ന ഇവരെ പലരും പെട്ടെന്ന് കടന്നുപിടിച്ചു.
കൂടെയുണ്ടായിരുന്ന മേക്കപ്പ് അക്കയുടെ സാരി അവർ വലിച്ചഴിച്ചു. തന്നെ കടന്നുപിടിച്ചയാളുടെ കൈയിൽ ശക്തമായി കടിച്ച്, പിടിവിടീച്ച് ചാർമിള ഇറങ്ങിയോടി. എന്നാൽ താമസിച്ച ഹോട്ടലുകാർ പോലും അവരുടെ പരാതി ചെവികൊണ്ടില്ല. ഹോട്ടലിന് മുന്നിലുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളാണ് അവരുടെ രക്ഷകരായെത്തിയത്. ശേഷം പൊലീസ് വന്ന് എല്ലാവരെയും അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് ആ കേസിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ലെന്ന് ചാർമിള വ്യക്തമാക്കിയിട്ടുണ്ട്.
'ആദ്യപ്രണയത്തിൽ തന്നെ അവളുടെ ആത്മാർത്ഥത മുഴുനീളം പ്രതിഫലിക്കുന്നുണ്ടായിരുന്നു. ജീവനുതുല്യം സ്‌നേഹിച്ചയാളെ നഷ്ടമാകുമെന്ന് തോന്നിയ നിമിഷം ആ പെൺകുട്ടി മറ്റൊന്നും ആലോചിച്ചില്ല. രണ്ട് കൈകളിലെയും ഞരമ്പ് മുറിച്ചു. ഈ സംഭവത്തെക്കുറിച്ച് ചാർമിള അഭിനയിച്ച കമ്പോളം എന്ന സിനിമയുടെ സംവിധായകനും അവരുടെ സുഹൃത്തുമായ ബൈജു കൊട്ടാരക്കര ഓർത്തെടുക്കുന്നു.
ഒരു ക്രിസ്തുമസ് ദിനത്തിൽ ചാർമിളയെക്കാണാൻ ബൈജു കേക്കുമായെത്തുമ്പോൾ കുളിച്ചൊരുങ്ങി അതിസുന്ദരിയായി ഇരിക്കുകയായിരുന്നു ചാർമിള. കാമുകന് കൊടുക്കാൻ വച്ചിരുന്ന വിലകൂടിയ ക്രിസ്തുമസ് സമ്മാനങ്ങൾ ബൈജുവിന് കാണിച്ചുകൊടുത്തു. അവരുടെ പ്രണയത്തിന് ആശംസയറിച്ച് ബൈജു മടങ്ങി. വൈകിട്ട് നടിയുടെ കോൾ. തന്നെ കാമുകൻ ചതിച്ചെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. വീണ്ടും ബൈജു നടിയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ സമ്മാനങ്ങൾ നിലത്ത് ചിതറിക്കിടക്കുന്നു. നടി ഭ്രാന്തിയെപ്പോലെ കരഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും അവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു.'-അദ്ദേഹം വ്യക്തമാക്കി.
ചാർമിള പിന്നീട് നടൻ കിഷോർ സത്യയെ വിവാഹം കഴിച്ചു. ആ ദാമ്പത്യം പാതിവഴിയിൽ അവസാനിച്ചു. സഹോദരിയുടെ സുഹൃത്തിനെയായിരുന്നു ചാർമിള രണ്ടാമത് വിവാഹം കഴിച്ചത്. ആ ബന്ധത്തിലൊരു മകനുണ്ട്. അതും വിവാഹമോചനത്തിൽ കലാശിച്ചു.
വളരെ കഷ്ടപ്പാടിലാണ് ചാർമിള ഇപ്പോൾ കഴിയുന്നത്. 'ചീരപ്പൂവുകൾക്ക് ഉമ്മ കൊടുത്തുവന്ന ചിരിയും, പനങ്കുല പോലത്തെ മുടിയുമൊന്നും ഇപ്പോഴില്ല. ആ കണ്ണുകളിലെ തിളമൊഴിച്ച് ബാക്കിയൊന്നും ഇന്നില്ല. കഷ്ടിച്ച് രണ്ട് മുറികളുള്ള വീട്. ഒന്നോ രണ്ടോ പ്ലാസ്റ്റിക് കസേരയുള്ള ചെറിയ ഹാളിൽ പ്രവർത്തിക്കാത്ത ഒരു ടിവിയുള്ളതാണ് ആകെ ആർഭാടം. നടൻ വിശാലും സിനിമാ സംഘടനകളുമാണ് മകന്റെ പഠനം ഏറ്റെടുത്തതെന്ന് അവർ പറയുന്നു. രണ്ടാം വിവാഹം തന്നെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. ശരീരം ക്ഷീണിക്കാൻ തുടങ്ങിയെന്നും നടി വ്യക്തമാക്കി.'- ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |