കൊച്ചി: ജൂൺ രണ്ടിന് സ്‌കൂളുകൾ തുറക്കാനിരിക്കെ, ജില്ലയിലെ സ്‌കൂളുകൾ ഫിറ്റ്‌നസ് ടെസ്റ്റ് പാസാകാനുള്ള ഒരുക്കത്തിലാണ്. ഒന്നുമുതൽ 10 വരെയുള്ള 992 സ്‌കൂളുകളുടെയും ഒന്നു മുതൽ 12 വരെയുള്ള 1,121 സ്‌കൂളുകളുടെയും ഫിറ്റ്‌നസ് പരിശോധനയാണ് ജില്ലാ വിദ്യാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുക.
സ്‌കൂളുകളിൽ അറ്റകുറ്റപ്പണികൾ തകൃതിയായി നടക്കുകയാണ്. ജില്ലയിലെ ഇരുനൂറിലധികം സി.ബി.എസ്.ഇ. സ്‌കൂളുകൾക്കും ഫിറ്റ്‌നസ് പരിശോധന ആവശ്യമാണ്. വെസ്റ്റ് കടുങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂളിലാണ് ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. മന്ത്രി പി. രാജീവ് ഉദ്ഘാടകനാകും.
ഡി.ഡി. (ഡെപ്യൂട്ടി ഡയറക്ടർ) മുതൽ ക്ലാർക്ക് വരെയുള്ള ജീവനക്കാരുടെ വിവിധ സംഘങ്ങളാണ് പരിശോധനയ്‌ക്കെത്തുക. വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവയും ഫിറ്റ്‌നസ് പരിശോധനാ പരിധിയിൽ വരും. ദുരന്തനിവാരണ വിഭാഗത്തിന്റെ നിബന്ധനകളെ അടിസ്ഥാനമാക്കിയാണ് പരിശോധന. 58 സർക്കാർ സ്‌കൂളുകൾക്ക് അറ്റകുറ്റപ്പണികൾക്കായി ജില്ലാ പഞ്ചായത്ത് 10,000 രൂപ വീതം നൽകും.
പരിശോധിക്കുന്ന ഘടകങ്ങൾ
കെട്ടിടത്തിന്റെ പഴക്കവും ബലക്ഷയവും പരിശോധിക്കും. ചോർച്ച, വിള്ളലുകൾ തുടങ്ങിയവ വിലയിരുത്തും.
ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും.
വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാണെന്ന് ഉറപ്പാക്കും.
തീപിടിത്തം ഉണ്ടായാൽ അത് നേരിടാനുള്ള സംവിധാനങ്ങൾ സജ്ജമാണോയെന്ന് പരിശോധിക്കും.
സ്‌കൂളുകളിൽ നിറുത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ, ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ സുരക്ഷിതമായി സൂക്ഷിക്കുകയോ ചെയ്യണം.
സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ നീക്കം ചെയ്യും.
സ്‌കൂളിലേക്കുള്ള വഴിയിലും പരിസരത്തുമുള്ള അപകടാവസ്ഥയിലുള്ള വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ശരിയാക്കും.
സ്‌കൂൾ ബസുകൾ, കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കും.
മറ്റ് നിർദ്ദേശങ്ങൾ
1. ജീവനക്കാരുടെ സ്വഭാവം: സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം.
2. റെയിൽവേ ട്രാക്ക് സുരക്ഷ: റെയിൽ ക്രോസിംഗിന് സമീപമുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ചുകടക്കുന്നതിനുള്ള സംവിധാനം ഒരുക്കണം.
3. ദുരന്ത ലഘൂകരണം: ദുരന്ത ലഘൂകരണത്തിനായി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ആവശ്യമായ പരിശീലനം നൽകണം.
4. ബോധവത്കരണം: മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിൽ ബോധവത്കരണ പരിപാടികൾ നടത്തണം.
5. അക്കാഡമിക് മാസ്റ്റർ പ്ലാൻ: എല്ലാ വിദ്യാലയങ്ങളും ജൂൺ 15നകം നവീകരിച്ച അക്കാഡമിക് മാസ്റ്റർ പ്ലാൻ പ്രകാശിപ്പിക്കണം.
സ്‌കൂളുകളിലെല്ലാം തന്നെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. നേരിട്ട് പരിശോധിക്കും.
സുബിൻ പോൾ
ഡി.ഡി.ഇ എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |