കോട്ടയം : അദ്ധ്യയന വർഷമാരംഭിക്കാറായാതോടെ ലഹരി ഉപയോഗം തടയാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിരീക്ഷണം ശക്തമാക്കാൻ പൊലീസ്. മുഴുവൻ സ്കൂളുകളുടെയും പട്ടിക സ്റ്റേഷൻ തലത്തിൽ ശേഖരിച്ച് മഫ്‌തിയിലടക്കം പൊലീസുകാരെ നിയോഗിക്കും. സ്കൂളുകൾക്ക് സമീപം പുതിയതായി തുടങ്ങിയ കടകൾ മുതൽ, കുട്ടികൾ പതിവായി പോയിരിക്കാറുള്ള സ്ഥലങ്ങൾ വരെ നിരീക്ഷണ പരിധിയിൽ വരും. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഇതുസംബന്ധിച്ച് മുഴുവൻ എസ്.എച്ച്.ഒമാർക്കും പ്രത്യേക നിർദ്ദേശം നൽകി. ലഹരി വിതരണക്കാർ വിദ്യാർത്ഥികളെ സമീപിക്കുന്നത് തടയുകയാണ് ലക്ഷ്യം. സ്‌കൂൾ പരിസരത്ത് സ്ഥിരമായി വന്നുപോകുന്നവരെയും കറങ്ങിനടക്കുന്നവരെയും പ്രത്യേകം നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും. നടപടി അദ്ധ്യയനവർഷാവസാനം വരെ തുടരും.
അലംഭാവം അനുവദിക്കില്ല
സ്റ്റേഷൻ തലത്തിൽ സ്കൂളുകൾ നിരീക്ഷണത്തിനും തുടർ നടപടികൾക്കും പ്രത്യേകസംഘമുണ്ടാകും. അതത് ദിവസങ്ങളിലെ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിയെ അറിയിക്കണം. ഉദ്യോഗസ്ഥർക്ക് അലംഭാവമുണ്ടായാലും നടപടിയുറപ്പാക്കും. അദ്ധ്യാപകരുടെ സഹായവും തേടിയിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് കൗൺസലിംഗ് നൽകാനും, കുട്ടികളെ തിരിച്ചറിയുന്നതിന് ക്ലാസ് ടീച്ചർമാർക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്.
നിരീക്ഷണ പരിധിയിൽ
പതിവായി ക്ളാസിൽ നിന്ന് മുങ്ങുന്ന വിദ്യാർത്ഥികൾ
മുൻപ് ലഹരി ഉപയോഗത്തിന് പിടിക്കപ്പെട്ടിട്ടുള്ളവർ
സ്കൂളുകളിൽ ലഹരി എത്തിച്ച് അറസ്റ്റിലായിട്ടുള്ളവർ
അമിതമായി ഫോൺ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ
വിദ്യാർത്ഥികളുടെ ഫോണിലെ വാട്സ് ആപ്പ് ഗ്രൂപ്പുകൾ
'' നടപടികൾ ആരംഭിച്ചു. സ്കൂൾ പരിസരങ്ങളിൽ പരമാവധി പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കി ലഹരി മാഫിയയെ കുടുക്കുകയാണ് ലക്ഷ്യം''
ഷാഹുൽ ഹമീദ് ,ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |