പൊതു സംഭരണത്തിനായി സുതാര്യവും സമഗ്രവും കാര്യക്ഷമവുമായ ഒരു പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നതിലെ ആഗോള മാതൃകയായി 'ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലേസ്" (GeM- ജെം) അതിവേഗം ഉയർന്നുവന്നിരിക്കുകയാണ്. 1.6 ലക്ഷത്തിലധികം സർക്കാർ ഉപഭോക്താക്കളെയും 23 ലക്ഷത്തിലധികം വ്യാപാര- സേവന ദാതാക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2047-ലെ വികസിത ഭാരതം എന്ന ദർശനത്തിന്റെ പ്രധാന ചാലകശക്തിയായി മാറുകയാണ്.
ഈ പരിവർത്തനാത്മക ഡിജിറ്റൽ സംരംഭത്തിന് പ്രധാനമന്ത്രി തുടക്കമിട്ടതിനു ശേഷമുള്ള ഒമ്പത് വർഷത്തിനുള്ളിൽ, അഴിമതി തുടച്ചുനീക്കിയും ചെറു പട്ടണങ്ങളിലെ സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയ്ക്കു പുറമെ വനിതകൾക്കും ബിസിനസ് അവസരങ്ങൾ ലഭ്യമാക്കിക്കൊണ്ടും, സാധനങ്ങളും സേവനങ്ങളും സർക്കാർ സംഭരിക്കുന്ന രീതിയിൽ 'ജെം" വിപ്ലവം സൃഷ്ടിച്ചു. ഉപയോക്തൃസൗഹൃദമായ ഈ പ്ലാറ്റ്‌ഫോം, ചുരുക്കം ചിലർക്കു മാത്രം അന്യായനേട്ടം നൽകിയിരുന്നതും അതാര്യവുമായ സംവിധാനത്തെ (ഡയറക്ടറേറ്റ് ജനറൽ ഒഫ് സപ്ലൈസ് ആൻഡ് ഡിസ്‌പോസൽസ്) മാറ്റിസ്ഥാപിച്ച യഥാർത്ഥ രത്നം (ജെം) ആണ്.
അതിശയകരം,
ഈ പുരോഗതി
2016-ൽ ആരംഭിച്ചതിനുശേഷം 13.4 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഓർഡറുകളിന്മേലുള്ള ഇടപാടുകൾ 'ജെം" പോർട്ടലിലൂടെ നടത്തിയിട്ടുണ്ട്. 2024-25 ൽ പ്ലാറ്റ്‌ഫോമിലെ പൊതുസംഭരണം 5.43 ലക്ഷം കോടി രൂപയായി ഉയർന്ന് റെക്കാർഡിട്ടു. നടപ്പു സാമ്പത്തിക വർഷത്തിൽ വാർഷിക വിറ്റുവരവ് ഏഴുലക്ഷം കോടി രൂപയായി ഉയർത്താനാണ് 'ജെം' ലക്ഷ്യമിടുന്നത്. ഇടപാടുകളുടെ വ്യാപ്തി പരിഗണിക്കുമ്പോൾ, ദക്ഷിണ കൊറിയയിലെ 'KONEPS' പോലുള്ള സുസ്ഥാപിതമായ സ്ഥാപനങ്ങളെ മറികടന്ന്, സമീപഭാവിയിൽത്തന്നെ ലോകത്തെ ഏറ്റവും വലിയ പൊതു സംഭരണ പോർട്ടലായി ഈ സംവിധാനം മാറും.
'ജെം", സത്യസന്ധതയോടെ പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് ധാരാളം അവസരങ്ങൾ പ്രദാനം ചെയ്യുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്തുവരുന്നു. ഈ സാഹചര്യത്തിൽ, അതിന്റെ അഭൂതപൂർവമായ സാമ്പത്തിക വളർച്ചയ്ക്ക് അപ്പുറത്തേക്ക് 'ജെം"-ന്റെ പ്രാധാന്യം അധികരിക്കുന്നു. ഇ- കൊമേഴ്‌സിൽ ഏർപ്പെട്ടിരിക്കുന്ന ഏതു വലിയ കമ്പനിയെയും അത്ഭുതപ്പെടുത്താൻ പര്യാപ്തമാണ് ഇത്.
പ്രധാനമന്ത്രി മോദിയുടെ 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം" എന്ന ദൗത്യത്തിന് അനുപൂരകമായി സന്തുലിത വളർച്ചയുടെ നിർണായക ചാലകശക്തിയായി 'ജെം" വർത്തിക്കുന്നു. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും വനിതകൾ നയിക്കുന്ന സംരംഭങ്ങൾക്കും സർക്കാർ ഉപഭോക്താക്കൾക്കു മുന്നിൽ ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള സുഗമമായ മാർഗ്ഗം 'ജെം" ഒരുക്കുന്നു. പ്രവേശനത്തിനുള്ള തടസങ്ങൾ നീക്കി, ചെറുകിട ആഭ്യന്തര ബിസിനസുകളെ ഇ- ടെൻഡറുകളിൽ പങ്കെടുക്കാനും അവരുടെ ബിസിനസ് വികസിപ്പിക്കാനും ഈ പ്ലാറ്റ്‌ഫോം പ്രാപ്തമാക്കുന്നു.
ലക്ഷ്യങ്ങൾ
മറികടന്ന്
"സ്റ്റാർട്ടപ്പ് റൺവേ", "വുമണിയ" തുടങ്ങിയ 'ജെമ്മി"ലെ സമർപ്പിത സ്റ്റോർഫ്രണ്ട്‌സ് ഈ ബിസിനസുകളുടെ ദൃശ്യപരതയും പൊതു സംഭരണത്തിലെ വിഹിതവും ഫലപ്രദമായി വർദ്ധിപ്പിച്ചു. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളിൽ നിന്ന് 25 ശതമാനം സംഭരണവും, വനിതകൾ നയിക്കുന്ന ബിസിനസുകളിൽ നിന്ന് മൂന്നു ശതമാനം സംഭരണവും എന്ന ലക്ഷ്യം കൈവരിക്കുന്നതിനും മറികടക്കുന്നതിനും ഇത് സർക്കാരിനെ സഹായിച്ചു. 'ജെമ്മി"ൽ നടത്തുന്ന ഇടപാടിന്റെ ഏകദേശം 38 ശതമാനം സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ പങ്കാണ്. വനിതാ സംരംഭകരിൽ നിന്നുള്ള സംഭരണം ഏകദേശം നാല് ശതമാനമാണ്. ഇക്കഴിഞ്ഞ മാസം വരെ, 30,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ 'ജെം" മുഖേന 38,500 കോടി രൂപയിലധികം മൂല്യമുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. 1.81 ലക്ഷം വനിതാ സംരംഭകർക്ക് 'ജെം" പോർട്ടലിൽ ഏകദേശം 50,000 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചിട്ടുമുണ്ട്.
വലിയ
സമ്പാദ്യം
'ജെം" മുഖേനയുള്ള പരിവർത്തനത്തിലൂടെ ചില ഓർഡറുകളെ 33 ശതമാനം മുതൽ 96 ശതമാനം വരെ ലാഭത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. രാജ്യത്തെ സാധാരണ പൗരന്മാർക്ക് പ്രയോജനപ്രദമായ വിധത്തിൽ ബിസിനസ് സുഗമാക്കുകയും ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന മോദി സർക്കാരിന്റെ ദൗത്യത്തിന് അനുപൂരകവും സ്വാഗതാർഹവുമായി സംഭവിച്ച മാറ്റമാണ് ശ്രദ്ധേയമായ ഈ ലാഭത്തിനു പിന്നിൽ.
ലോകബാങ്കിന്റെ ഒരു സ്വതന്ത്ര വിലയിരുത്തൽ വ്യക്തമാക്കുന്നത് 'ജെം" മുഖേന വാങ്ങുമ്പോൾ ശരാശരി വിലയിൽ ഏകദേശം 9.75 ശതമാനം ലാഭിക്കാനാകുമെന്നാണ്. ഇത് നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള പൊതു സംഭരണത്തിൽ 1,15,000 കോടിയോളം രൂപ ലാഭിക്കാൻ കാരണമായി. 'ജെം" മുഖേനയുള്ള സംഭരണത്തിലൂടെ 20,000 കോടി രൂപയുടെ കരാറിൽ റിവേഴ്സ് ലേലം വഴി സർക്കാർ ഉടമസ്ഥതയിലുള്ള എൻ.ടി.പി.സിക്ക് 2,000 കോടി രൂപയാണ് ലാഭിക്കാൻ കഴിഞ്ഞത്. പ്രതിരോധ ഉപകരണങ്ങൾ, വാക്സിനുകൾ, ഡ്രോണുകൾ, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളുടെ സുതാര്യവും ചെലവു കുറഞ്ഞതുമായ സംഭരണത്തിന് 'ജെം" സഹായകമാണ്.
ചെറുകിട സംരംഭങ്ങൾക്ക് വലിയ ആശ്വാസം പകർന്നുകൊണ്ട് 'ജെം" അടുത്തിടെ അതിന്റെ ഇടപാട് നിരക്കുകൾ ഗണ്യമായി കുറച്ചിട്ടുണ്ട്. 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഓർഡറുകൾക്ക് 0.30 ശതമാനമെന്ന കുറഞ്ഞ ഇടപാട് ഫീസ് ഈടാക്കും. അതേസമയം 10 കോടി രൂപയ്ക്കു മുകളിലുള്ള ഓർഡറുകൾക്ക് മൂന്നു ലക്ഷം എന്ന പരിധി നിശ്ചയിച്ച് ഫീസ് ഈടാക്കുകയും ചെയ്യും. അതായത്, നേരത്തേയുണ്ടായിരുന്ന 72.50 ലക്ഷം രൂപയിൽ നിന്ന് ഗണ്യമായ കുറവ്!
എ,ഐ അധിഷ്ഠിത സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളോടെയുള്ള പരിഹാരമാർഗങ്ങൾ പ്രയോജനപ്പെടുത്തി ബിസിനസ് ചെയ്യുന്നതിനുള്ള നൂതനവും സുഗമവുമായ മാർഗങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് 'ജെം" പ്ലാറ്റ്‌ഫോം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യും വിധം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും വികസന ലക്ഷ്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിൽ 'ജെം" പോർട്ടൽ ഒരു നിർണായക ശക്തിയായി നിലകൊള്ളുന്നു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനും കൈപിടിച്ചുയർത്തുന്നതിനു സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് അധിക നേട്ടങ്ങൾ പ്രദാനം ചെയ്യുന്നു. അതോടൊപ്പം നികുതിദായകരുടെ പണം മത്സരാധിഷ്ഠിത വിലയിൽ ഉന്നത നിലവാരമുള്ള ഉത്പന്നങ്ങൾ സംഭരിക്കുന്നതിന് കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |