കോട്ടയം : ഓണം ഉണ്ണാൻ മലയാളി ഒരുങ്ങുമ്പോൾ വ്യാജന്മാരും കളംപിടിച്ച് തുടങ്ങി. വെളിച്ചെണ്ണ മുതൽ പാലും പപ്പടവും വരെ മായം കലർത്താനുള്ള സംഘം സജീമായിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറക്കത്തിലാണ്. ഉപ്പേരി വറുക്കാനും മറ്റുമായി ആവശ്യമുള്ള വെളിച്ചെണ്ണ തേടിയെത്തുന്നവരുടെ മുന്നിലേക്ക് എണ്ണിയാലൊടുങ്ങാത്ത പേരുകളുള്ള വെളിച്ചെണ്ണകളെത്തും. യഥാർത്ഥ വെളിച്ചെണ്ണയെ വെല്ലുന്ന ഗന്ധവും നിറവുമുള്ള ഇവയിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന രാസവസ്തുക്കളാണ് കലർത്തുന്നത്. കേരഫെഡിന്റെ കേരയുടെ പേരുകളിൽ ഒട്ടനവധി ബ്രാൻഡുകളാണുള്ളത്. വിലക്കുറവായതിനാൽ ഉപഭോക്താക്കളും ഏറെയാണ്. പായ്ക്കറ്റും, ചിഹ്നവും ഒരുപോലെയായതിനാൽ തിരിച്ചറിയാനും പ്രയാസമാണ്. എല്ലാ വർഷവും ഓണക്കാലത്ത് പേരിന് പരിശോധന നടത്തി കൈകഴുകുകയാണ് അധികൃതർ. നടപടി ഒന്നോ രണ്ടോ കമ്പനികളിൽ ഒതുങ്ങും.
വരവ് പാൽ ഒഴുകാൻ സാദ്ധ്യത
ഏറ്റവും കൂടുതൽ പാൽ വിറ്റഴിക്കുന്ന ഓണക്കാലത്ത് പല ബ്രാൻഡുകളിലാണ് തമിഴ്നാട്ടിൽ നിന്ന് മറ്റും പാൽ എത്തുക. മിൽമയുടേതിനു സമാനമായ നിറവും പായ്ക്കിംഗുമായെത്തുന്ന ഇവയ്ക്ക് കമ്മിഷൻ കൂടുതലായതിനാൽ ഒരു വിഭാഗം വ്യാപാരികൾക്കും താത്പര്യമാണ്. യൂറിയ, ഹൈഡ്രജൻ പൊറോക്‌സൈഡ് രാസപദാർഥങ്ങളും കൊഴുപ്പു കൂട്ടുന്ന മാർട്ടോ ഡെക്സ്ട്രിൻ എന്ന കാർബോ ഹൈഡ്രേറ്റും ഇതിൽ കലർത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഉദര - വൃക്ക രോഗങ്ങൾക്ക് ഇതിടയാക്കും. പപ്പടങ്ങളിൽ മൈദയും കടലമാവും അലക്കുകാരവും വരെ ചേർത്തുന്നവരുമുണ്ട്. ഒരേ ആൾക്കാർ തന്നെ പല പേരുകളിൽ പപ്പടം പായ്ക്ക് ചെയ്ത് എത്തിക്കും.
കബളിപ്പിക്കലിൽ വീഴരുത്
വാങ്ങുന്നത് യഥാർത്ഥ ബ്രാൻഡ് ആണെന്ന് ഉറപ്പാക്കുക
മിൽമ ഉൾപ്പെടെ തദ്ദേശീയ കമ്പനികളെ തിരഞ്ഞെടുക്കുക
ചൂടാക്കിയതിന് ശേഷം മാത്രം പാൽ ഉപയോഗിക്കുക
ഉപ്പേരി കുടുംബശ്രീ ഉൾപ്പെടെയുള്ള സംരഭകരിൽ നിന്ന് വാങ്ങുക
''ഓണവിപണി ലക്ഷ്യമിട്ടുള്ള സ്ക്വാഡ് രൂപീകരിച്ചിട്ടില്ല. സംശയം തോന്നുന്ന സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചാലും ഫലമെത്താൻ വൈകുന്നത് വെല്ലുവിളിയാണ്.
സുരേഷ്, പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |