മലപ്പുറം കൂരിയാട് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ സംഭവം ജനങ്ങളിൽ സൃഷ്ടിച്ചിരിക്കുന്ന ഭയവും ആശങ്കയും ചെറുതല്ല. സംസ്ഥാനത്തുടനീളം ദേശീയപാത 66ന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ഉണ്ടായ അപകടം ഇതുപോലെ ഉയരമുള്ള മറ്റ് സ്ഥലങ്ങളിലും ഈ മഴക്കാലത്ത് അപകടമുണ്ടാകുമോ എന്ന ഭയമാണ് ജനങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്.
കൂരിയാട് ദേശീയപാതയുടെ നിർമ്മാണം അവസാന ഘട്ടത്തിലുള്ള ഭാഗത്താണ് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞുതാണ് ഓടുന്ന കാറുകൾക്ക് മേൽ ഇന്റർലോക്ക് കട്ടകൾ പതിച്ചത്. മൂന്ന് കുട്ടികളടക്കം എട്ടുപേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. നാല് കാറുകളും അപകടത്തിൽപ്പെട്ടു. ട്രാഫിക് കുറവായിരുന്ന ഉച്ചയ്ക്ക് രണ്ടരയോടെ നടന്നതിനാലാണ് വലിയ ഒരു ദുരന്തം ഒഴിവായത്. സർവീസ് റോഡിൽ കിലോമീറ്ററുകളോളം വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. മൂന്ന് കിലോമീറ്ററിലധികം വയലിലൂടെ നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ ഒരു കിലോമീറ്ററിലധികം ഭാഗമാണ് തകർന്നത്. പാത തകർന്നതോടെയാണ് കിഴക്ക് വശത്തുള്ള സർവീസ് റോഡും വയലും വിണ്ടുകീറിയത്.
ഇതിനുമുമ്പ് ദേശീയപാതാ നിർമ്മാണത്തിനിടെ ചില അപകടങ്ങൾ നടന്നിട്ടുണ്ട്. മാർച്ചിൽ ആലപ്പുഴയിൽ മുപ്പതടി ഉയരത്തിൽ നിന്ന് നാല് ഗർഡറുകൾ വീണ് അപകടം ഉണ്ടായിരുന്നു. ഗർഡറുകൾ പതിച്ച സമയത്ത് ഇവിടെയും ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇവിടെ അപകടമുണ്ടായത് നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തിയാക്കാതെ തൂണിനും ഗർഡറിനും ഇടയിൽ വയ്ക്കുന്ന തടിക്കഷണം പോലെയുള്ള പ്ളാങ്ക് ഇളക്കി മാറ്റിയതിനാലാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ദേശീയപാതാ നിർമ്മാണത്തിന്റെ മേൽനോട്ടത്തിന്റെ പിഴവിലേക്ക് വിരൽചൂണ്ടിയതായിരുന്നു ഈ സംഭവം. ഇതിന്റെ പേരിൽ ആർക്കെങ്കിലുമെതിരെ നടപടിയെടുത്തോ എന്നത് ഇനിയും വ്യക്തമല്ല. കൂരിയാട് നടന്ന അപകടം നിർമ്മാണം ഏതാണ്ട് അവസാന ദശയിലെത്തിയപ്പോഴാണ് എന്നതിനാൽ നിർമ്മാണത്തിലെ പാകപ്പിഴയാണോ ഇതിനിടയാക്കിയതെന്ന സംശയം ഉണർത്തുന്നുണ്ട്. അപകടഭീഷണി നാട്ടുകാർ ഇവിടെ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവർ കാര്യമായി എടുത്തില്ല. മതിയായ അടിത്തറ കെട്ടാതെയാണ് 30 അടിയിലധികം ഉയരത്തിൽ പാത കെട്ടിപ്പൊക്കിയതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. പടുത്തുയർത്തിയ കട്ടകളിൽ വിള്ളലുകൾ വീണിരുന്നു. ഇത് നാട്ടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ വിള്ളലുകളിൽ സിമന്റിട്ട് അടയ്ക്കുകയാണ് ചെയ്തത്. അന്ന് തന്നെ ശരിയായ രീതിയിൽ എൻജിനിയർമാർ പരിശോധന നടത്തി മതിയായ പരിഹാരമാർഗം സ്വീകരിച്ചിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു. കൂരിയാട് അപകടം നടന്ന വയലിന് ഒരു കിലോമീറ്റർ അപ്പുറത്ത് മാസങ്ങൾക്ക് മുമ്പ് പാതയുടെ വശങ്ങൾ പത്തടിയിലധികം അടർന്നുവീണിരുന്നു.
പാതയ്ക്ക് ഇത‌്രയും പൊക്കമുള്ള സ്ഥലങ്ങൾ സംസ്ഥാനത്ത് ഒട്ടേറെയാണ്. എല്ലായിടത്തും അപകടം ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും ഇതുവരെ പൂർത്തിയായ ഭാഗങ്ങളിൽ മേലുദ്യോഗസ്ഥർ രണ്ടാമതൊരു പരിശോധന നടത്തുന്നത് നല്ലതായിരിക്കും. നിർമ്മാണത്തിൽ അപാകതകൾ ഉണ്ടെന്ന് കണ്ടെത്തിയാലും മറ്റ് പരിഗണനകളുടെ പേരിൽ അത് പരിഹരിക്കാതിരിക്കുന്നത് യാത്രക്കാരെ കുരുതി കൊടുക്കുന്നതിന് തുല്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |