രാഷ്ട്രീയ സാംസ‌്കാരിക തന്ത്രപരമായ തലങ്ങളിൽ സങ്കീർണവും പ്രതീകാത്‌മകവുമായ വലിയ പങ്കാണ് ടിബറ്റൻ ആത്‌മീയ ഗുരുവായ ദലൈലാമയ്‌ക്ക് ഇന്ത്യ-ചൈന ബന്ധത്തിലുള്ളത്. ഇന്ത്യ-ചൈന അതിർത്തി തർക്കം കഴിഞ്ഞാൽ ഏറ്റവും നീറിപ്പുകയുന്ന വിഷയമാണ് ദലൈലാമയുടെ ഇന്ത്യൻ സാന്നിദ്ധ്യവും പ്രവർത്തനങ്ങളും.
ടിബറ്റിൽ നിന്ന് 1959-ൽ പലായനം ചെയ്ത ദലൈലാമയ്ക്ക് ഇന്ത്യ അഭയം നൽകിയ ടിബറ്റൻ ജനതയുടെ ആത്‌മീയ രാഷ്ട്രീയ തലസ്ഥാനമാണ് ഹിമാചൽപ്രദേശിലെ ധരംശാല. ഇവിടം കേന്ദ്രീകരിച്ച് ദലൈലാമ സ്ഥാപിച്ചിട്ടുള്ള സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ അവരുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാർ തന്നെയാണ്. ഇതിന് നേതൃത്വം നൽകുന്നത് ദലൈലാമയും. എങ്ങനെയാണ് ഒരു ആത്മീയ നേതാവ് പ്രധാനപ്പെട്ട രണ്ട് രാജ്യങ്ങളുടെ ബന്ധത്തിലെ കരടായി മാറുന്നു എന്നത് ദലൈലാമയെ ചുറ്റിപ്പറ്റി മനസിലാക്കാം. 1950-കളിൽ ഭായ് - ഭായ് എന്ന് പറഞ്ഞ് തുടങ്ങിയ ഇന്ത്യ-ചൈന ബന്ധം വഷളാകാൻ ഒരു പ്രധാന കാരണം, ദലൈലാമയ്ക്ക് ഇന്ത്യ നൽകിയ അഭയവും അവർ ഇവിടെ നടത്തുന്ന പ്രവർത്തനങ്ങളുമാണ്. ജൂലായ് 6-ാം തീയതി ലാമയുടെ നവതി ആഘോഷം വീണ്ടും ഈ വിഷയത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നു.
ദലൈലാമ
ആത്‌മീയ-രാഷ്ട്രീയ കോമ്പോ
ദലൈലാമ ഇരുതലമൂർച്ചയുള്ള വാളാണ്. അദ്ദേഹത്തിൽ ആത്മീയതയും രാഷ്ട്രീയവും ഒരുപോലെ സമ്മേളിക്കുന്നു. അദ്ദേഹം ടിബറ്റൻ സാംസ്‌കാരിക ദേശീയതയുടെയും അതിൽ ഊന്നിയിട്ടുള്ള രാഷ്ട്രീയത്തിന്റെയും വക്‌താവും നടത്തിപ്പുകാരനുമാണ്. ഉരുവിടുന്ന മന്ത്രങ്ങളും സൂക്‌തങ്ങളും ചൈനയ്‌ക്ക് മുറിവേൽപ്പിക്കുന്ന അമ്പുകളാണ്. ചൈനീസ് ഹാൻ ദേശീയതയെ ടിബറ്റൻ ജനത പ്രതിരോധിക്കുന്നത് ധരംശാലയിലുള്ള ലാമയുടെ ടിബറ്റൻ സാംസ്കാരിക ദേശീയത കൊണ്ടാണ്. ചൈനയെ സംബന്ധിച്ചിടത്തോളം ഇവർ നിലനിറുത്തുന്ന സ്വത്വബോധം ചൈന കൊണ്ടാടുന്ന ഹാൻ ദേശീയതയെ നിരാകരിക്കുന്നതും ചോദ്യം ചെയ്യുന്നതുമാണ്. ചൈനയ്ക്ക് ഇത് പരമാധികാരത്തിന്റെ പ്രശ്നമാണ്. ഇവിടെയാണ് ദലൈലാമയും കൂട്ടരും ചൈനയ്ക്ക് വളരെ വലിയ ഭൗമ രാഷ്ട്രീയ സാംസ്കാരിക ആഭ്യന്തര-സുരക്ഷ പ്രശ്നമായി മാറുന്നത്.
വ്യത്യസ്ത നിലപാടുകൾ
ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ലാമ വിഷയത്തിൽ വ്യത്യസ്ത നിലപാടും കാഴ്ചപ്പാടുകളുമാണുള്ളത്. ഇന്ത്യയ്ക്ക് ലാമ 'ആദരണീയ മത നേതാവാണ്." അദ്ദേഹത്തിന് നൽകിയിരിക്കുന്ന അഭയം മനുഷ്യ അവകാശങ്ങൾക്കും, മത സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമുള്ള അംഗീകാരവുമാണ്. ഇന്ത്യയുടെ സാംസ്‌കാരിക വിദേശനയങ്ങളായ സമാധാനം, സഹിഷ്‌ണുത എന്നിവയിൽ ഊന്നിയവയാണ് ദലൈലാമയോടുള്ള സമീപനം. ദലൈലാമയ്ക്ക് നൽകിയിരിക്കുന്ന സൗകര്യങ്ങൾ ഇന്ത്യയുടെ ധാർമ്മിക നേതൃത്വത്തിന്റെ പ്രതിഫലനമാണ്. ചൈനയിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ അവഗണിച്ച് ദലൈലാമയ്ക്ക് വേണ്ടുന്ന സൗകര്യങ്ങളും സന്നാഹങ്ങളും നൽകുന്നതിന്റെ താത്വിക അടിസ്ഥാനം ഇതാണ്. എന്നാൽ ചൈനയ്ക്ക് തികച്ചും വ്യത്യസ്ത നിലപാടാണ് ഈ കാര്യത്തിലുള്ളത്. അവരെ സംബന്ധിച്ച് ശരിയായ പാതയിൽ സഞ്ചരിക്കാത്ത വിഘടനവാദിയാണ് ലാമ. ഇന്ത്യ നൽകിയിരിക്കുന്ന അഭയം ചൈനയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമായിട്ടാണ് അവർ കാണുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഇന്ത്യയിലെ പൊതുപ്രവർത്തനങ്ങളെയും അരുണാചൽപ്രദേശ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സന്ദർശനത്തെയും ശക്‌തിയുക്തം എതിർക്കുന്നത്.
ടിബറ്റൻ പ്രദേശം ചൈനയുടെ അധീനതയിൽ ആണെങ്കിലും ടിബറ്റൻ ബുദ്ധിസത്തിന്റെ ആത്മാവ് കുടിയിരിക്കുന്നത് ഇന്ത്യയിലാണ്. ഭൗതീക സൗകര്യങ്ങൾക്കപ്പുറത്ത് ടിബറ്റൻ ജനതയെ ഒന്നിപ്പിക്കുന്നത് ഈ പൊതു സ്വത്വബോധമാണ്. ഈ സ്വത്വബോധം ഇല്ലാതാക്കിയാൽ മാത്രമേ ആശയപരമായി ടിബറ്റ് പൂർണമായും ചൈനയുടെ ഭാഗമാകൂ. ചൈനയുടെ ഭാഷയിൽ ഇതിന് നേതൃത്വം നൽകുന്ന ദലൈലാമ അപഥസഞ്ചാരം നടത്തുന്ന നിയമവിരുദ്ധ വിഘടനവാദിയാണ്.
തന്ത്രപരമായ പ്രാധാന്യം
1950-കളിലെ ഇന്ത്യയുടെ തണുപ്പൻ ടിബറ്റൻ നയം, അവിടം ചൈനീസ് അധീനതയിലാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ഒരു ബഫർ സോൺ ആയി വർത്തിക്കേണ്ട ടിബറ്റ് ചൈനയുടെ ഭാഗമായി. ടിബറ്റ് സ്വതന്ത്രം ആയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ചൈനയുമായി പ്രശ്നസങ്കീർണമായ ഒരു അതിർത്തി ഇല്ലാതാകുമായിരുന്നു. ഈ തന്ത്രപരമായിട്ടുള്ള പരാജയം കുറെയെങ്കിലും പരിഹരിക്കുന്നത് ദലൈലാമയ്ക്ക് നൽകിയിരിക്കുന്ന അഭയത്തിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സൗകര്യത്തിലൂടെയുമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു തന്ത്രപരമായ നിക്ഷേപമാണ്. അരുണാചൽപ്രദേശ് ചൈനയ്ക്ക് തെക്കൻ ടിബറ്റാണ്. ഇവിടുത്തെ താവാങ്ങിലുള്ള മൊണാസ്ട്രി ടിബറ്റൻ ബുദ്ധിസത്തിന്റെ രണ്ടാമത്തെ ആത്മീയ കേന്ദ്രമാണ്. ഇതുവഴിയാണ് ദലൈലാമ രഹസ്യമായി ഇന്ത്യയിൽ അഭയം നേടിയത്.
ടിബറ്റൻ പീഠഭൂമി ചൈനീസ് അധീനതയിൽ ആണെങ്കിലും താവാങ്ലിലെ പുണ്യകേന്ദ്രം ടിബറ്റൻ സ്വത്വബോധത്തെ പരിപോഷിപ്പിച്ച് നിലനിറുത്താൻ ശേഷിയുള്ളതാണ്. അതില്ലാതാക്കാൻ ആണ് അരുണാചൽ പ്രദേശ് പൂർണ്ണമായും ചൈനയുടേതെന്ന് അവകാശപ്പെടുന്നത്. അവിടെ ദലൈലാമ ഉൾപ്പെടെയുള്ളവർ സന്ദർശിക്കുമ്പോൾ ചൈന കോലാഹലങ്ങൾ ഉണ്ടാക്കുന്നത് അതിനാലാണ്.
നവതി ആഘോഷ കുടുക്ക്
ഈ സങ്കീർണമായ രാഷ്ട്രീയ-സാംസ്കാരിക സംഘർഷം ദലൈലാമയുടെ നവതി ആഘോഷത്തോടുകൂടി വീണ്ടും സജീവമാവുകയാണ്. ഇതിന് തുടക്കം കുറിച്ചത് 90-ാം ജന്മദിനത്തിന് തൊട്ടുമുമ്പായി തന്റെ പിൻഗാമിയെക്കുറിച്ച് ലാമ നടത്തിയ പ്രസ്താവനയാണ്. തന്റെ പിൻഗാമിയെ തീരുമാനിക്കുന്നത് ചൈനയല്ല, മറിച്ച് ഗാഥൻ ഫോട്രാൻ ട്രസ്റ്റ് (Gadan Phodran Trust) ആണ്. എന്നാൽ ചൈനീസ് അംബാസഡർ പറഞ്ഞത് പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് സ്വർണ കുടത്തിൽ നറുക്കെടുത്താണെന്നാണ് . അതിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗീകാരവും വേണം.
ബുദ്ധിസ്റ്റ് വിശ്വാസിയായ അരുണാചൽ പ്രദേശിൽ നിന്നുള്ള കേന്ദ്രമന്ത്രി കിരൺ റിജിജു പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ദലൈലാമയിൽ നിക്ഷിപ്തമായിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. അതിശക്തമായിട്ടാണ് ചൈനീസ് വിദേശകാര്യവക്താവ് ഇതിനോട് പ്രതികരിച്ചത്. തങ്ങളുടെ ആഭ്യന്തരകാര്യത്തിലുള്ള കടന്നുകയറ്റമാണെന്നും ഇതിന്റെ പ്രത്യാഘാതം ഉഭയകക്ഷി ബന്ധത്തിൽ പ്രതിഫലിക്കുമെന്നും വരെ പറഞ്ഞു. എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം റിജിജുവിന്റെ നിലപാട് വ്യക്തിപരമാണ് എന്നും അതേസമയം ദലൈലാമയ്ക്ക് സ്വതന്ത്രമായ മത-സാംസ്കാരിക പ്രവർത്തനങ്ങൾ നടത്താമെന്നും അഭിപ്രായപ്പെട്ടു. ഈ ആരോപണ പ്രത്യാരോപണങ്ങളും വിഷയത്തിന്റെ കാഠിന്യത്തെയും പ്രാധാന്യത്തെയും കാണിക്കുന്നു. യഥാർത്ഥത്തിൽ 1962- ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ ഒരു പ്രധാന കാരണം ദലൈലാമയ്ക്ക് ഇന്ത്യ നൽകിയ അഭയമായി ബന്ധപ്പെട്ടതാണ്. അതിനുശേഷം ഇന്ത്യയും ചൈനയും തമ്മിൽ ഈക്കാര്യത്തിലുള്ള വാക്‌പോര് തുടർക്കഥയാണ്.
ഇന്ത്യ-ചൈന ബന്ധത്തിലെ കീറാമുട്ടിയാണ് ദലൈലാമ പ്രതിനിധാനം ചെയ്യുന്ന ആത്മീയ രാഷ്ട്രീയം. ഈ കാര്യത്തിൽ ഭൗമ-രാഷ്ട്രീയ, തന്ത്രപരമായ കാര്യങ്ങൾവരെ കെട്ടുപിണഞ്ഞുകിടക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ഇത് ചൈനയെ അടിക്കുവാനുള്ള ആഗോള പ്രാധാന്യമുള്ള ഒരു ചെറുവടിയാണ്. കാരണം ടിബറ്റിൽ മാത്രമല്ല മറ്റ് കിഴക്കേഷ്യൻ ബുദ്ധിസ്റ്റ് രാജ്യങ്ങളെയും സ്വാധീനിക്കാൻ ദലൈലാമയോടുള്ള മൃദു സമീപനം സഹായിക്കും. ഈ സാഹചര്യത്തിലാണ് ചൈനയ്ക്കെതിരെ പ്രതിരോധിക്കാനുള്ള സാംസ്കാരിക ആയുധമായി ദലൈലാമയുടെ ആത്മീയ രാഷ്ട്രീയം ചർച്ചചെയ്യപ്പെടുന്നത്.
(കേരള സർവകലാശാല പൊളിറ്റിക്സ് വിഭാഗം മേധാവിയും U.G.C M.M.T.T.C, ക്യാമ്പസ് ഡയറക്ടറുമാണ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |