വടക്കഞ്ചേരി: അനന്തമായി നീളുന്ന പന്നിയങ്കര ടോൾ വിഷയത്തിൽ സൗജന്യ യാത്ര ലഭിച്ചിരുന്ന ആറു പഞ്ചായത്തിലും താഴെ തട്ടു മുതൽ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്.. പത്തു കിലോമീറ്റർ പരിധിയിൽ സൗജന്യയാത്ര എന്ന നിലപാടിൽ ഒരു വിട്ടുവീഴ്ചക്കും കോൺഗ്രസ് തയ്യാറല്ലെന്ന് മണ്ഡലം പ്രസിഡന്റ് ഇല്ലിയാസ് പടിഞ്ഞാറേക്കളം പറഞ്ഞു. സി.പി.എമ്മും എം.എൽ.എയും തമ്മിലുള്ള രഹസ്യ ഡീലാണ് ടോൾ പ്രശ്നം പരിഹരിക്കപ്പെടാത്തതിന് കാരണമെന്നും ഇക്കാര്യം സൗജന്യ യാത്ര ലഭിച്ചിരുന്ന വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ എല്ലാ വാർഡ് കോൺഗ്രസ് കമ്മിറ്റികളും ജനങ്ങളോട് വിശദീകരിക്കുമെന്നും ഇല്ലിയാസ് പറഞ്ഞു. പത്തു കിലോമീറ്റർ പരിധിയിൽ വരുന്ന ജനങ്ങളെ അണിനിരത്തി ടോൾ സമരം ശക്തമാക്കുകയും ചെയ്യും. ഇതിനിടെ ടോൾ കമ്പനി തോന്നിയപോലെ ടോൾ പിരിക്കുന്നതായും വ്യാപക പരാതികളുണ്ട്. വടക്കഞ്ചേരി പഞ്ചായത്തിൽ കോൺഗ്രസിലെ അഞ്ചാം വാർഡ് മെമ്പർ സതീഷ് ടോൾ പ്ലാസ വഴി കടക്കുമ്പോൾ 115 രൂപ ഫാസ് ടാഗ് വഴി നഷ്ടപ്പെട്ടു. പ്രതിഷേധങ്ങൾക്കൊടുവിൽ കമ്പനി പ്രതിനിധി എത്തി പണം തിരിച്ചു നൽകിയാണ് പ്രശ്നം പരിഹരിച്ചത്.
സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിച്ചേക്കും
സ്‌കൂൾ തുറന്നാൽ സ്‌കൂൾ വാഹനങ്ങളിൽ നിന്നു ടോൾ ഈടാക്കാനാണു കമ്പനിയുടെ ശ്രമം. ടോൾ നൽകാതെ പോയി എന്നാരോപിച്ച് സ്‌കൂൾ വാഹനങ്ങൾ 60,000 രൂപ മുതൽ 4 ലക്ഷം രൂപ വരെ പിഴ നൽകണം എന്നാവശ്യപ്പെട്ട് വക്കീൽ നോട്ടിസും അയച്ചിട്ടുണ്ട്. ഈ നോട്ടിസ് പിൻവലി ക്കണമെന്നു സർവ കക്ഷി യോഗത്തിൽ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. വടക്കഞ്ചേരിയിൽ കെ.രാധാകൃഷ്ണൻ എം.പി, എം.എൽ.എമാരായ പി.പി.സുമോദ്, കെ.ഡി.പ്രസേനൻ, ജില്ലാ കലക്ടർ, എ.ഡി.എം, ടോൾ കമ്പനി, ദേശീയപാത അതോറിറ്റി എന്നിവരുടെ സാന്നിധ്യത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സമരസമിതി അംഗങ്ങളും ചേർന്ന് എടുത്ത തീരുമാനം അംഗീകരിക്കണമെന്നും മറിച്ച് തീരുമാനം ഉണ്ടായാൽ സമരം ശക്തമാക്കുമെന്നുമാണ് വടക്കഞ്ചേരി കോൺഗ്രസ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |