നെടുമങ്ങാട്: ബിന്ദുവിനും മക്കൾക്കും കൈത്തോട് കടന്ന് വീട്ടിലേക്ക് കയറാൻ ഇനി ഇലക്ട്രിക് പോസ്റ്റ് വേണ്ട, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കോൺക്രീറ്റ് പാലം പണിതു നൽകും. 2025 - 26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി തോടിന് കുറുകെ കോൺക്രീറ്റ് പാലം നിർമ്മിച്ച് കൊടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് വി.അമ്പിളി ഉറപ്പു നൽകി.അന്യായമായി തടങ്കലിൽ വച്ച് പൊലീസുകാരുടെ ക്രൂരതകൾക്കിരയായ ചുള്ളിമാനൂർ ആട്ടുകാൽ പാമ്പാടി തോട്ടരികത്ത് താമസിക്കുന്ന ബിന്ദുവിന്റെ ആകുലതകളിലൊന്നിന് അങ്ങനെ പരിഹാരമായി.നിർദ്ധന കുടുംബത്തിന്റെ ദുരിത ജീവിതം അടയാളപ്പെടുത്തുന്നതാണ്, ഇവരുടെ വീട്ടിലേക്ക് കയറാൻ കൈത്തോടിന് കുറുകെ ഇട്ടിരിക്കുന്ന ഇലക്ട്രിക് പോസ്റ്റ് എന്ന് സംബന്ധിച്ച് ചിത്രം സഹിതം ''നടപ്പാലം അടയാളപ്പെടുത്തും: ബിന്ദുവിന്റെ സഹന ജീവിതം""എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് അടിയന്തര തീരുമാനം.പ്ലസ്‌ടുവിനും പത്താംക്ളാസിലും പഠിക്കുന്ന പെൺമക്കളും ബിന്ദുവും മറ്റ് കുടുംബാംഗങ്ങളും ഇലക്ട്രിക് പോസ്റ്റിലൂടെ നടന്നാണ് വീടിന് പുറത്തിറങ്ങുന്നതെന്ന് വാർത്തയിൽ വ്യക്തമാക്കിയിരുന്നു.പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി, ബ്ലോക്ക്മെമ്പർ പി.സുഷ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷൈലകുമാരി,രമാദേവി,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ശ്രീകല പി.ജി എന്നിവരും ബ്ലോക്ക് പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.2024-25 വർഷത്തെ പദ്ധതി തുക വിനിയോഗിച്ച് ബിന്ദുവിന്റെ മകൾക്ക് പഠനമുറി നൽകിയിട്ടുണ്ടെന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.ഇന്നലെയും ബിന്ദുവിന്റെ വീട്ടിലേക്ക് വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരുടെ ഒഴുക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |