കോഴിക്കോട്: വെയിലാറി മഴ കനത്തിട്ടും ജില്ലയിൽ മഴക്കാല പൂർവ ശുചീകരണം എങ്ങുമെത്തിയില്ല. ഓടകളിലും തോടുകളിലും പൊതു ഇടങ്ങളിലും മാലിന്യക്കൂനകളാണ്. ഇന്നലെ പെയ്ത കനത്ത മഴയിൽ ഓടകൾ നിറഞ്ഞ് മാലിന്യം റോഡിലെത്തിയപ്പോൾ പലയിടത്തും കാൽനട ദുസ്സഹമായി. വെള്ളക്കെട്ട് വേറെയും. മഴ തുടങ്ങും മുമ്പേ ശുചീകരണം നടക്കേണ്ടത്. എന്നാൽ പല തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രാഥമിക നടപടികൾ പോലും പൂർത്തിയായില്ല. ചില പഞ്ചായത്തുകളിൽ വാർഡ് തല കമ്മിറ്റികൾ കൂടിയിട്ടെയുള്ളു. കോർപ്പറേഷനിലെ ചുരുക്കംചില വാർഡുകളിൽ ശുചീകരണം ആരംഭിച്ചു. അതും കാലവർഷത്തിന് മുമ്പ് പൂർത്തിയാകുമെന്ന് ഉറപ്പില്ല. ഫണ്ട് ലഭ്യതയിലെ കാലതാമസമാണ് ശുചീകരണം വെെകാൻ കാരണമായി പറയുന്നത്. കോർപ്പറേഷൻ ഓരോ വാർഡുകൾക്കും 75000 രൂപ മുതലാണ് മഴക്കാലപൂർവ ശുചീകരണത്തിന് അനുവദിച്ചത്. എന്നാൽ ചില വാർഡുകൾക്ക് ഈ തുക മതിയാവില്ലെന്ന പരാതിയുണ്ട്.
ചെയ്യാനുണ്ടേറേ...
പൊതുഇടങ്ങൾ മാലിന്യമുക്തമാക്കുക, വെള്ളക്കെട്ടുകൾ ഒഴിവാക്കുക, ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ നീക്കുക, മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം നടത്തുക, വാർഡുതല ശുചിത്വസമിതികളുടെ പ്രവർത്തനം ഊർജിതപ്പെടുത്തുക, മാലിന്യക്കൂനകൾ, വെള്ളക്കെട്ട് തുടങ്ങിയ സ്ഥലങ്ങളുടെ പട്ടിക തയാറാക്കുക, അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, പോസ്റ്റുകൾ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവർത്തനം പൂർത്തീകരിക്കണം. ദേശീയ പാത നിർമ്മാണവുമായ ബന്ധപ്പെട്ട് രൂപം കൊള്ളാനിടയുള്ള വെള്ളക്കെട്ടുകൾ ഇല്ലാതാക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് സംയുക്ത പരിഹാര പദ്ധതി തയ്യാറാക്കണം. ഡ്രൈനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. ഇത് മോണിറ്റർ ചെയ്യാൻ എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനം രൂപീകരിക്കണം. ഓപ്പറേഷൻ ബ്രേക്ക്ത്രൂ, ഓപ്പറേഷൻ അനന്ത തുടങ്ങിയവക്ക് തുടർച്ചയുണ്ടാണം. കനോലി കനാലിലെ ഒഴുക്ക് സുഗമമാക്കി ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണം.
പകർച്ചവ്യാധി ഭീതി
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ പകർച്ചവ്യാധികളും പിടിമുറുക്കി. പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ ബാധിച്ച് നിരവധിപേരാണ് ആശുപത്രികളിൽ ചികിത്സ തേടുന്നത്. മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾ പടരാൻ സാധ്യതയേറെയാണെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകുന്നു.
' ശുചീകരണത്തിന് ഫണ്ട് അനുവദിക്കാൻ വെെകി. ശുചീകരണം തുടങ്ങിയെങ്കിലും മഴയ്ക്ക് മുമ്പ് പൂർത്തിയാകുമോ എന്ന് സംശയമാണ്. മിഠായിത്തെരുവ് കവാടത്തിലെ വെള്ളക്കെട്ട് ഈ മഴക്കാലത്തും അതേപടി തുടരുമെന്നാണ് അവസ്ഥ. വെള്ളം ഒഴുക്കിവിടാനുള്ള പദ്ധതികളൊന്നുമുണ്ടായിട്ടില്ല. കനോലി കനാലിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തിയും എവിടെയുമെത്തിയില്ല''-
കെ.സി ശോഭിത,
കോർപ്പറേഷൻ യു.ഡി.എഫ് കൗൺസിലർ
'' മഴക്കാലശുചീകരണത്തിനായി 'മഴത്തുള്ളിക്കിലുക്കം' എന്ന പേരിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഓവുചാൽ ശുചീകരണം, കാട് വെട്ടൽ, ബോധവത്കരണം, ഓപ്പറേഷൻ കൂൾ, ഹോട്ട് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. വാർഡുകളിൽ രണ്ടാംഘട്ട ശുചീകരണത്തിനായി ഫണ്ട് കൊടുത്തു തുടങ്ങി.''
ഡോ. ജയശ്രീ,
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |