കടമ്പനാട് : പത്തനംതിട്ട - കൊല്ലം ജില്ലകളിലെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ആശ്രയമായിരുന്ന നെല്ലിമുകൾ ചന്ത വിസ്മൃതിയിലേക്ക്. കടമ്പനാട് പഞ്ചായത്തിലെ വെറ്റ വ്യാപാരത്തിന് പേരുകേട്ട ഇടമായിരുന്നു നെല്ലിമുകൾ. ബുധൻ, ശനി, ഞായർ ദിവസങ്ങളിലായിരുന്നു ചന്ത പ്രവർത്തിച്ചിരുന്നത്.
പച്ചക്കറി, മത്സ്യം , ഇറച്ചി വ്യാപാരവും , പശു കച്ചവടവുമൊക്കെയായി സജീവമായിരുന്നു ഒരു കാലം ഈ വ്യാപരകേന്ദ്രത്തിനുണ്ടായിരുന്നു. കൊവിഡ് കാലത്തിനു ശേഷമാണ് ചന്തയുടെ കഷ‌്ടകാലം തുടങ്ങുന്നത്. 2002ൽ അടൂർ എം എൽ എയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ചന്തയിലെ സ്റ്റാളുകൾ ഉദ്‌ഘാടനം ചെയ്തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഒരു വശത്ത് ഇറച്ചി വ്യാപാരത്തിനും മറുവശത്ത് മത്സ്യവ്യാപാരത്തിനും സ്റ്റാളുകൾ ഒരുക്കിയിരുന്നു. എന്നാൽ ഒരു വശത്തെ സ്റ്റാളുകളുടെ ഗ്രില്ലുകൾ പൂർണമായും തകർന്ന നിലയിലാണ്. മത്സ്യവ്യാപാര സ്റ്റാളുകൾ പൂട്ടിക്കിടക്കുന്ന നിലയിലുമാണ്.
പൂട്ടിപ്പോയ കച്ചവടം
കന്നുകാലി കച്ചവടം പൂർണമായി നിലച്ചിട്ട് അഞ്ചുവർഷമായി. കർഷകർക്ക് ന്യായമായ വില നൽകാതെ പുലർച്ച നടന്നിരുന്ന വെറ്റില വ്യാപാരവും നിലച്ചു. ചൂഷണവും തർക്കവും പതിവായതോടെ കർഷകർ ചന്തയിൽ എത്താതാകുകയായിരുന്നു. മത്സ്യ വ്യാപാരികൾക്കായുള്ള സ്റ്റാൾ ഉപയോഗിക്കുന്നില്ല. നെല്ലിമുകൾ ജംഗ്ഷനിൽ മൂന്ന് മീൻ സ്റ്റാളുകൾ പ്രവർത്തിക്കുന്നതിനാൽ ചന്തയ്ക്കുള്ളിൽ മീൻ വാങ്ങാൻ ആൾ എത്താതായി. ചന്തയിൽ സ്വകര്യവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണിപ്പോൾ. ഒരു സ്റ്റാളിൽ മാലിന്യം ചാക്കുകളിൽ നിറച്ചുവച്ചിരിക്കുകയാണ്. ചന്ത പ്രവർത്തനം നിലച്ചതോടെ പ്രദേശത്തെ വ്യാപാരികൾക്കും തിരിച്ചടിയായി. അധികൃതർ ഇടപെട്ട് ചന്ത പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം
ചന്ത ഇല്ലാതായതോടെ സമീപത്തെ മറ്റു വ്യാപാരങ്ങൾക്കും തിരിച്ചടിയുണ്ടായി. ചന്ത സജീവമാക്കണം.
സരസൻ, വ്യാപാരി
വെറ്റിലച്ചന്ത സജീവമാക്കാനുമുള്ള ശ്രമമുണ്ട്. നെല്ലിമുകൾ ചന്ത ക്രമേണ പൂർവകാല സ്ഥിതിയിലെത്തും.
ഷീജ കൃഷ്ണൻ
നെല്ലിമുകൾ വാർഡ് അംഗം
അധികൃതരുടെ അലംഭാവവും വിലക്കയറ്റവുമാണ് ചന്ത നശിക്കാൻ കാരണം.
ചന്ത പൂർവ്വസ്ഥിതിയിലാക്കണം
രാജീവ്കുമാർ,
ബി ജെ പി കടമ്പനാട് ഏരിയ പ്രസിഡന്റ്
വഴിയോര കച്ചവടങ്ങൾ അവസാനിപ്പിച്ച് ചന്ത സജീവമാകാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണം. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം
ടി.സുന്ദരൻ,
കോൺഗ്രസ് നെല്ലിമുകൾ വാർഡ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |