പത്തനംതിട്ട : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടക പരമ്പരാഗത പാതയിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പരസ്പരം പഴിചാരുന്നു. 19ന് വൈകിട്ട് 6.30ന് വാട്ടർ അതോറിട്ടിയുടെ കിയോസ്‌ക്കിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തെലുങ്കാന സ്വദേശി ഭാരതാമ്മ (64) മരിച്ചത്. സംഭവത്തെ തുടർന്ന് ഇന്നലെ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പക്ടറുടെ നേതൃത്വത്തിൽ കേരള ഇലക്ട്രിസിറ്റി ബോർഡ്, ദേവസ്വം ബോർഡ് മരാമത്ത് ഇലക്ട്രിക് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രാഥമിക പരിശോധന നടത്തി. കിയോസ്‌ക്കിന് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ നിന്നാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തി. ജി.ഐ പോസ്റ്റിലെ ലൈറ്റിലേക്ക് സപ്ലെ കൊടുക്കുന്ന കണക്ടറിലെ വയർ ഉരുകിയതാണ് ജി.ഐ പോസ്റ്റിലേക്ക് വൈദ്യുതി പ്രവഹിക്കാൻ കാരണം. വൈദ്യുതി പോസ്റ്റിൽ നിന്നും കമ്പി ഉപയോഗിച്ച് സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച വാട്ടർ കിയോസ്‌ക്കിനെ ബന്ധിപ്പിച്ചിരുന്നു. ഇതാണ് കിയോസ്‌ക്കിലേക്ക് വൈദ്യുതി എത്താൻ കാരണം. കനത്ത മഴ പെയ്തിരുന്നതിനാൽ ശക്തമായ വൈദ്യുതി പ്രവാഹം ഉണ്ടായി. ഭാരതാമ്മ പൈപ്പ് തുറക്കാൻ ശ്രമിക്കുമ്പോൾതന്നെ ശരീരത്തിലേക്ക് വൈദ്യുതി പ്രവഹിച്ചു. വൈദ്യുതി ബന്ധം വിശ്ചേദിച്ച് കൂടെ ഉണ്ടായിരുന്നവർ ഇവരെ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാട്ടർ കിയോസ്‌ക്ക് ഉറപ്പിച്ചു നിറുത്താതെ കമ്പികൊണ്ട് കെട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദേവസ്വം ബോർഡിന്റെയും വൈദ്യുതി വകുപ്പിന്റെയും ഇലക്ട്രിക്കൽ വിഭാഗം ആരോപിച്ചു. എന്നാൽ വൈദ്യുതി വകുപ്പിന്റെ കുറ്റകരമായ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.
പമ്പ മുതൽ സന്നിധാനം വരെ 140ൽ പരം സ്ട്രീറ്റ് ലൈറ്റുകളാണ് ഉള്ളത്. ഇവയിലേക്ക് വൈദ്യുതി എത്തിക്കുന്നത് കെ.എസ്.ഇ.ബി ആണെങ്കിലും ഇവയുടെ അറ്റകുറ്റപണി നടത്തുന്നത് ദേവസ്വം മരാമത്ത് ഇലക്ട്രിക്കൽ വിഭാഗമാണ്. മാസ പൂജാ വേളകളിലും പരിശോധന നടത്താറുണ്ട്. ഇലക്ട്രിക് പോസ്റ്റിലെ എൽ.ഇ.ഡി ലൈറ്റിലേക്കുള്ള വയർ ഉരുകിയതാണ് വൈദ്യുതി പ്രവഹിക്കാൻ കാരണം. വൈദ്യുതി പോസ്റ്റിൽ അനുവാദമില്ലാതെ കമ്പി ഉപയോഗിച്ച് കിയോസ്‌ക്കുകൾ കെട്ടി നിറുത്തിയതാണ് അപകട കാരണം.
രാജേഷ്, എക്സിക്യൂട്ടീവ് എൻജിനിയർ,
ഇലക്ട്രിക്കൽ വിഭാഗം, ശബരിമല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |