പാലക്കാട്: വേലന്താവളം ചെക്ക്പോസ്റ്റിൽ കൊഴിഞ്ഞാമ്പാറ പൊലീസും ലഹരിവിരുദ്ധ സ്വകാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ 69,99,500 രൂപയുടെ വൻ കുഴൽപ്പണ വേട്ട. കോയമ്പത്തൂർ ത്യാഗിതെരുവ് സ്വദേശകളായ സന്ദീപ്(30), സാഗർ(35), ശരത്ത് (40) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ ആറരയ്ക്ക് ചെക്ക് പോസ്റ്റിന് സമീപം രണ്ട് ബൈക്കുകളിലായി വന്ന യുവാക്കളെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കൊണ്ടുവന്ന 69,99,500 രൂപയും 200 ഗ്രാം സ്വർണവും കണ്ടെത്തിയത്. പ്രത്യേകമായി സജീകരിച്ച ജാക്കറ്റിന്റെ അറകളിൽ പണവും സ്വർണവും നിറച്ച് ഇതിനു മുകളിലായി ഷർട്ട് ധരിച്ചായിരുന്നു മൂവരും എത്തിയത്. കോയമ്പത്തൂരിൽ നിന്നും എത്തിച്ച പണവും സ്വർണവും വടക്കഞ്ചേരിയിൽ എത്തുന്ന വ്യക്തിക്ക് കൈമാറുകയായിരുന്നു യുവാക്കളുടെ ദൗത്യം. പിടിയിലായ യുവാക്കളെ ഇൻകം ടാക്സ് വിഭാഗത്തിനു കൈമാറി. കൊഴഞ്ഞാമ്പാറ പൊലീസ് എസ്.ഐ കെ.പി.ജോർജ്, എ.എസ്.ഐ ശാന്ത, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ ഹരിദാസ് എന്നിവരടങ്ങിയ പൊലീസും ലഹരിവിരുദ്ധ സ്വകാഡുമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |