ചിറയിൻകീഴ്: വികസനക്കുതിപ്പിൽ മുഖച്ഛായ മാറി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ. അമൃത് ഭാരത് പദ്ധതിയിലൂടെ 7 കോടി 36 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായുളള പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയാക്കിയത്. ബാക്കിയുള്ളവ പദ്ധതിയുടെ ഭാഗമായി ഘട്ടംഘട്ടമായി പൂർത്തീകരിക്കാനാണ് ഉദ്ദേശ്യം. വികസിത ഇന്ത്യയുടെ അടുത്ത 25 വർഷത്തെ മുൻനിറുത്തി വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 ആഗസ്റ്റ് 6ന് ഈ സ്റ്റേഷനിൽ പദ്ധതിക്ക് തുടക്കമിട്ടത്. റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് വികസനങ്ങൾ ഒരുക്കിയത്. വിശാലമായ വാഹന പാർക്കിംഗും സ്റ്റേഷൻ മന്ദിര നവീകരണവുമാണ് ഏറ്റവും പ്രധാനപ്പെട്ട ആകർഷണീയത. വലിയ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാം. ചിറയിൻകീഴ് താലൂക്കിലെ ഏറെ ജനത്തിരക്കുള്ളതും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതുമായ റെയിൽവേ സ്റ്റേഷനാണ് ചിറയിൻകീഴ്. ആറ്റിങ്ങൽ,കോരാണി,പെരുങ്ങുഴി,കിളിമാനൂർ,വെഞ്ഞാറമൂട്,ആലംകോട് മേഖലയിലുള്ളവർ ദീർഘദൂര ട്രെയിനുകളെയടക്കം ആശ്രയിക്കുന്ന സ്റ്റേഷനാണിത്.
നടപ്പാക്കിയിരിക്കുന്നത് - 7 കോടി 36 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ
പ്രവേശന കവാടവും ഒരുക്കിയിരിക്കുന്നു
സ്റ്റേഷൻ മന്ദിര നവീകരണം,സ്റ്റേഷൻ മാസ്റ്റർ ഓഫീസ്,ടിക്കറ്റ് വിതരണ കേന്ദ്രം,സ്ത്രീകളുടെ വിശ്രമമുറി,സ്റ്റേഷൻ മന്ദിരത്തിന്റെയും പ്ലാറ്റ്ഫോമുകളുടെയും റൂഫിംഗ്,പ്ലാറ്റ്ഫോമുകൾ ടൈൽപാകി നവീകരിക്കൽ,പബ്ലിക്ക് ഇൻഫർമേഷൻ ഡിസ്‌പ്ലേയ്സ്,ചുറ്റുമതിൽകെട്ടി സംരക്ഷണം ഒരുക്കൽ,ഡ്രെയിനേജ് സംവിധാനം, സ്റ്റേഷനിലും പാർക്കിംഗ് ഗ്രൗണ്ടിലും ലൈറ്റുകൾ,ഫാനുകളും ശുദ്ധജല സംവിധാനങ്ങളും ഒരുക്കൽ,ഭക്ഷണശാല,യാത്രക്കാരുടെ സൗകര്യാർത്ഥമുള്ള വിപണനശാലകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ചിറയിൻകീഴ് റെയിൽവേ ഓവർബ്രിഡ്ജിന് സമീപം സർവീസ് റോഡിന് അഭിമുഖമായി പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്.
നവീകരണോദ്ഘാടനം ഇന്ന്
അമൃത് സ്റ്റേഷനിൽ ഉൾപ്പെടുത്തിയ ചിറയിൻകീഴ് സ്റ്റേഷന്റെ നവീകരണ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി,അടൂർ പ്രകാശ് എം.പി,വി.ശശി എം.എൽ.എ,മറ്റ് ജനപ്രതിനിധികൾ,സ്വാതന്ത്ര്യ സമരസേനാനികൾ,വിമുക്ത ഭടന്മാർ,പാസഞ്ചർ അസോസിയേഷൻ പ്രതിനിധികൾ,സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ,റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി സ്കൂൾതലത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |