പാലക്കാട്: തൃത്താല-പട്ടാമ്പി റോഡിന് സമീപം കൂമൻതോട് പാലത്തിനും റോഡിനും കരുത്തേകാൻ പാർശ്വഭിത്തിയൊരുങ്ങി. തൃത്താല എം.എൽ.എ കൂടിയായ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷിന്റെ നിർദ്ദേശ പ്രകാരം ആധുനിക ഗാബിയോൺ രീതി അവലംബിച്ചാണ് കൂമൻതോട് പാലത്തെയും റോഡിനേയും സംരക്ഷിക്കാൻ പദ്ധതിയൊരുക്കിയത്. കിഫ്ബി ഫണ്ടിൽ നിന്നും 50 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2018 ലെ പ്രളയത്തിലാണ് കൂമൻതോട് പാലത്തിന് സമീപം റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞ് പാലം ഉപയോഗ ശൂന്യമായത്. തുടർന്ന് മന്ത്രി എം.ബി.രാജേഷിന്റെ ഇടപെടലിലൂടെ പുനർ നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.
സിമന്റും കമ്പിയും ആവശ്യമില്ല
സിങ്കും പി.വി.സിയും കോട്ട് ചെയ്ത ഇരുമ്പ് വലകളാണ് ഗാബിയോൺ ബാസ്‌ക്കറ്റുകൾ. ഈ ഗാബിയോൺ ബാസ്‌ക്കറ്റുകളിൽ കരിങ്കല്ലുകൾ അടുക്കിയാണ് പാലത്തിന്റെ പാർശ്വഭിത്തി നിർമ്മിക്കുന്നത്. ഉയർന്ന വായുസഞ്ചാരത്തെയും വെള്ളം കെട്ടിക്കിടക്കാനുള്ള സാദ്ധ്യതയും കുറയ്ക്കുന്ന ഇത് പരിസ്ഥിതി സൗഹൃദ പദ്ധതിയാണ്. സിമന്റോ കമ്പിയോ ആവശ്യമില്ല എന്നതും പ്രത്യേകതയാണ്. ഉരുൾപ്പൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങളിൽ അവലംബിക്കുന്ന രീതി കൂടിയാണിത്. കെ.ഡി.എസ് എൻജിനിയറിംഗ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല.
റോഡിന്റെ പാർശ്വഭിത്തിയുടെ അടിത്തറയിൽ ബലക്ഷയം സംഭവിക്കാതിരിക്കാൻ 15 അടിയിലധികം വീതിയിൽ ഫൗണ്ടേഷൻ പ്രവൃത്തി നടത്തിയിട്ടുണ്ട്. എട്ട് മീറ്റർ ഉയരത്തിലും 39 മീറ്റർ നീളത്തിലുമായി പാർശ്വഭിത്തി നിർമ്മിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. നിലവിൽ ഒരു വശത്തേക്കുള്ള ഗതാഗതം തുറന്ന് നൽകിയിട്ടുണ്ട്. റോഡിന്റെ ടാറിംഗ് നാല് മാസം കൊണ്ട് പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് റോഡ് പൂർണമായും ഉപയോഗ പ്രദമാക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |