വടക്കഞ്ചേരി: മുടപ്പല്ലൂരിനടുത്ത് വള്ളിയോട്ടിൽ തരിശുഭൂമിയിൽ തണ്ണിമത്തൻ വിളവെടുത്തു വിജയം കൊയ്ത ഷിബു, അജോഷ് എന്നീ ചെറുപ്പക്കാർ കിഴക്കഞ്ചേരി കോരൻചിറ പൊക്കലത്തുള്ള നെൽവയലിലും കിരൺ മെലഡി ഫ്ളേവർ തണ്ണിമത്തൻ വിജയഗാഥ ആവർത്തിക്കുകയാണ്.
നെൽകൃഷി നടന്നുകൊണ്ടിരുന്ന വയലിൽ വേനൽക്കാലത്ത് രണ്ടാം വിള കൊയ്ത്ത് കഴിഞ്ഞ് നിലം പാകപ്പെടുത്തി തണ്ണിമത്തൻ വിത്ത് നടുന്നതിനായി കൂനകൾ കൂട്ടി അതിൽ വിത്ത് നിക്ഷേപിച്ച് ഓരോ ചെടിയിലും തുള്ളിനന സംവിധാനം ഏർപ്പെടുത്തി. ഈ സംവിധാനം കൂലി ചിലവ് കുറക്കുന്നതിനു പുറമേ എല്ലാ ചെടികൾക്കും കൃത്യമായി വെള്ളം ആവശ്യത്തിന് എത്തുകയും ചെയ്യും. തുള്ളി നനയിൽ കൂടി ചെടിക്ക് ആവശ്യമായ വളവും ഒരുമിച്ച് ചെന്നപ്പോൾ ചെടിയുടെ വളർച്ച പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ഒരേക്കർ സ്ഥലം കൃഷി ചെയ്യുന്നതിന് ഒരു ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഇവർ പറയുന്നത്. ന്യായമായ വില കിട്ടിയാൽ ഒരു വർഷം കൊണ്ട് തന്നെ കൃഷി ലാഭകരമാകും എന്നാണ് ഇവരുടെ അഭിപ്രായം. കരിംപച്ച നിറമുള്ള കിരൺ ഇനത്തിൽപ്പെട്ട മെലഡി ഫ്ളേവർ ആയ തണ്ണിമത്തനാണ് ഇവിടെ നട്ടത്. കഴിഞ്ഞവർഷം 18 രൂപ കിലോയ്ക്ക് വില കിട്ടിയിരുന്ന സ്ഥാനത്ത് ഈ വർഷം മഴ പെയ്തതിനാൽ വിളവ് കുറയും വില പത്തു രൂപയായി കുറയുകയും ചെയ്തു. എന്നാലും നഷ്ടം വരില്ല എന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഷിബു പാലക്കാട് ജില്ലയിലെ മുടപ്പല്ലൂർ സ്വദേശിയും, അജോഷ് ആലപ്പുഴ ജില്ലക്കാരനുമാണ്. തണ്ണിമത്തൻ കൂടാതെ മറ്റുപല കൃഷികളും ഇവർ പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്യുന്നുണ്ട്.കൃഷിയിൽ തുടരാൻ തന്നെയാണ് ഇരുവരുടെയും തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |