വിതുര: വിതുര പഞ്ചായത്തിലെ മണലി,ചെറുമണലി,പൊന്നാംചുണ്ട് മേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനയെ വനപാലകരുടെ നേതൃത്വത്തിൽ മയക്കുവെടിവച്ച് പിടികൂടി ചികിത്സനൽകി. ആനയുടെ പിൻഭാഗത്ത് പരിക്കേറ്റ നിലയിലായിരുന്നു. ഇതാണ് വനത്തിലേക്ക് പോകാൻ കൂട്ടാക്കാത്തതിന് കാരണമെന്ന് വനപാലകർ പറഞ്ഞു. മോഴയാനയാണ്. കൊമ്പനാനയുമായി ഏറ്റുമുട്ടിയപ്പോൾ കുത്തേറ്റതാകാം പരിക്കെന്നും അധികൃതർ അറിയിച്ചു. ആനയെ രണ്ട് ദിവസം നിരീക്ഷിച്ച ശേഷം വനത്തിലേക്ക് തിരിച്ചുവിടാനാണ് തീരുമാനം. ആന ആരോഗ്യവാനാണെന്ന് ഡി.എഫ്.ഒ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി ആന പാലോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള മണലി ആദിവാസിമേഖലയിൽ ചുറ്റിത്തിരിയുകയായിരുന്നു.
നേരത്തെ മണിതൂക്കി ചിറ്റാർ,കുണ്ടയം,പേപ്പാറ,കല്ലാർ മൊട്ടമൂട്,ജഴ്സിഫാം മേഖലകളിലും ഈ ആനയെത്തിയിരുന്നു. കഴിഞ്ഞ ദിവസം മണലിയിൽ ആന നിലയുറപ്പിച്ചതറിഞ്ഞ് ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഒരുദിവസം നിരീക്ഷിച്ചെങ്കിലും ആന ഇവിടെനിന്നും പിൻവാങ്ങിയില്ല. തുടർന്ന് ഇന്നലെ രാവിലെയാണ് ആനയെ പിടികൂടാൻ തീരുമാനിച്ചത്. ജനങ്ങൾ ജാഗ്രതപുലർത്തണമെന്ന് വനപാലകർ നിർദ്ദേശം നൽകിയിരുന്നു. മോഴയാനയ്ക്ക് പുറമെ പിടിയാനയും കുട്ടിയും മണലി മേഖലയിൽ എത്തുന്നുണ്ട്. ഇടയ്ക്ക് ഒറ്റയാനും എത്താറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |