കോഴിക്കോട് : രാസവളത്തിന് അടിക്കടിയുണ്ടാവുന്ന വിലക്കയറ്റത്തിൽ വലഞ്ഞ് കർഷകർ. കേന്ദ്രം സബ്സിഡി വെട്ടിക്കുറച്ചതോടെയാണ് രാസവളങ്ങളുടെ വില ക്രമാതീതമായി ഉയരാൻ തുടങ്ങിയതെന്നാണ് ആരോപണം. കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന കൃഷിനാശത്തിനിടെ രാസവള വില വർദ്ധന കർഷകർക്ക് വലിയ തിരിച്ചടിയാവുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 100 രൂപ മുതൽ 600 രൂപ വരെയാണ് പൊട്ടാഷ്, എൻ.പി.കെ മിശ്രിതം തുടങ്ങിയവയ്ക്ക് വർദ്ധിച്ചത്. പൊട്ടാഷിന്റെ 50 കിലോ ചാക്കിന്റെ വില 1000 രൂപയിൽ നിന്ന് 1600 രൂപയായി ഉയർന്നു. ചില്ലറ വാങ്ങുകയാണെങ്കിൽ വീണ്ടും വർദ്ധിക്കും. 2021-22 ൽ 650 രൂപയായിരുന്നു 50 കിലോ പൊട്ടാഷിന്റെ വില. വിലക്കയറ്റം കാരണം പൊട്ടാഷിന്റെ ഇറക്കുമതി കുറഞ്ഞത് ക്ഷാമത്തിനും കാരണമായി.
ഡെെ അമോണിയം ഫോസ്ഫേറ്റ്, അമോണിയം സൾഫേറ്റ്, 10:26:26 എൻ.പി.കെ കോംപ്ലക്സ് വളം, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവയ്ക്കെല്ലാം വില ഉയർന്നിട്ടുണ്ട്. 1470 രൂപയായിരുന്ന എൻ.പി.കെ കോംപ്ലക്സ് വളത്തിന് ഇപ്പോൾ 1720 ആയി. ഫാക്ടംഫോസിന് 1150 രൂപയായിരുന്നത് 1400 രൂപയായി. ചെറുകിട കൃഷിക്കാരെയും, സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരെയുമെല്ലാം വിലക്കയറ്റം രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
സബ്സിഡി വെട്ടിക്കുറച്ചത് വെല്ലുവിളി
രാസവളങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. സർക്കാരിന്റെ ന്യൂട്രിയന്റ് പോളിസി പ്രകാരമാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. സബ്സിഡിയിൽ ലക്ഷങ്ങളാണ് വെട്ടിക്കുറച്ചത്. യൂറിയ മാത്രമാണ് ഇപ്പോൾ സബ്സിഡിയുടെ പരിധിയിലുള്ളത്. മറ്റു വളങ്ങളെല്ലാം സബ്സിഡിയിൽ നിന്ന് ഒഴിവാക്കി.
2023 ൽ 65,199. 58 കോടിയാണ് ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങൾക്ക് കേന്ദ്രം സബ്സിഡിയായി അനുവദിച്ചിരുന്നത്. 2024 ൽ ഇത് 52,310 കോടിയായി വെട്ടിക്കുറച്ചു. ഇത്തവണ ഇത് 49,000 കോടിയായും കുറച്ചു.
'' വേനൽമഴയിൽ കോടികളുടെ നാശനഷ്ടമാണ് കാർഷിക മേഖലയിലുണ്ടായത്. നെൽകൃഷിക്ക് ഉപയോഗിക്കുന്ന ഡെെ അമോണിയം ഫോസ്ഫേറ്റ് ഉൾപ്പെടെ എല്ലാ വളങ്ങളുടെയും വില കുതിച്ചുയരുന്നത് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും.
- നാരായണൻ, കർഷകൻ, കൊയിലാണ്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |