കൊച്ചി: നാഡീഞരമ്പുകൾ ചേർത്തുവച്ച് അസ്തപ്രജ്ഞരായ രോഗികളെ ഡോ. കെ.ആർ. രാജപ്പൻ ജീവിതത്തിലേക്ക് തിരിച്ചു നടത്തുമ്പോൾ, കഥകളും സ്വപ്നങ്ങളും ചായം ചാലിച്ച് ഒറ്റ ക്യാൻവാസിലാക്കുകയാണ് ഭാര്യ സി.കെ. നളിനി. എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രി ഡയറക്ടറും പ്ലാസ്റ്റിക് സർജറി വിദഗ്ദ്ധനുമായ ഡോ. രാജപ്പന്റെ സഹയാത്രിക 60 വർഷം മുമ്പ് വലതുകാൽ വച്ചുകയറിയ വീട് ഇന്ന് വർണങ്ങളുടെ സ്വപ്‌നലോകമാണ്.
82ാം വയസിലും പാലാരിവട്ടത്തെ നളിനിയുടെ 'വര"മുറിയിൽ പിറക്കുന്ന ചിത്രങ്ങളിൽ പ്രകൃതിയും കാലവും ഇതിഹാസ ബിംബങ്ങളുമുണ്ട്. വരച്ചതിലേറെയും പ്രിയപ്പെട്ടവർക്ക് സമ്മാനിച്ചു. സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയുടെ ചുവരിലും നളിനകാന്തിയുള്ള അപൂർവ ചിത്രങ്ങൾ.
ഇരിങ്ങാലക്കുട സ്വദേശിയായ നളിനി ചെറുപ്പം മുതൽ വരയ്ക്കുമെങ്കിലും വിവാഹശേഷമാണ് സജീവമായത്. ചിത്രകാരൻ കൂടിയായ രാജപ്പൻ നിർബന്ധിച്ച് എറണാകുളത്തെ ഒരു ആർട്‌സ് സ്‌കൂളിൽ ചിത്രകലാപഠനത്തിനു ചേർത്തു. ഓയിൽ,അക്രിലിക് പെയിന്റിംഗിലാണ് താത്പര്യം. സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നപ്പോഴും വരയ്ക്കാൻ സമയം കണ്ടെത്തി.
ശ്രീനാരായണഗുരുദേവന്റെ ശിഷ്യനും ചന്ദ്രിക സോപ്‌സിന്റെ സ്ഥാപകനുമായിരുന്ന സി.ആർ. കേശവൻ വൈദ്യരുടെ മകളാണ്. മക്കൾ:മിനി,ബീന,റീന. മരുമക്കൾ:ഡോ. ആർ. ജയകുമാർ,ഡോ. ആർ. വിജയൻ,ഡോ. സബിൻവിശ്വനാഥ് (സ്പെഷ്യലിസ്റ്റ്സ് ആശുപത്രി).
വരകളിൽ
സ്വപ്നവർണങ്ങൾ
നളിനിക്ക് ചിത്രങ്ങൾ വരച്ചതിന്റെ കണക്കുകളില്ല. ഇഷ്ടദൈവമായ ശ്രീകൃഷ്ണന്റെ വിവിധ ചിത്രങ്ങൾ വരയ്ക്കാനാണ് കൂടുതൽ ഇഷ്ടം. ശ്രീപത്മനാഭന്റെ വലിയൊരു ചിത്രം വരച്ചത് ആർക്കും കൊടുത്തിട്ടില്ല. യാത്രയ്‌ക്കിടെ മനസിൽ പതിയുന്ന കാഴ്ചകൾ,സംഭവങ്ങൾ,സ്വപ്‌നങ്ങൾ,കഥകൾ എന്നിവയെല്ലാം ക്യാൻവാസിൽ ചേക്കേറി. എറണാകുളത്ത് രണ്ടുതവണ ചിത്രപ്രദർശനം നടത്തി.
ചിത്രം വരയ്ക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരും. വരയ്ക്കാനായി ആയാസപ്പെടരുത്. തോന്നുമ്പോൾ,ആസ്വദിച്ചു വരയ്ക്കണം. അതിന് പ്രത്യേക സമയമൊന്നുമില്ല.
-സി.കെ. നളിനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |