കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്ത കാരണം തേടി ഫയർഫോഴ്‌സും പൊലീസും ജില്ലാ ഭരണകൂടവും ഇരുട്ടിൽ തപ്പുമ്പോൾ പ്രതിഷേധ സമരങ്ങളുമായി പ്രതിപക്ഷ സംഘടനകൾ. മുസ്ലിം ലീഗ് ഇന്നലെ കോർപ്പറേഷനിലേക്ക് മാർച്ചും യൂത്ത് കോൺഗ്രസ് ബസ് സ്റ്റാൻഡ് പരിസരത്ത് ജനജാഗ്രതാ സദസും നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് നഗരത്തിലെ തീ മാറും.
ഉത്തരവാദി കോർപ്പറേഷൻ: ലീഗ്
കോഴിക്കോട്: മൊഫ്യൂസൽ ബസ് സ്റ്റാന്റിലെ കോർപ്പറേഷൻ ബിൽഡിംഗ് കത്തിയതിൽ കോർപ്പറേഷനാണ് പ്രതി എന്നാരോപിച്ച് സൗത്ത് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ഈ വിഷയത്തിൽ മേയർ ഓഫീസിന് മുന്നിൽ സമരം ചെയ്ത കോഴിക്കോട് സൗത്ത് മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളെ കൈയേറ്റം ചെയ്ത ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിനെതിരെ നടപടി വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. മാർച്ച് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ തകർത്ത് കയറാൻ ശ്രമമുണ്ടായെങ്കിലും നേതാക്കൾ ഇടപെട്ടതോടെ പിൻമാറി. സമരം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ് ഉദ്ഘാടനം ചെയ്തു. പി.സക്കീർ അദ്ധ്യക്ഷത വഹിച്ചു. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്ന് നാല് വർഷം മുമ്പ് രേഖാമൂലം അറിയിപ്പ് നൽകിയിട്ടും മുൻകരുതലെടുക്കാതിരുന്ന കോർപ്പറേഷനാണ് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് കെട്ടിടം കത്തിയതിന്റെ ഉത്തരവാദികളെന്നും
മേയറുടെ കുറ്റസമ്മതം കൊണ്ടൊന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും വ്യാപാരികൾക്കും തൊഴിലാളികൾക്കും നഷ്ട പരിഹാരം നൽകണമെന്നും എം.എ.റസാഖ് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എസ്.വി.അർശുൽ അഹമ്മദ് സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാൻ, ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ.എ.വി.അൻവർ,കെ. പി.അബ്ദുള്ളകോയ, കൗൺസിലർമാരായ എസ്.കെ.അബൂബക്കർ, ആയിഷബി പാണ്ടികശാല, കവിത അരുൺ, സാഹിത സുലൈമാൻ, ഷിജിത്ത് ഖാൻ, സ്വാഹിബ് മുഹമ്മദ് പ്രസംഗിച്ചു. സെക്രട്ടറി ഇ.പി അഷ്‌റഫ് നന്ദി പറഞ്ഞു.
പിന്നിൽ കോർപ്പറേഷന്റെ അനാസ്ഥ : എം.കെ രാഘവൻ
കോഴിക്കോട് : മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ തീപിടിത്തമുണ്ടായത് കോർപ്പറേഷൻ ഭരണത്തിന്റെ അനാസ്ഥ കാരണമെന്ന് എം.കെ രാഘവൻ എം.പി. 'തീയിൽ നിന്ന് കോഴിക്കോടിനെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജന ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരം തീപ്പൊള്ളലേറ്റ് പിടയുമ്പോഴും അധികാരികൾക്ക് കുലുക്കമില്ല. 21 വർഷത്തിനിടെ നഗരത്തിൽ 39 തീപിടിത്തമുണ്ടായി. ഇപ്പോഴും തീപിടിത്തമുണ്ടായാൽ പരിഹരിക്കാനുള്ള സംവിധാനം ഇവിടെയില്ല. യു.ഡി.എഫ് ഭരണകാലത്ത് നഗരത്തിൽ ഒരു സാറ്റലൈറ്റ് ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ പ്ലാൻ സമർപ്പിച്ചിരുന്നു. എന്നാൽ കോർപ്പറേഷൻ ഇതുമായി മുന്നോട്ട് പോയില്ല. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കോർപ്പറേഷൻ കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നത്. ഇതിനെല്ലാം ഉത്തരവാദി കോർപ്പറേഷനാണ്. ഉചിതമായ സമയത്ത് ഇതിനെതിരായി പൊതുജനം തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് പി.പി റമീസ് അദ്ധ്യക്ഷത വഹിച്ചു. കെ.സി അബു, കമാൽ വരദൂർ, കെ.എം അഭിജിത്ത്, കെ.സി അബു, കെ.സി ശോഭിത, നൗഷീർ, പി.എം ആഷിഖ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |