പാലക്കാട്: റാപ്പർ വേടനെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങൾക്ക് മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്ന് അവർ പറഞ്ഞു. പാലക്കാട് കളക്ടറേറ്റിന് മുന്നിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് വേടനെതിരെ ശശികല രംഗത്തെത്തിയത്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് അതിലൂടെയാണോ? പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ നടത്തേണ്ടത്? കഞ്ചാവ് ഉപയോഗിക്കുന്നവർ പറയുന്നതേ കേൾക്കൂ എന്ന ഭരണരീതി മാറ്റണം. വേദിയിലെത്തിച്ച്, അതിന്റെ മുന്നിൽ പതിനായിരങ്ങൾ തള്ളേണ്ടി വരുന്ന, തുള്ളിക്കേണ്ടി വരുന്ന ഗതികേട്, ആടിക്കളിക്കെടാ കുഞ്ഞിരാമാ ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന് പറഞ്ഞ്, കുഞ്ഞിരാമന്മാരെ ചാടിക്കളിപ്പിക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി. ഭരണകൂടത്തിന് മുന്നിൽ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |