മലപ്പുറം: ദേശീയപാതയുടെ ഒരുഭാഗം കൂരിയാടിൽ തകരുകയും തലപ്പാറയിൽ വിള്ളലുണ്ടാവുകയും ചെയ്തതിന് പിന്നാലെ ഇന്നലെ എടരിക്കോട് മമ്മാലിപ്പടിയിലും റോഡിൽ വിള്ളൽ രൂപപ്പെട്ടത് നിർമ്മാണത്തിലെ അശാസ്ത്രീയതയും പിഴവും സംബന്ധിച്ച ആശങ്ക വർദ്ധിപ്പിക്കുന്നു. കൂരിയാടിൽ റോഡ് തകർന്ന ഭാഗങ്ങളിൽ ഇന്നലെ കൂടുതൽ വിള്ളലുകളുണ്ടായിട്ടുണ്ട്. മഴ മാറി നിന്നതാണ് വലിയ ആശങ്ക കുറച്ചത്. കൂരിയാടിൽ ദേശീയപാതയുടെ തകർച്ചയ്ക്ക് കാരണം മഴ മാത്രമല്ലെന്ന അഭിപ്രായം നിർമ്മാണ മേഖലയിലെ വിദഗ്ദ്ധർ പങ്കുവയ്ക്കുന്നുണ്ട്. പരിസ്ഥിതിയെ അവഗണിച്ചുള്ള അശാസ്‌ത്രീയമായ നിർമ്മാണവും എലിവേറ്റഡ് ഹൈവേ വേണ്ടയിടത്ത് മണ്ണ് നിറച്ചുള്ള ഉയരപ്പാത നിർമ്മിച്ചതും തകർച്ചയ്ക്ക് വഴിയൊരുക്കി. വയലിൽ കളിമണ്ണിന്റെ അംശം കൂടുതലായിരുന്നതിനാൽ പൈലിംഗ് നടത്തിയുള്ള എലിവേറ്റഡ് പാതയാണ് ആവശ്യം. പകരം ആർ.ഇ ബ്ലോക്കുകൾ എന്നറിയപ്പെടുന്ന സിമന്റ് കട്ടകൾ ഉപയോഗിച്ചുള്ള റീട്ടെയിൽ വാൾ നിർമ്മിച്ച് മണ്ണ് നിറച്ചാണ് ആറുവരി പാത നിർമ്മിച്ചത്. സാധാരണ ഒമ്പത് മുതൽ 12 മീറ്റർ വരെ മാത്രമാണ് ആർ.ഇ ബ്ലോക്കുകൾ ഉപയോഗിച്ചുള്ള നിർമ്മാണം. എന്നാൽ കൂരിയാടിൽ പലഭാഗങ്ങളിലും 16 മീറ്ററിന് മുകളിൽ വരെ ഇത്തരത്തിൽ നിർമ്മാണം നടന്നു. ഇത്തരം സാഹചര്യത്തിൽ ഇടവിട്ട് കോൺഗ്രീറ്റ് ബീം നൽകണമെങ്കിലും ഇക്കാര്യം അവഗണിച്ചതും റോഡിന്റെ തകർച്ച വേഗത്തിലാക്കിയതായി ചൂണ്ടിക്കാട്ടുന്നുണ്ട്. വെള്ളം ഒഴുകിപ്പോവാൻ ആവശ്യമായ കലുങ്കുകൾ നിർമ്മിച്ചിട്ടില്ല. മഴയിൽ സർവീസ് റോഡ് വരെ വെള്ളമെത്തിയ സ്ഥിതിയുണ്ട്. സമീപത്ത് പുഴയുടെ ഒഴുക്ക് നിർമ്മാണ പ്രവൃത്തികൾക്കിടെ തടസ്സപ്പെട്ടിരുന്നു. ഇത്തരം സാഹചര്യങ്ങൾ കൂടി പരിഗണിച്ചുള്ള റിപ്പോർട്ടാവും വിദഗ്ദ്ധ സമിതി സമർപ്പിക്കുക എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ഓരോയിടത്തും സ്വീകരിക്കേണ്ട നിർമ്മാണ രീതി തീരുമാനിക്കുന്നത് കരാർ കമ്പനിയാണ്. എൻ.എച്ച് അതോറിറ്റിക്ക് ഇക്കാര്യത്തിൽ കാര്യമായ റോളില്ല. അതേസമയം എലിവേറ്റഡ് പാലം വേണ്ടയിടത്ത് ഇതിന് പകരം റീട്ടെയിൽ വാൾ പാത കരാർ കമ്പനി നിർമ്മിച്ചപ്പോൾ ദേശീയപാത അധികൃതർ തടസ്സവാദം ഉന്നയിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
ബാദ്ധ്യത വരുമോ
നിർമ്മാണ ചെലവിന്റെ 40 ശതമാനം സർക്കാർ വഹിക്കും. ശേഷിക്കുന്ന തുക 15 വർഷത്തെ ടോൾ പിരിവിലൂടെ നിർമ്മാണ കമ്പനിക്ക് നൽകും. ഇക്കാലയളവിൽ അറ്റകുറ്റപ്പണി നടത്തേണ്ടതും കരാർ കമ്പനിയുടെ ചുമതലയാണ്. കൂരിയാടിൽ റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കേണ്ടത് നിർമ്മാണ കമ്പനിയുടെ ഉത്തരവാദിത്വമാണ്. സർക്കാരിന് അധികച്ചെലവ് വരില്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം നിർമ്മാണച്ചെലവ് വർദ്ധിച്ചെന്ന് ചൂണ്ടിക്കാട്ടി പലപ്പോഴും അധിക തുക അനുവദിക്കാൻ കരാർ കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെടാറുണ്ട്. കൂരിയാട്ടെ സാഹചര്യത്തിൽ ഇത്തരമൊരു ആവശ്യം നിർമ്മാണ കമ്പനി ഉയർത്തിയാൽ നഷ്ടം സർക്കാരിനാവും.
അപകടം നടന്ന രാമനാട്ടുകര - വളാഞ്ചേരി റീച്ചിൽ റോഡിന്റെ നിർമ്മാണ പ്രവൃത്തി 97 ശതമാനവും പൂർത്തിയായെന്നാണ് ദേശീയപാത അതോറിറ്റിയുടെ കണക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റീച്ചുകളിൽ രണ്ടും മലപ്പുറത്താണ്. വളാഞ്ചേരി - കാപ്പിരിക്കാട് റീച്ചിൽ 95 ശതമാനത്തിന് മുകളിൽ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ട്രാഫിക് സൂചന ബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കുന്ന അവസാനഘട്ട പ്രവൃത്തികൾ പൂരോഗമിക്കുന്നതിന് ഇടയിലാണ് കൂരിയാടിൽ റോഡ് തകർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |