നെടുമങ്ങാട്: കാറിലെത്തിയ അജ്ഞാത സംഘം ബൈക്ക് യാത്രികരെ ഇടിച്ചിട്ടശേഷം വെട്ടിപ്പരിക്കേൽപ്പിച്ചു.വട്ടിയൂർക്കാവ് സ്വദേശികളായ വിനു,ബിജു എന്നിവർക്കാണ് പരിക്കേറ്റത്.അരുവിക്കര ഇരുമ്പയ്ക്ക് സമീപം വട്ടിയൂർക്കാവ് റോഡിൽ ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ എട്ടിലേറെ കേസുകളിൽ പ്രതിയാണ് വിനു.2008ൽ വട്ടിയൂർക്കാവിലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കേസിന്റെ ഭാഗമായി നെടുമങ്ങാട് കോടതിയിൽ ഹാജരായശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. എതിർദിശയിൽ നിന്ന് കാറിലെത്തിയ സംഘം വടിവാൾ ഉൾപ്പെടെയുള്ള മരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം കടന്നുകളഞ്ഞു.കാലിലും മുഖത്തും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ വിനുവിനെയും ഗുരുതരമായ പരിക്കുകളോടെ ബിജുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.നെടുമങ്ങാട് ഡിവൈ.എസ്.പി ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി തെളിവെടുപ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |