തൃശൂർ: ഗോവ അടക്കമുളള അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമെല്ലാം സ്പിരിറ്റ് വണ്ടികൾ വ്യാപകമായി ജില്ലയിലേക്ക് കടക്കുന്നുണ്ടെങ്കിലും പിടിയിലാവുന്നത് ചുരുക്കം. ഇന്നലെ പിക്കപ്പ് വാനിൽ കടത്തിയ 1575 ലിറ്റർ സ്പിരിറ്റ് എക്‌സൈസ് ഇന്റലിജൻസ് സംഘം പിടികൂടിയ സംഭവം, അതിർത്തികളിലെ പരിശോധന വെറും പ്രഹസനമാകുന്നുവെന്നതിന്റെ തെളിവായി. ഏതാനും മാസങ്ങൾ മുൻപ് ഗോവയിൽ നിന്നും തൃശൂരിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്പിരിറ്റ് ശേഖരം മലപ്പുറം താനൂരിൽ പിടികൂടിയിരുന്നു. മൈദച്ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞവർഷം പാലിയേക്കരയിലും വൻ സ്പിരിറ്റ് വേട്ടയായിരുന്നു. കരിക്കെന്ന വ്യാജേന പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച 50 കന്നാസ് സ്പിരിറ്റാണ് എക്‌സൈസ് പിടികൂടിയത്. പാലിയേക്കര ടോൾപാസയ്ക്ക് സമീപം നടന്ന വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അന്ന് സംഘം കുടുങ്ങിയത്. തൃശൂരിന്റെ മലയോരമേഖലകളും തീരദേശങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് സ്പിരിറ്റ് മാഫിയകൾ വ്യാപകമാകുന്നുവെന്നാണ് അടുത്ത കാലത്തെ സ്പിരിറ്റ് വേട്ടകൾ വ്യക്തമാക്കുന്നത്.
പിക്കപ്പ് വാൻ അഥവാ സ്പിരിറ്റ് വാൻ
ഭൂരിഭാഗം സ്പിരിറ്റ് കേസുകളും പിടിക്കുന്നത് പിക്കപ്പ് വാനുകളിൽ നിന്നാണ്. എന്നിട്ടും പിക്കപ്പ് വാനുകൾ എളുപ്പത്തിൽ അതിർത്തികളിലെ ചെക്ക് പോസ്റ്റുകൾ കടക്കുന്നുമുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ രണ്ട് പിക്കപ്പ് വാനുകളിൽ നിന്നും ഒരു കാലിത്തീറ്റ ഗോഡൗണിൽ നിന്നുമായി 14,883 ലിറ്റർ സ്പിരിറ്റാണ് തൃശൂരിലെ എക്‌സൈസ് പിടിച്ചെടുത്തത്. തൃശൂർ ഒല്ലൂക്കരയിൽ സംശയാസ്പദമായി ഒരു പിക്കപ്പ് വാൻ തടഞ്ഞപ്പോഴായിരുന്നു ആദ്യ പിടികൂടൽ. പരിശോധനയിൽ എക്‌സൈസ് സംഘം 40 കണ്ടെയ്‌നറുകളിലായി സൂക്ഷിച്ചിരുന്ന 1,320 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. ചെമ്പൂത്രയിലെ ഒരു കാലിത്തീറ്റ ഗോഡൗണിൽ റെയ്ഡ് നടത്തിയപ്പോൾ, സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഒരു പിക്കപ്പ് വാനിൽ നിന്ന് 330 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ മാർച്ചിൽ പൊലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചത് അറിഞ്ഞ് ഒല്ലൂരിൽ ജീപ്പ് ഡ്രൈവർ ജീവനൊടുക്കിയിരുന്നു.
കുരിയച്ചിറയിൽ നിന്ന് പിടിച്ചെടുത്ത സ്പിരിറ്റിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. വ്യാപക വാഹന പരിശോധനകൾ ഇനിയും തുടരും.
-സുഭാഷ്,
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |