കൊല്ലം: കൊല്ലം പോർട്ടിന്റെ ആഴം കൂട്ടാനുള്ള ക്യാപ്പിറ്റൽ ഡ്രഡ്ജിജിംഗ്, വാർഫുകളുടെ നീളം വർദ്ധിപ്പിക്കൽ എന്നിവയ്ക്കുള്ള സാമൂഹ്യാഘാത പഠനത്തിന് തിരുവനന്തപുരത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർഡിസിപ്ലിനറി സ്റ്റഡീസിനെ കേരള മാരിടൈം ബോർഡ് ചുമതലപ്പെടുത്തി.
പഠനറിപ്പോർട്ട് ലഭിച്ച ശേഷം വിശദരൂപരേഖ തയ്യാറാക്കി സാഗർമാല പദ്ധതിയിൽ നിന്നുള്ള സഹായത്തിന് കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ആഴം 10 മീറ്ററായി വർദ്ധിപ്പിക്കാനാണ് പഠനം. നേരത്തെ 7.2 മീറ്റർ വരെ ഡ്രാഫ്ടുള്ള (ജലോപരിതലത്തിൽ നിന്ന് താഴേക്കുള്ള ഭാഗം) കപ്പലുകൾ അടുപ്പിക്കാനുള്ള ആഴമുണ്ടായിരുന്നു. ഡ്രഡ്ജിംഗ് നടത്തി മണ്ണ് നീക്കാഞ്ഞതിനാൽ വേലിയേറ്റ സമയത്ത് 6.2 മീറ്റർ വരെയും സാധാരണ സമയങ്ങളിൽ 5.6 മീറ്റർ വരെയും ഡ്രാഫ്ടുള്ള കപ്പലുകൾ അടുപ്പിക്കാനുള്ള അനുമതിയേ ഇപ്പോഴുള്ളു.
പോർട്ടിൽ ഇപ്പോൾ 178, 175 മീറ്റർ വീതമുള്ള രണ്ട് വാർഫുകളുണ്ട്. കൂടുതൽ നീളമുള്ള കപ്പലുകൾ അടുപ്പിക്കാൻ കഴിയാത്ത തരത്തിൽ രണ്ട് വാർഫുകളും കയറിയിറങ്ങിയാണ് നിൽക്കുന്നത്. ഈ വാർഫുകളെ ബന്ധിപ്പിച്ച് നീളം 300 മീറ്ററായി വർദ്ധിപ്പിക്കലാണ് രണ്ടാമത്തെ പദ്ധതി.
വലിയ കപ്പലുകൾ അടുപ്പിക്കാം
നേരത്തെയുള്ള ആഴം 7 മീറ്റർ
ഇപ്പോൾ ആഴത്തിൽ ഇടിവ്
ആഴം 10 മീറ്ററാക്കാൻ പദ്ധതി
സാഗർമാലയ്ക്ക് പദ്ധതി സമർപ്പിക്കും
അംഗീകരിച്ചാൽ പകുതി സഹായം
ബാക്കി തുക സംസ്ഥാനം വഹിക്കണം
പ്രതീക്ഷിക്കുന്ന ചെലവ്
₹ 200 കോടി
പോർട്ടിന്റെ ആഴം കൂട്ടാനും വാർഫിന്റെ നീളം കൂട്ടാനുമുള്ള സാമൂഹ്യാഘാത പഠനത്തിന് കേരള മാരിടൈം ബോർഡ് കേന്ദ്ര സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തി. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്താനാണ് പദ്ധതി തയ്യാറാക്കിയത്. വൻ മുതൽ മുടക്കുണ്ട്. അതുകൊണ്ട് തന്നെ കപ്പലുകൾ എത്താനുള്ള സാദ്ധ്യത കൂടി പരിശോധിച്ച ശേഷമേ അന്തിമ നടപടികളിലേക്ക് നീങ്ങൂ.
എൻ.എസ്.പിള്ള, കേരള മാരിടൈം ബോർഡ് ചെയർമാൻ
ഓയിൽ ഇന്ത്യക്ക് മാരിടൈം ബോർഡിന്റെ കത്ത്:
'കൊച്ചിയിലേക്ക് പോയാൽ വൻ നഷ്ടം'
ഇന്ധന പര്യവേക്ഷണത്തിന്റെ തീരസേവനം കൊച്ചി പോർട്ടിലേക്ക് മാറ്റിയാൽ ഓയിൽ ഇന്ത്യക്ക് വൻ നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള ഓയിൽ ഇന്ത്യ ചെയർമാന് കത്ത് നൽകി. ടെണ്ടറിൽ ഭേദഗതി വരുത്തി തീരസേവനം കൊച്ചിയിലേക്ക് കടത്താനുള്ള നീക്കം ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ഇടപെടൽ.
ഇന്ധനപര്യവേക്ഷണം നടക്കുന്ന സ്ഥലത്തേക്ക് കൊല്ലം പോർട്ടിൽ നിന്ന് 45 കിലോ മീറ്റർ അകലമേയുള്ളു. എന്നാൽ കൊച്ചി പോർട്ടിൽ നിന്ന് കൂടുതൽ ദൂരമുണ്ട്. പര്യവേക്ഷണത്തിനിടെ കപ്പലുകൾക്കും ബാർജുകൾക്കും നിരന്തരം പോർട്ടിലേക്ക് സഞ്ചരിക്കേണ്ടിവരും. തീരസേവനത്തിനുള്ള കരാറിൽ പങ്കെടുക്കുന്നതിന് കൊല്ലം പോർട്ട് സന്ദർശിച്ച ഏജൻസികൾക്ക് എല്ലാവിധ സഹായവും കേരള മാരിടൈം ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മാരിടൈം ബോർഡ് ചെയർമാന്റെ കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |