കടയ്‌ക്കൽ : പാങ്ങലുകാട് ഭാഗത്ത് അനധികൃത മദ്യവിൽപ്പന വ്യാപകമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ബീവറേജസ് ഔട്ട് ലെറ്റിൽ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് ഉയർന്ന വിലയിൽ വിൽക്കുന്നതായാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികൾക്ക് വാങ്ങാൻ പോകുന്നതിനുള്ള ദൂരക്കൂടുതലും സമയകുറവും കണക്കിലെടുത്താണ് വിൽപ്പന. പിരിവെടുത്ത് വാങ്ങുന്ന മദ്യം മാർജിൻ നൽകി വാങ്ങുന്നവർ ഒരുമിച്ച് കുടിച്ച ശേഷം തർക്കവും തെറിവിളിയും പതിവാണെന്നാണ് ആക്ഷേപം. വിൽപ്പനക്കാർ ചില ഘട്ടങ്ങളിൽ ചില്ലറയായി ഒഴിച്ച് നൽകുന്നതായും പരാതിയുണ്ട്. അങ്കണവാടിക്ക് 50 മീറ്റർ അകലെയാണ് മദ്യവിൽപ്പന നടത്തുന്നത്. നിരോധിത ലഹരി വസ്‌തുക്കളുടെയും കഞ്ചാവിന്റെയും ഉപയോഗവും ഇവിടെ നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
ഡ്രൈ ഡേകളിൽ കച്ചവടം കുറെ കൂടി ഉഷാറാകാറുണ്ട്.ചടയമംഗലം റേഞ്ച് എക്‌സൈസ് വല്ലപ്പോഴും പരിശോധന നടത്താറുണ്ട്. എന്നാൽ മദ്യപിച്ച് റോഡരികിൽ ഇരുന്ന ആളെ നേരത്തെ പൊലീസ് അകാരണമായി കസ്‌റ്റഡിയിലെടുത്തത് നാട്ടുകാരുടെ എതിർപ്പിന് കാരണമായതിനെ തുടർന്ന് പൊലീസ് നിലവിൽ പ്രശ്‌നങ്ങളിൽ ഇടപെടാറില്ല.
പരസ്യ മദ്യപാനം വ്യാപകമായതോടെ പ്രദേശത്തെ കാലിക്കുപ്പികളുടെ കൂമ്പാരം നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |