കോട്ടയം: മലയോരത്ത് കാട്ടാന ശല്യം രൂക്ഷമായതിന് കാരണം കണ്ടെത്തി വനംവകുപ്പ്. ചക്കപ്പഴം ഭക്ഷിക്കാൻ മണം പിടിച്ച് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നതാണ് ആക്രമണം കൂടുന്നതിന്റെ പ്രധാന കാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
വനത്തിനോടു ചേർന്ന കൃഷി ഭൂമികളിലെ ചക്ക പഴുക്കുന്നതോടെയാണ് ആനവരുന്നതത്രേ. എന്നാൽ ചക്ക സീസണല്ലാത്തപ്പോഴും വനാതിർത്തികളിൽ കാട്ടാന ശല്യത്തിന് കുറവില്ലെന്നതാണ് വസ്‌തുത. പഴുക്കും മുൻപ് ചക്ക പ്ലാവിൽ നിന്നു നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നാണ് ആവശ്യം. ചക്ക പഴക്കുന്നതിനു മുൻപേ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതു പ്രോൽസാഹിപ്പിക്കണമെന്നും നിർദ്ദേമുണ്ട്. പൈനാപ്പിൾ, മാങ്ങ എന്നിവയുടെയും മണം പിടിച്ച് കാട്ടാനകളെത്താറുണ്ട്.
പദ്ധതികൾ പാതിവഴിയിൽ
നേരത്തെ വേനലിൽ മാത്രം നാട്ടിലിറങ്ങിയിരുന്ന കാട്ടാനകൾ ഇപ്പോൾ മഴക്കാലത്ത് ഉൾപ്പെടെ ഇറങ്ങുന്നുണ്ട്. വന്യമൃഗങ്ങൾക്കായി വേനൽക്കാലത്തു കൃത്രിമ തടയണകളും മറ്റും നിർമിച്ചു വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനുള്ള പദ്ധതികൾ ഇഴയുകയാണ്. കാട്ടുപന്നിശല്യം തടയാൻ പഞ്ചായത്തുകൾക്ക് വനംവകുപ്പ് സഹായം എത്തിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
ഹോട്സ്‌പോട്ടുകൾ
വനാതിർത്തികളിൽ ആനയുൾപ്പെടെയുള്ളവയുടെ ശല്യമേറുമ്പോൾ വനാതിർത്തികളല്ലാത്ത സ്ഥലങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യവും രൂക്ഷമാണ് . കാട്ടുപന്നികളുടെ സാന്നിദ്ധ്യം ജില്ലയിലെ 50 ശതമാനം പഞ്ചായത്തുകളിലുമുണ്ട്. കുരങ്ങ്, മലയണ്ണാൻ അടക്കമുള്ളവയുടെ ശല്യം വേറെയും. വന്യമൃഗ ശല്യം കൂടുതലായ സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്കൂടി പ്രവർത്തനം ഊർജ്ജിതമാക്കണമെന്നാണ് വനംവകുപ്പിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |